ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുന്‍കൂർ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സിവിക് ചന്ദ്രന്‍ ഇന്ന് രാവിലെ വടകര ഡിവൈഎസ്‍പിക്ക് മുന്നില്‍ കീഴടങ്ങിയിരുന്നു. ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിലാണ് നടപടി.
സിവിക് ചന്ദ്രനെതിരെ വടകര പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ കോഴിക്കോട് ജില്ലാ സെഷന്‍ കോടതി അനുവദിച്ച മുന്‍കൂർ ജാമ്യം ഒക്ടോബർ 20നാണ് ഹൈക്കോടതി റദ്ദാക്കിയത്. ഏഴ് ദിവസത്തിനകം കോടതിയില്‍ ഹാജരാകണമെന്നായിരുന്നു ഉത്തരവ്. പരാതിക്കാരിയുടേയും സർക്കാരിന്റെയും അപ്പീലിലായിരുന്നു കോടതി ഇടപെടല്‍. പട്ടികജാതി അതിക്രമ നിയമം ബാധകമല്ലെന്ന കോഴിക്കോട് കോടതിയുടെ ഉത്തരവ് നിലനില്‍ക്കില്ലെന്നും ജഡ്ജ് എസ് കൃഷ്ണകുമാറിന്റെ കണ്ടെത്തലുകളില്‍ പിഴവുകളുണ്ടെന്നുമായിരുന്നു സർക്കാർ ഹർജിയില്‍ ചൂണ്ടിക്കാട്ടിയത്.
'പട്ടിക ജാതിക്കാരിയാണെന്ന അറിവോടെയല്ല ലൈംഗികാതിക്രമം നടന്നത്, അതുകൊണ്ട് പട്ടികജാതി അതിക്രമ നിരോധന നിയമം നിലനില്‍ക്കില്ല' എന്നായിരുന്നു മുന്‍കൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ജഡ്ജ് എസ് കൃഷ്ണകുമാറിന്റെ ഉത്തരവ്. 'സിവിക്ക് ചന്ദ്രന്‍ ജാതിരഹിത സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്ന ആളാണ്. എസ്എസ്എല്‍സി ബുക്കിലടക്കം ജാതി രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ട്, പരാതിക്കാരി പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് അറിഞ്ഞുകൊണ്ട് ആരോപണവിധേയന്‍ ലൈംഗികാതിക്രമം നടത്തുമെന്ന് വിശ്വസിക്കാന്‍ കഴിയില്ല' -എന്നായിരുന്നു കോടതി നിരീക്ഷണം.
അതേസമയം, മറ്റൊരു ലൈംഗിക പീഡന കേസില്‍ സിവിക്കിന് മുന്‍കൂർ ജാമ്യം അനുവദിച്ചുള്ള ജഡ്ജ് എസ് കൃഷ്ണകുമാറിന്റെ വിധിയിലെ വിവാദ പരാമർശങ്ങള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി നീക്കം ചെയ്തിരുന്നു. ആ കേസില്‍ പ്രായം പരിഗണിച്ച് ഉപാധികളില്‍ മാറ്റം വരുത്തി സിവിക്കിന് മുന്‍കൂർ ജാമ്യം അനുവദിച്ചിരുന്നു. യുവതിയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതും യുക്തിക്ക് നിരക്കാത്തതുമാണ് കീഴ്ക്കോടതിയുടെ നിരീക്ഷണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ ഹർജി. ലൈംഗികാർഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ പീഡനാരോപണം പ്രാഥമികമായി നിലനിൽക്കില്ലെന്നായിരുന്നു എസ് കൃഷ്ണകുമാറിന്റെ ജാമ്യഉത്തരവ്.
വിവാദ ഉത്തരവിന് പിന്നാലെ ജഡ്ജി കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലെ ഡെപ്യൂട്ടേഷന്‍ പോസ്റ്റിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിനെതിരെ ജഡ്ജി നല്‍കിയ ഹർജിയില്‍ സ്ഥലം മാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ജഡ്ജി കൃഷ്ണകുമാർ തന്നെയാണ് ഇന്ന് സിവിക്കിന് ജാമ്യം അനുവദിച്ചത്.