KERALA

ഫോര്‍ സ്റ്റാര്‍ റിസോര്‍ട്ടില്‍ താമസിച്ചത് അമ്മയുടെ ചികിത്സയ്ക്കായി; വിവാദത്തില്‍ വിശദീകരണവുമായി ചിന്താ ജെറോം

കുടുംബസുഹൃത്തിന്റെ സഹായത്താലാണ് കുറഞ്ഞ വാടകയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് ലഭിച്ചതെന്നും ചിന്ത

വെബ് ഡെസ്ക്

കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ റിസോര്‍ട്ടില്‍ ഒന്നര വർഷത്തോളം കുടുംബത്തോടൊപ്പം താമസിച്ചെന്ന വിവാദത്തില്‍ വിശദീകരണവുമായി യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. അമ്മയുടെ ചികിത്സയുടെ ഭാഗമായാണ് റിസോര്‍ട്ടില്‍ താമസിച്ചതെന്നും കുടുംബസുഹൃത്തിന്റെ സഹായത്താല്‍ കുറഞ്ഞ വാടകയ്ക്കാണ് അപ്പാര്‍ട്ട്‌മെന്റ് ലഭിച്ചതെന്നും ചിന്ത വ്യക്തമാക്കി. ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഇഡിക്കും വിജിലന്‍സിനും പരാതി നല്‍കിയതിനു പിന്നാലെയാണ് യുവജന കമ്മീഷന്‍ അധ്യക്ഷ വിശദീകരണവുമായി രംഗത്തെത്തിയത്.

ആരോഗ്യ സ്ഥിതി മെച്ചപ്പെടാന്‍ ആയുര്‍വേദ ചികിത്സ ആവശ്യമായിരുന്നു. അതിനാലാണ് അത്തരം സൗകര്യവുമുള്ള ഹോട്ടല്‍ തിരഞ്ഞെടുത്തത്

കോവിഡ് കാലത്ത് അമ്മയ്ക്ക് സ്‌ട്രോക്ക് ഉണ്ടാകുകയും അതേത്തുടര്‍ന്ന് ചികിത്സ തേടുകയും ചെയ്തിരുന്നു. സ്വന്തം വീട്ടില്‍ ബാത്ത്റൂം അറ്റാച്ച്ഡ് മുറി ഇല്ലാത്തതിനാലും, അറ്റകുറ്റപ്പണികള്‍ നടക്കുന്നതുകൊണ്ടും കൂടുതല്‍ സൗകര്യമുള്ള സ്ഥലത്തേക്ക് മാറാന്‍ തീരുമാനിച്ചു. ആരോഗ്യ സ്ഥിതി മെച്ചപ്പെടാന്‍ ആയുര്‍വേദ ചികിത്സ ആവശ്യവുമായിരുന്നു. അതിനാലാണ് ഡോക്ടർമാരുടെ സാമീപ്യം കൂടിയുള്ള റിസോര്‍ട്ട് തിരഞ്ഞെടുത്തത്.

തന്റെ അസാന്നിധ്യത്തിലും അമ്മയ്ക്ക് പരിചരണവും ചികിത്സയും ലഭിക്കുമെന്നുള്ളതുകൊണ്ടാണ് അവിടെ താമസിച്ചതെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം. കോവിഡ് കാലമായതുകൊണ്ട് വീടുപണി പൂര്‍ത്തിയാകാന്‍ കാലതാമസം എടുത്തു. അതുവരെ അവിടെ താമസിക്കേണ്ടി വന്നു. അപ്പാര്‍ട്ട്‌മെന്റിന് പ്രതിദിനം എണ്ണായിരം രൂപ വാടക എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ വാദം. എന്നാല്‍ വെറും 20000രൂപ മാത്രം മാസവാടക മാത്രമാണ് തങ്ങളുടെ പക്കല്‍ നിന്ന് വാങ്ങിയതെന്നും ചിന്ത അറിയിച്ചു.

കുടുംബസുഹൃത്തിന്റെ സഹായത്താലാണ് കുറഞ്ഞ വാടകയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് ലഭിച്ചതെന്നും അമ്മയും താനും ചേര്‍ന്നാണ് വാടക നല്‍കിയതെന്നും ചിന്ത വ്യക്തമാക്കി. അമ്മയുടെ അസുഖത്തിന്റെ കാര്യം ഉള്‍പ്പെടെയുള്ള സ്വകാര്യ ജിവിതം ഇങ്ങനെ തുറന്നു പറയേണ്ടിവരുന്നതില്‍ പ്രയാസമുണ്ടെന്നും ചിന്ത കൂട്ടിച്ചേര്‍ത്തു.

കൊല്ലം തങ്കശ്ശേരിയിലെ ഫോര്‍ സ്റ്റാര്‍ റിസോര്‍ട്ടില്‍ മൂന്ന് മുറികളുള്ള അപ്പാര്‍ട്മെന്റിലായിരുന്നു ചിന്താ ജെറോം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. 8500 ശരാശരി ദിവസ വാടക വരുന്ന അപ്പാര്‍ട്ട്മെന്റാണ് ഇതെന്നും ഈ കണക്കില്‍ 38 ലക്ഷത്തോളം രൂപ ചിന്ത ഈ സ്ഥാപനത്തിന് നല്‍കേണ്ടി വരുമെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഇത്രയും പണം യുവജന കമ്മീഷന്‍ അധ്യക്ഷയ്ക്ക് എങ്ങനെ കിട്ടിയെന്നും ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിലും പരാതി നല്‍കിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ