സംസ്ഥാനത്തെ റേഷൻ കടകളുടെ മുഖച്ഛായ മാറ്റുന്ന കെ സ്റ്റോർ പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 10,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾ അടക്കമുള്ള സൗകര്യമടക്കം മിൽമയുടെയും ശബരിയുടെയും ഉത്പന്നങ്ങളും മിനി എൽപിജി സിലിണ്ടറും കെ സ്റ്റോറിൽ ലഭ്യമാകും. ഭക്ഷ്യചോർച്ച തടയാൻ 10 കോടി രൂപയുടെ പദ്ധതി നടപ്പാക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
108 കെ-സ്റ്റോറുകളാണ് ആദ്യഘട്ടത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളെയും കെ-സ്റ്റോറുകളാക്കി പരിഷ്ക്കരിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഗുണമേന്മയുള്ള ഭക്ഷ്യ സാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലൂടെ പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾക്ക് ഉതകുംവിധം മാറ്റിയെടുക്കാനാണ് കെ-സ്റ്റോർ എന്ന കേരള സ്റ്റോർ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്നും ജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാകുന്നതോടൊപ്പം റേഷൻ വ്യാപാരികൾക്ക് അധിക വരുമാനവും ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതിയാണ് കെ സ്റ്റോർ. സംസ്ഥാനത്തെ റേഷൻ കടകളെ അടിമുടി സ്മാർട്ടാക്കുക എന്ന ലക്ഷ്യത്തോടെ നൂറുദിന കര്‍മ പദ്ധതികളിലുള്‍പ്പെടുത്തിയായിരുന്നു കെ സ്റ്റോർ പ്രഖ്യാപനം. 2022 മേയ് 20ന് ആദ്യ കെ-സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുമെന്ന പ്രഖ്യാപനം പിന്നീട് പല കാരണങ്ങളാല്‍ നീണ്ട് പോകുകയായിരുന്നു.