പ്രൗഡഗംഭീരമായ വേദിയില്‍ കേരളീയം 2023 ന് തിരുവനന്തപുരത്ത് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഥമ കേരളീയം വാരാഘോഷം ഉദ്ഘാടനം ചെയ്തു. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന തുടങ്ങിയ സിനിമാ താരങ്ങളും വ്യവസായികളായ എംഎ യൂസഫലി, രവി പിള്ള, വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
കേരളം ആര്‍ക്കും പിന്നിലല്ലെന്ന ആത്മാഭിമാനത്തിന്റെ പതാക ഉയര്‍ത്താന്‍ മലയാളികള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. തനത് കലാ രംഗം മുതല്‍ ഐടി വരെ, മത്സ്യോത്പാദനം മുതല്‍ ടൂറിസം വരെ കേരളത്തില്‍ വലിയ സാധ്യതകള്‍ നിലനില്‍ക്കുന്നു. ഭൂപരിഷ്കരണം, വിദ്യാഭ്യാസം, ആരോഗ്യം, ജനകീയ വത്കരണം വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയാണ്. എന്നാല്‍ ഈ നേട്ടങ്ങളും സാധ്യതകളും അഹര്‍ഹിക്കുന്ന തരത്തില്‍ ലോകം തിരിച്ചറിഞ്ഞിട്ടില്ല. കേരളം ലോകത്തിന് ഒപ്പം സഞ്ചരിക്കുന്നു എന്ന യാഥാര്‍ഥ്യം ലോകത്തെ അറിയിക്കുക എന്നതാണ് കേരളീയത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയാണ് കേരളീയം വാരോഘോഷം നിശ്ചയിച്ചിരിക്കുന്നത്. കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെയുള്ള 42 വേദികളിലായി നടക്കുന്ന പരിപാടികളില്‍ ഭാവി കേരളത്തെ രൂപപ്പെടുത്താനായുള്ള സെമിനാറുകള്‍, എക്‌സിബിഷനുകള്‍, ഭക്ഷ്യമേളകള്‍, കലാപരിപാടികള്‍ എന്നിവ നടക്കും.
ഓണ്‍ലൈന്‍ - ഓഫ്‌ലൈന്‍ രീതികള്‍ സംയോജിപ്പിച്ചു നടത്തുന്ന 25 സെമിനാറുകളിലായി ഇരുനൂറിലധികം ദേശീയ-അന്തര്‍ദേശീയ പ്രഭാഷകര്‍ പങ്കെടുക്കും. ദിവസവും വൈകിട്ട് 6 മണി മുതല്‍ കലാപരിപാടികള്‍ ഉണ്ടാകും. 30 വേദികളിലായി 300 കലാപരിപാടികളിലായി നാലായിരത്തിലേറെ കലാകാരന്‍മാരും കേരളീയം വാരാഘോഷത്തിന്റെ ഭാഗമാവും.