ഭാരത് ജോഡോ യാത്രയ്ക്കിടെ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയാണെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ രംഗത്ത്. രാഹുലിനും കോണ്‍ഗ്രസിനുമെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഭാരത് ജോഡോ യാത്രയിലെ ഇതുവരെയുള്ള ദൃശ്യങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് പരാതി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസിന്‌റെ സംഘടനയായ ജവഹര്‍ ബാല്‍ മഞ്ച് ആണ് കുട്ടികളെ ഭാരത് ജോഡോ യാത്രയിലേക്ക് എത്തിക്കുന്നതന്നും ദേശീയ ബാലവകാശ കമ്മീഷന്‍ ആരോപിക്കുന്നു. കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് പ്രാദേശിക തലത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നതെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ പറയുന്നു.
ഭാരത് ജോഡോ യാത്രയുടെ ചൊവ്വാഴ്ചയിലെ പര്യടനത്തിനിടെ കണിയാപുരത്ത് രാഹുല്‍ ഗാന്ധിയെ പൊന്നാടയണിക്കാനും പദയാത്രയില്‍ പങ്കുചേരാനുമായി ധാരാളം കുട്ടികള്‍ എത്തിയിരുന്നു. ഈ ദൃശ്യങ്ങളുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതി.
അതിനിടെ,ഭാരത് ജോഡോ യാത്ര കേരളത്തില്‍ നാലാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൊല്ലം ജില്ലയിലാണ് പ്രധാനമായും പര്യടനം. ശിവഗിരി മഠം സന്ദര്‍ശിച്ച ശേഷമാണ് യാത്ര കൊല്ലം ജില്ലയിലേക്ക് കടക്കുന്നത്. കടമ്പാട്ടുകോണത്തു വച്ചാണ് കൊല്ലം ജില്ലയിലെ പര്യടനം തുടങ്ങുന്നത്. പാരിപ്പള്ളി മുക്കടയിൽ ഡിസിസി യാത്രയ്ക്ക് സ്വീകരണം നൽകും
സെപ്റ്റംബര്‍ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. സെപ്റ്റംബര്‍ 11ന് കേരളത്തിലേക്ക് കടന്ന യാത്രയുടെ കേരളത്തിലെ പര്യടനം 18 ദിവസം നീണ്ടുനില്‍ക്കും.