KERALA

ബാലഭാസ്കറിന്റേത് അപകടമരണം തന്നെ; തുടരന്വേഷണം വേണ്ടെന്നു കോടതി

വെബ് ഡെസ്ക്

സംഗീത സംവിധായകൻ ബാലഭാസ്കറിന്റെ അപകടമരണം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ടു കുടുംബം നല്‍കിയ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. ബാലഭാസ്കറിന്റേത് അപകട മരണമാണെന്ന സിബിഐയുടെ റിപ്പോർട്ട് അംഗീകരിച്ച കോടതി കേസിൽ തുടരന്വേഷണം വേണ്ടെന്നും വ്യക്തമാക്കി. ബാലഭാസ്കറിന്റെ നാലാം ചരമവാര്‍ഷികത്തിന് രണ്ടു മാസം ശേഷിക്കെയാണ്‌ കോടതി ഉത്തരവ്

ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അലക്ഷ്യമായും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകടകാരണമെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടർന്ന് അര്‍ജുനോടു ഒക്ടോബർ 1 ന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.

ബാലഭാസ്കറും അച്ഛനും

അച്ഛന്റെ ആരോപണം

സ്വർണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേർന്ന് മകനെ കൊലപ്പെടുത്തിയതാണെന്നും അപകടമരണമെന്ന സി.ബി.ഐ. റിപ്പോര്‍ട്ട് തള്ളി പുനരന്വേഷണത്തിന് ഉത്തരവിടണമെന്നും ബാലഭാസ്ക്കറിന്‍റെ അച്ഛൻ കോടതിയെ സമീപിച്ചത്.

അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും കണ്ടെത്തിയ ബാലഭാസ്ക്കറിന്‍റെ മൊബൈൽ സിബിഐ പരിശോധിച്ചില്ലെന്നായിരുന്നു പ്രധാന ആരോപണം. ബാലഭാസ്ക്കറിന്‍റെ മരണ ശേഷം ഈ ഫോണ്‍ ഉപയോഗിച്ചിരുന്നത് സുഹൃത്തായ പ്രകാശന്‍ തമ്പിയായിരുന്നു. സ്വർണ കള്ളക്കടത്ത് കേസിൽ പ്രതിയായ തമ്പിയ്ക്ക് അപകടത്തിൽ പങ്കുണ്ടെന്നാണ് മറ്റൊരു ആരോപണം. എന്നാൽ ഫോണുകള്‍ വിശദമായി പരിശോധിച്ചതാണെന്ന് സിബിഐ കോടതിയെ അറിയിച്ചു

സിബിഐയുടെ റിപ്പോർട്ട് തള്ളണം,പുനരന്വേഷണം വേണം: ബാലഭാസ്ക്കറിന്‍റെ അച്ഛൻ
അപകടത്തിൽപ്പെട്ട കാര്ർ

അന്വേഷണ ഘട്ടങ്ങൾ; പോലീസ്, ക്രൈം ബ്രാഞ്ച് ഒടുവിൽ സിബിഐ

അപകടം സംബന്ധിച്ച് അന്വേഷണത്തിന്റെ തുടക്കം മുതൽ ദുരൂഹതകൾ ഏറെയായിരുന്നു. വാഹനമോടിച്ചത് ആരായിരുന്നു എന്നതാണ് ആദ്യമുയര്‍ന്ന സംശയം. പരസ്പരവിരുദ്ധമായ മൊഴികളും ദുരൂഹതയ്ക്ക് ആക്കംകൂട്ടി.ആദ്യഘട്ടത്തിൽ അന്വേഷണം പോലീസിനായിരുന്നുവെങ്കിലും പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

എന്നാൽ അന്വേഷണത്തിനിടെ രംഗത്തെത്തിയ കലാഭവന്‍ സോബി ജോര്‍ജിന്റെ ആരോപണം ഞെട്ടിക്കുന്നതായിരുന്നു. ബാലഭാസ്‌കറിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്നും മരത്തിലിടിക്കുന്നതിന് മുമ്പ് ബാലുവിന്റെ കാര്‍ ആക്രമിക്കപ്പെട്ടിരുന്നുവെന്നുമാണ് സോബിയുടെ ആരോപണം. സംഭവത്തിൽ താന്‍ ദൃക്സാക്ഷിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

കലാഭവന്‍ സോബി

ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്‌ ബാലുവിന്റെ മുന്‍ മാനേജരായ പ്രകാശന്‍ തമ്പിയേയും വിഷ്ണു സോമസുന്ദരത്തേയും തിരുവനന്തപുരത്ത് ഡി.ആര്‍.ഐ. സംഘം പിടികൂടിയത് .ഇതോടെ ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും സംശയങ്ങളും സ്വര്‍ണക്കടത്ത് കേസിലേക്ക് തിരിഞ്ഞു. എന്നാല്‍ ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

മകന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് സര്‍ക്കാരിനെ സമീപിച്ചു. തുടര്‍ന്നാണ് കേസ് സി.ബി.ഐ.ക്ക് വിടാന്‍ തീരുമാനമായത്. സി.ബി.ഐയുടെയും അന്വേഷണം അപകടമരണത്തില്‍ തന്നെ എത്തിനിന്നു. എന്നാല്‍ സി.ബി.ഐയുടെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചു പുനരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛൻ കോടതിയെ സമീപിക്കുകയായിരുന്നു.

ബാലഭാസ്കറിന്റേത് അപകടമരണം ക്രൈം ബ്രാഞ്ചും സി ബി ഐയും എത്തിയത് ഒരേ നിഗമനത്തിൽ

അപകടത്തില്‍ ദുരൂഹതയില്ലെന്നും വണ്ടിയോടിച്ചിരുന്ന അർജുന്റെ അനാസ്ഥയാണ് മരണകാരണമെന്നുമായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍. തെറ്റായ വിവരങ്ങൾ നൽകിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനും സാക്ഷിയായി രംഗത്ത് വന്ന സോബിക്കെതിരെയും കേസെടുത്തു.

2018 സെപ്റ്റംബര്‍ 25-നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് മരത്തിലിടിച്ചത്. ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടുവയസ്സുകാരി തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടാം തീയതിയും മരണത്തിന് കീഴടങ്ങി.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്