KERALA

'പുരോഹിതര്‍ക്കിടയിലും വിവരദോഷികള്‍', ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ വിമര്‍ശത്തിന് മുഖ്യമന്ത്രിയുടെ മറുപടി

വെബ് ഡെസ്ക്

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തെയും സിപിഎമ്മിനെയും വിമര്‍ശിച്ച യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് കൂറിലോസിനെതിരെ കടുത്ത ഭാഷയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഹിതരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകും, എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കേരള സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രളയം ഉണ്ടായതാണ് തുടര്‍ഭരണത്തിന് കാരണമെന്ന് ഒരു പുരോഹിതന്‍ എഴുതിയത് കണ്ടു. വീണ്ടുമൊരു പ്രളയം വരട്ടെ എന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂറിലോസ് തിരുമേനി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന സഭയുടെ നിലപാടോ അഭിപ്രായമോ അല്ലെന്ന് യാക്കോബായ സുറിയാനി സഭ

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പരാമര്‍ശത്തെ തള്ളി യാക്കോബായ സുറിയാനി സഭ രംഗത്തെത്തി. സഭയിലെ ഔദ്യോഗിക ചുമതലകളില്‍ നിന്നും വിരമിച്ച ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന സഭയുടെ നിലപാടോ അഭിപ്രായമോ അല്ല എന്നും, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് എന്നുമാണ് വിശദീകരണം. പത്രക്കുറിപ്പിലാണ് യാക്കോബായ സുറിയാനി സഭ പ്രതികരിച്ചത്. യാക്കോബായ സുറിയാനി സഭയുടെ പ്രസ്താവനകളോ, പ്രതികരണങ്ങളോ, നിലപാടുകളോ വ്യക്തമാക്കുവാന്‍ മലങ്കര മെത്രാപ്പോലീത്തായ്ക്കും, സഭാ ഭാരവാഹികള്‍ക്കും മാത്രമെ ഉത്തരവാദിത്വമുള്ളു എന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയില്‍ നിന്ന് സിപിഎമ്മും ഇടതു കക്ഷികളും പാഠം പഠിക്കണമെന്നും അല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമായിരിക്കും കാത്തിരിക്കുന്നതെന്നുമായിരുന്നു യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചത്. തിരിച്ചടികള്‍ എന്തുകൊണ്ടാണെന്നു സിപിഎമ്മും ഇടതു കക്ഷികളും മനസിലാക്കണമെന്നും അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടിയത്.

''ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് ഉണ്ടായ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് നിലവിലുള്ള അതിശക്തമായ ഭരണവിരുദ്ധ വികാരമാണ്. സിപിഎം എത്ര നിഷേധിക്കാന്‍ ശ്രമിച്ചാലും അത് ഒരു യാഥാര്‍ത്ഥ്യമാണ്. സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കമില്ലായ്മ, ധൂര്‍ത്ത്, വളരെ മോശമായ പോലീസ് നയങ്ങള്‍, മാധ്യമ വേട്ട, സഹകരണ ബാങ്കുകളില്‍ ഉള്‍പ്പെടെ നടന്ന അഴിമതികള്‍, പെന്‍ഷന്‍ മുടങ്ങിയത് അടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങള്‍, വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐയുടെ അക്രമാസക്ത രാഷ്ട്രീയം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, മത -സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങള്‍, വലതുവല്‍ക്കരണ നയങ്ങള്‍, തുടങ്ങിയ നിരവധി കാരണങ്ങള്‍ ഈ തോല്‍വിക്ക് നിദാനം ആണ്''- എന്നായിരുന്നു കൂറിലോസിന്റെ കുറിപ്പ്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം