സിഎഎ വിഷയത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ കോൺഗ്രസ് ആത്മാർത്ഥമായ നിലപാട് എടുത്തില്ലെന്നും പ്രതിഷേധങ്ങളിൽ ആദ്യം പങ്കെടുത്തവർ പിന്നീട് പിറകോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് ദേശീയ തലത്തിൽ നിലപാട് ഉണ്ടോയെന്ന് ചോദിച്ച അദ്ദേഹം അധ്യക്ഷനോ പ്രധാന നേതാക്കളോ ഒരു നിലപാടും വിഷയത്തിൽ എടുത്തില്ല എന്നും കുറ്റപ്പെടുത്തി. പൗരത്വ സംരക്ഷണ റാലിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
"തുടക്കത്തിൽ സിഎഎ യിൽ യോജിച്ച് പ്രക്ഷോഭത്തിന് തയ്യാറായവർ പിന്നീട് പിന്മാറുകയാണുണ്ടായത്. കോൺഗ്രസ് ആത്മാർത്ഥമായ നിലപാട് എടുത്തില്ല. നിയമസഭാ പ്രമേയത്തെ കോൺഗ്രസ് പരിഹസിച്ചു. ഉപ്പ് കുറുക്കിയത് കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തെ ഓടിക്കാൻ കഴിയില്ല എന്ന് പറഞ്ഞതിന് തുല്യമായ വാദമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. യോജിച്ച പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടി എടുത്തു. രാജ്യം മുഴുവൻ പ്രതിഷേധം ഉണ്ടായപ്പോൾ പാർട്ടി അധ്യക്ഷയുടെ വീട്ടിൽ വിരുന്നിലായിരുന്നു കോൺഗ്രസ് നേതാക്കൾ. രാഹുൽ ഗാന്ധി ആ സമയത്ത് വിദേശത്ത് പോയി. ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള എം പിമാർ മിണ്ടിയില്ല. ആരിഫ് മാത്രം ശബ്ദമുയർത്തി. കോൺഗ്രസിന് കുറ്റകരമായ മൗനവും നിസംഗതയും ആണുള്ളത്. കോൺഗ്രസിന് ദേശീയ തലത്തിൽ നിലപാട് ഉണ്ടോ?അധ്യക്ഷനോ പ്രധാന നേതാക്കളോ ഒരു നിലപാടും എടുത്തില്ല.സിഎഎക്കെതിരെ അഖിലേന്ത്യാ തലത്തിൽ എന്തെങ്കിലും പ്രതികരണം ഉണ്ടോ?" മുഖ്യമന്ത്രി ചോദിച്ചു.
ഒപ്പം വിഷയത്തിൽ എൽഡിഎഫ് സർക്കാരിന് ശക്തമായ നിലപാടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. " മുസ്ലിംകളെ രണ്ടാം തരം പൗരന്മാരാക്കാനാണ് ശ്രമം. എൽഡിഎഫ് സർക്കാർ ഈ പോരാട്ടത്തിന്റെ മുൻ നിരയിൽ തന്നെയുണ്ടാവും. ഇവിടെ ഇത് നടപ്പാക്കില്ല. അതിൽ ആർക്കും സംശയം വേണ്ട. എന്തു ത്യാഗം സഹിച്ചും പോരാട്ടം തുടരും. എൻപിആറും സിഎഎയും കേരളത്തിൽ നടപ്പാക്കില്ലെന്ന് ആദ്യം തന്നെ പറഞ്ഞു. എല്ലാവരെയും ഒരുമിപ്പിച്ചുള്ള പ്രക്ഷോഭത്തിന് സർക്കാർ നേതൃത്വം നൽകി. പാളയം രക്തസാക്ഷി മണ്ഡപത്തിലെ പരിപാടിയിൽ പ്രതിപക്ഷവും പങ്കെടുത്തു. ഭേദഗതി അംഗീകരിക്കില്ലെന്ന് നിയമസഭ പ്രമേയം പാസാക്കി. സുപ്രീം കോടതിയെ സമീപിച്ച ആദ്യ സംസ്ഥാനവും കേരളമായിരുന്നു. മഞ്ചേശ്വരം മുതൽ പാറശാല വരെ എൽ ഡി എഫ് മനുഷ്യച്ചങ്ങല തീർത്തു. അനേകലക്ഷം ആളുകൾ ഭീതിയിലാണ് നാളെ പൗരത്വം ഉണ്ടാവുമോ എന്ന ഭീതിയിലാണ് കോടാനുകോടി ജനങ്ങൾ. അവർ ഒറ്റയ്ക്കല്ലെന്ന സന്ദേശമാണ് ഈ പരിപാടികൾ," അദ്ദേഹം വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് മോദി സർക്കാർ ആണെങ്കിലും അത് ആർഎസ്എസ് അജണ്ടയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് ഒരു രാജ്യവും മത അടിസ്ഥാനത്തിൽ അഭയാർത്ഥികളെ വേർതിരിക്കാറില്ല. ഐക്യ രാഷ്ട്ര സഭ സി എ എ ക്കെതിരെ പരസ്യമായി രംഗത്ത് വരാൻ ഇതാണ് കാരണം. അമേരിക്കക്ക് പോലും സി എ എയെ തള്ളിപ്പറയേണ്ടി വന്നു. ഇത് ഇന്ത്യ എന്ന ആശയത്തിനെതിരായ വെല്ലുവിളിയാണെന്നും പിണറായി വിജയൻ പറഞ്ഞു.