KERALA

പര്‍വതീകരിച്ച നുണകള്‍ക്ക് സംസാരിക്കുന്ന കണക്കുകള്‍ മറുപടി; നികുതി കുറയ്ക്കാന്‍ ഉദ്ദേശമില്ലെന്ന് മുഖ്യമന്ത്രി

കടം കേരളത്തില്‍ മാത്രമല്ലെന്ന് മുഖ്യമന്ത്രി

വെബ് ഡെസ്ക്

സംസ്ഥാന ബജറ്റില്‍ മുന്നോട്ട് വച്ച നികുതി നിര്‍ദേശങ്ങളെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് സാഹചര്യത്തിലാണ് കേരളത്തില്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തേണ്ടി വന്നതെന്ന് ഇതിനകം സഭയില്‍ കൃത്യമായി വിശദീകരിച്ചതാണെന്നും മുഖ്യമന്ത്രി കണക്കുകള്‍ നിരത്തി സ്ഥാപിച്ചു. വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സംസ്ഥാന ബജറ്റ് സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി നിയമസഭയില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ ധനസ്ഥിതിയെക്കുറിച്ച് ബജറ്റ് അവതരണത്തിനു മുമ്പ് വ്യാപകമായി തെറ്റായ ചില കാര്യങ്ങള്‍ നാട്ടില്‍ ചിലര്‍ പ്രചരിപ്പിക്കുകയാണ്. കേരളം കടക്കെണിയിലാണെന്നും ഇവിടെ ധന ധൂര്‍ത്താണെന്നും പ്രതിപക്ഷവും മാധ്യമങ്ങളില്‍ ഒരു വിഭാഗവും പ്രചരണം നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വരുമാനത്തിന്റെ 38.51 ശതമാനമായിരുന്നു കടം. ആ കടം 2021-22 ല്‍ 37.01 ശതമാനമായി കുറഞ്ഞു. 1.5 ശതമാനത്തിന്റെ കുറവ്. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഇത് 36.38 ശതമാനമാണ്. 2022-23 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടം- ആഭ്യന്തര വരുമാനം 36.05 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. അതായത്, 2020-21 മുതല്‍ 2023-24 വരെയുള്ള നാലുവര്‍ഷക്കാലയളവില്‍ 2.46 ശതമാനം കുറവാണ് കടം ആഭ്യന്തര വരുമാനം അനുപാതത്തിലുണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ധന സെസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ധന സെസിന് എതിരെ കോണ്‍ഗ്രസും ബിജെപിയും സമരത്തില്‍. പെട്രോള്‍ ഡീസല്‍ വില നിർണയിക്കാനുള്ള അവകാശം കുത്തകകള്‍ക്ക് നല്‍കിയവര്‍ തന്നെ സമരം ചെയ്യുന്നു.

ജനങ്ങളെ പിഴിഞ്ഞു മുന്നോട്ട് പോയവരാണ് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസുകാര്‍

എണ്ണക്കമ്പനികളെ പ്രീണിപ്പിച്ചും, ജനങ്ങളെ പിഴിഞ്ഞു മുന്നോട്ട് പോയവരാണ് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസുകാര്‍. യുഡിഎഫ് സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചത് ചൂണ്ടിക്കാട്ടി വിമര്‍ശനം.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തെറ്റായ പ്രചരണം

കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തെറ്റായ പ്രചരണം നടക്കുന്നു. സംസ്ഥാനത്ത് അതിഭയങ്കര ധൂര്‍ത്തെന്നും വ്യാജ പ്രചരണം. സംസ്ഥാനത്തിന്റെ കടം 1.5 ശതമാനം കുറഞ്ഞു. 2020-21 സാമ്പത്തിക വർഷം ആഭ്യന്തര വരുമാനത്തിൻ്റെ 38.51 ശതമാനമായിരുന്നു കടം. 2021-22 ൽ ഇത് 37.01 ആയി കുറഞ്ഞു. 2022-23ൽ കടം 36.38 ആയി കുറഞ്ഞുവെന്നും മുഖ്യമന്ത്രി.

പ്രതിഷേധങ്ങള്‍ ജനം തള്ളിക്കളയും

സംസ്ഥാനത്ത് നടക്കുന്നത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള സമര കോലാഹലമാണ്. ഈ പ്രതിഷേധങ്ങള്‍ ജനം തള്ളിക്കളയും.

സംസ്ഥാനത്തിന്റെ വരുമാന വർധന

കണക്കുകൾ കടക്കെണിയുടെ ലക്ഷണമല്ല. സംസ്ഥാനത്തിന് വരുമാന വർധനയുണ്ടായിട്ടുണ്ട്. വാർഷിക വളർച്ചാ നിരക്ക് 20 ശതമാനത്തിൽ കൂടുതലായി. 2021-22 ൽ 22.41 ശതമാനം വർധനയാണ് ഉണ്ടായത്. ജിഎസ്ടി വരുമാനം പ്രതീക്ഷിക്കുന്നത് 21.11 ശതമാനമാണ്.

വായ്പാപരിധി കുറച്ചത് പ്രതിസന്ധിയായി

വാർഷിക വായ്പാ പരിധി യുക്തിരഹിതമായി കേന്ദ്രം വെട്ടിക്കുറച്ചു. ഇത് പ്രതിസന്ധിയായി. കിഫ്ബി പോലുള്ള സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ സംസ്ഥാനം എടുക്കുന്ന കടമായി കേന്ദ്രം പ്രഖ്യാപിച്ചു.

വികസന ചെലവ് ധൂര്‍ത്തല്ല

വികസന ചെലവിനെ ധൂര്‍ത്തായി ചിത്രീകരിക്കുന്നത് ശരിയല്ല. നാടിന്റെ വികസനത്തിന് ആവശ്യമായ പണമാണ് ചെലവഴിച്ചത്. സങ്കുചിത താത്പ്പര്യമുള്ളവരാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍.

ശമ്പളവും പെൻഷനും നൽകാൻ കടമെടുക്കുന്നു എന്നത് വ്യാജപ്രചാരണം

ശമ്പളവും പെൻഷനും നൽകാൻ കടമെടുക്കുന്നു എന്ന പ്രചാരണം നടത്തുന്നു. വരുമാനത്തിൽ നിന്ന് തന്നെയാണ് ശമ്പളവും പെൻഷനും പലിശയും നൽകുന്നത്. 2021-22ല്‍ മൊത്തം റവന്യു വരുമാനത്തിന്റെ 61.21 % ഇതിനായി ചെലവഴിച്ചു. 2022-23 ൽ 50.34 ശതമാനവും 2023 - 24 ൽ 50.44 ഇതിനായി വിനിയോഗിക്കും.

മന്ത്രിമാര്‍ ധൂര്‍ത്ത് നടത്തുന്നുവെന്ന് വ്യാജ പ്രചാരണം

മന്ത്രിമാര്‍ ധൂര്‍ത്ത് നടത്തുന്നുവെന്ന് വ്യാജ പ്രചാരണം നടക്കുന്നു. ഒരു ധൂർത്തും കണക്ക് തെളിയിക്കുന്നില്ല. മന്ത്രിസഭാംഗങ്ങളുടെ ചിലവ് നാമമാത്രമാണ്. 2023 - 24 ലെ ബജറ്റ് പ്രകാരം റവന്യൂ ചെലവിന്റെ എസ്റ്റിമേറ്റ് 1.59 ലക്ഷം കോടിയാണ്. ബജറ്റ് എസ്റ്റിമേറ്റിന്റെ 0.0087 ശതമാനം മാത്രമാണിത്.

കേന്ദ്രം ഗ്രാന്റുകൾ നൽകിയിട്ടില്ല

1,100 കോടി രൂപയുടെ ഗ്രാന്റുകൾ കേന്ദ്രം നൽകിയിട്ടില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റുകൾ നൽകുന്നതിൽ കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്തി. 2021-22 ൽ കേന്ദ്ര നികുതി വിഹിതം 17,820 കോടിയായിരുന്നു. 2022-23ൽ ഇത് 17, 784 കോടിയായി കുറഞ്ഞു.

കിഫ്ബി അപ്രസക്തമായി എന്ന ആരോപണം അസംബന്ധം

കിഫ്ബി അപ്രസക്തമായി എന്ന ആരോപണം അസംബന്ധമാണ്. കിഫ്ബിയോട് ഇത്രയും അസഹിഷ്ണുത എന്തിനാണ്. മലർപ്പൊടിക്കാരന്റെ സ്വപ്നം എന്ന് പറഞ്ഞായിരുന്നു പദ്ധതിയെ പരിഹസിച്ചിരുന്നത്. പ്രാദേശിക സാമ്പത്തിക സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നതാണ് ഈ കേന്ദ്ര സമീപനം.

നാടിന് വേണ്ടി ഒരുമിച്ച് നിൽക്കാൻ പ്രതിപക്ഷം തയ്യാറാകണം

ബജറ്റിനെ പ്രതിപക്ഷം നശീകരണ സ്വഭാവത്തോടെ എതിര്‍ക്കുന്നു. ബജറ്റിൽ ഒരു മേഖലയെയും ഒഴിവാക്കിയിട്ടില്ല. നാം കാലിടറി പോകരുത് എന്നത് സർക്കാരിന് നിർബന്ധമുണ്ട്. ഇത് മനസ്സിലാക്കി നാടിന് വേണ്ടി ഒരുമിച്ച് നിൽക്കാൻ പ്രതിപക്ഷം തയ്യാറാകണം.

മൂന്നാം 100 ദിന കർമ്മ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

രണ്ടാം എല്‍ഡിഎഫ് സർക്കാരിന്റെ മൂന്നാം 100 ദിന കർമ്മ പരിപാടി നാളെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. 15,896 കോടി 3 ലക്ഷം രൂപ ചെലവഴിച്ച് 1284 പദ്ധതികള്‍ പൂർത്തിയാക്കും. 4 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ലൈഫ് പദ്ധതി വഴി 20000 വ്യക്തിഗത ഭവനങ്ങള്‍ നല്‍കും.

ഇന്ധനവും മദ്യവും ആശ്രയം

സര്‍ക്കാരിന് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഇന്ധനവും മദ്യവുമാണ് ആശ്രയം. ഇതല്ലാതെ വേറെ വഴിയില്ലെന്നും മുഖ്യമന്ത്രി.

വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം, പാലക്കാട് കൃഷ്ണകുമാറും ചേലക്കരയില്‍ പ്രദീപും മുന്നേറുന്നു | Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ