ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമായിരുന്നു മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന വിഎസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രമല്ല സംസ്ഥാനത്തിന്റെ തന്റെ അഭിമാനമാണെന്നും ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച ആശംസാക്കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വി എസ് അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്നും ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നുവെന്നും പിണറായി കുറിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വിഎസിന് ആശംസ നേര്‍ന്നു. വിഎസിന്റെ എട്ടു പതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രം കൂടിയാണെന്ന് എംവി ഗോവിന്ദന്‍ ആശംസാക്കുറിപ്പില്‍ പറഞ്ഞു.
കര്‍ഷകത്തൊഴിലാളികളുടെ വര്‍ഗ പ്രസ്ഥാനം രൂപപ്പെടുത്തിയെടുക്കുന്നതില്‍ വി എസ് വഹിച്ച പങ്ക് സമാനതകളില്ലാത്തതാണെന്നും സമരാനുഭവങ്ങളുടെ കരുത്തില്‍ നിന്നാണ് കേരളത്തിലെ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ അമരത്തേക്ക് വി എസ് എന്ന നേതാവ് ഉയര്‍ന്നതെന്നു പറഞ്ഞ അദ്ദേഹം വിഎസ് എന്ന വിപ്ലവകാരിക്ക് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ഹൃദയത്തില്‍ സവിശേഷമായ ഒരു സ്ഥാനമാണുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.