മാധ്യമസ്വാതന്ത്ര്യത്തെ വിലക്കുന്നതോ നിയന്ത്രിക്കുന്നതോ ആയ നടപടികൾ എൽഡിഎഫ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിൽ നടന്ന റെയ്‌ഡിനെ കുറിച്ചും എസ് എഫ് ഐയുടെ പ്രതിഷേധത്തെയും സംബന്ധിച്ച് അടിയന്തര പ്രമേയ നേട്ടീസിന് അനുമതി തേടി പിസി വിഷ്ണുനാഥ് എംഎൽഎ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വ്യാജ വീഡിയോ നിർമിക്കുന്നത് മാധ്യമപ്രവർത്തനത്തിന്റെ ഭാഗമല്ല. അങ്ങനെ ചെയ്ത ശേഷം മാധ്യമസ്വാതന്ത്ര്യത്തിന് പരിരക്ഷ വേണമെന്ന് പറയാൻ കഴിയില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
കേരളത്തിലെ പൊതുവിദ്യാലയങ്ങൾ മയക്കുമരുന്നിന്റെ പിടിയിലാണെന്ന തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോയാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പുറത്തുവിട്ടത്.
കേരളത്തിലെ പൊതുവിദ്യാലയങ്ങൾ മയക്കുമരുന്നിന്റെ പിടിയിലാണെന്ന തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോയാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പുറത്തുവിട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്കൂൾ യൂണിഫോമിൽ അവതരിപ്പിച്ച് കൊണ്ട് വീഡിയോ സംപ്രേഷണം ചെയ്തു. ഇത് സത്യവിരുദ്ധമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒരു കുട്ടിക്കെതിരായ കുറ്റകൃത്യം മാത്രമല്ല സമൂഹത്തിനു നേരെയുള്ള അപരാധമാണ് ഇവിടെ നടന്നിരിക്കുന്നത്. അതിനെ അപലപിക്കാന്‍ മാധ്യമപ്രവര്‍ത്തകരും സാമൂഹ്യരംഗങ്ങളിലെ പ്രമുഖരും സാധാരണ ജനങ്ങളും തയ്യാറായിട്ടുണ്ട്. എന്തുകൊണ്ടാണ് ആ കുറ്റകൃത്യത്തെക്കുറിച്ച്, അഥവാ ആ പരാതിയെക്കുറിച്ച് പ്രതിപക്ഷം മൗനം പാലിക്കുന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇത്തരം ദുഷിപ്പുകൾ മാധ്യമരംഗത്ത് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം മാധ്യമപ്രവർത്തകരും."വ്യാജ വീഡിയോ ഉണ്ടാക്കാൻ പെൺകുട്ടികളെ ദുരുപയോഗം ചെയ്തിട്ട് മാധ്യമസ്വാതന്ത്ര്യത്തിൻ്റെ പരിരക്ഷയ്ക്ക് വേണ്ടി വാദിക്കുകയാണ് ഏഷ്യാനെറ്റ്" മുഖ്യമന്ത്രി പറഞ്ഞു. വാർത്ത സംപ്രേഷണ പരിപാടിക്കിടെ ഒരാളെ കൊന്നിട്ട് അത് മാധ്യമപ്രവർത്തനത്തിന്റെ ഭാഗമാണെന്ന് പറയാൻ സാധിക്കുമോ എന്നും പിണറായി ചോദിച്ചു. കഴിഞ്ഞ ദിവസം നടന്ന ഏഷ്യാനെറ്റ് ന്യൂസ് റെയ്‌ഡിനെ ബിബിസിക്കെതിരായ നടപടിയുമായി താരതമ്യപ്പെടുത്താൻ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ഏഷ്യാനെറ്റിലെ റെയ്ഡ് പ്രതികാര നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
സർക്കാരിനെതിരെയുള്ള വാർത്തകളുടെ പേരിൽ പ്രതികാര നടപടികൾ ഇതുവരെയും ഉണ്ടായിട്ടില്ല.
സ്വതന്ത്രവും നിർഭയവുമായ മാധ്യമപ്രവർത്തനത്തിന് എല്ലാ പരിരക്ഷയും ഉണ്ടാകും. സർക്കാരിനെതിരെയുള്ള വാർത്തകളുടെ പേരിൽ പ്രതികാര നടപടികൾ ഇതുവരെയും ഉണ്ടായിട്ടില്ല. എന്നാൽ ഏഷ്യാനെറ്റിൻ്റെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. എസ്എഫ് ഐയുടെ ഭാഗത്ത് നിന്ന് അക്രമപ്രവർത്തനം ഉണ്ടായിട്ടുണ്ടോ എന്നതാണ് ചോദ്യം. പ്രതിഷേധം സമാധാനപരമായിരുന്നു എന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കുന്നത്.എന്നിരുന്നാലും അവർക്കതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യം എന്നത് അസത്യം അറിയിക്കാനുള്ള സ്വാതന്ത്ര്യമല്ല, വായനക്കാരന് സത്യം അറിയാനുള്ള സ്വാതന്ത്ര്യമാണ്. അത് സർക്കാർ സംരക്ഷിക്കും. എതിരഭിപ്രായമെഴുതുന്ന മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കുന്നത് കോൺഗ്രസിന്റെയും ബിജെപിയുടെയും രീതിയാണ്. അതാണ് അടിയന്തരാവസ്ഥ കാലത്ത് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.