കേരള നിയമസഭ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നാണ് ഇന്ന് സഭയില്‍ ഉണ്ടായത്. സ്പീക്കറുടെ ഓഫീസ് ഉപരോധിക്കാനെത്തിയ പ്രതിപക്ഷ എംഎല്‍എമാരും വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളും തമ്മില്‍ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ വെച്ച് സംഘര്‍ഷമുണ്ടായി.തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍, ടിജെ സനീഷ് കുമാര്‍, എകെഎം അഷ്‌റഫ്, കെകെ രമ,ടിവി ഇബ്രാഹിം എന്നിവര്‍ക്ക് പരുക്കേറ്റു. ചാലക്കുടി എംഎല്‍എ ടിജെ സനീഷ്‌കുമാറിനെയും വടകര എംഎല്‍എ കെ കെ രമയും ചികിത്സതേടി. രമയുടെ കൈയ്ക്ക് പ്ലാസ്റ്ററിട്ടുണ്ട്. അഡീഷണല്‍ ചീഫ് മാര്‍ഷല്‍ മൊയ്തീന്‍ ഹുസൈന്‍ അടക്കമുള്ള വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളും ആശുപത്രിയില്‍ ചികിത്സ തേടി.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭ ഹാളില്‍ നിന്ന് മാര്‍ച്ചായി സ്പീക്കറുടെ ഓഫീസിന് മുമ്പിലെത്തിയത്. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട സ്പീക്കര്‍ അത് ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പോത്തന്‍കോട് ചെങ്കോട്ടുകോണത്ത് 16 വയസ്സുള്ള പെണ്‍കുട്ടിയെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഉമാ തോമസ് എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പരിഹാരം ഉണ്ടാകുന്നത് വരെ സര്‍ക്കാരുമായി ഒരു കാര്യത്തിലും സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മരുമകന്‍ എത്ര പിആര്‍ വര്‍ക്ക് നടത്തിയിട്ടും സ്പീക്കര്‍ക്ക് ഒപ്പം എത്താതിനാല്‍ സ്പീക്കറേയും പ്രതിപക്ഷത്തേയും തെറ്റിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മാനേജ്‌മെന്റ് ക്വട്ടയില്‍ മന്ത്രിയായയാള്‍ക്ക് പ്രതിപക്ഷ വിമര്‍ശിക്കാന്‍ അര്‍ഹതയില്ലെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസിനെ ഉദ്ദേശിച്ച് പ്രതിപക്ഷ നേതാല് കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തെ ആക്രമിച്ച എംഎല്‍എമാരായ എച്ച് സലാം, സച്ചിന്‍ദേവ് എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങള്‍ക്കെതിരെയും പ്രതിപക്ഷം നടപടി ആവശ്യപ്പെടുന്നുണ്ട്.