തലസ്ഥാന നഗരത്തിലെ മാലിന്യങ്ങളുടെ കേന്ദ്രമായ ആമയിഴഞ്ചാന്‍ തോടില്‍ ശുചീകരണതൊഴിലാളിയെ കാണാതായി മണിക്കൂറുകള്‍ പിന്നിടുന്നു. രാവിലെ പതിനൊന്ന് മണിയോടെയാണ് തൊഴിലാളിയായ ജോയി അപകടത്തില്‍പ്പെട്ടത്. നഗരമധ്യത്തില്‍ ആമയിഴഞ്ചാന്‍ തോട്ടില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള തുരങ്കസമാനമായ മേഖലയിലാണ് മാലിന്യം നീക്കുന്ന തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയി ഒഴുക്കില്‍പ്പെട്ടത്. ശനിയാഴ്ച രാവിലെ തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം.
അഗ്നിരക്ഷാ സേനയുടെയുടെ നേതൃത്വത്തില്‍ കനാലിലെ മാലിന്യങ്ങള്‍ നീക്കിയാണ് രക്ഷാ ദൗത്യം തുടരുന്നത്. സ്‌കൂബാ സംഘവും സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും മാലിന്യകൂമ്പാരം രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് കലക്ടര്‍ ജെറോമിക് ജോര്‍ജും വ്യക്തമാക്കി. അഞ്ച് മണിയോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കളക്ടര്‍ അപകട സ്ഥലത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
മുന്നൊരുക്കങ്ങളില്ലാത്ത മാലിന്യം നീക്കം ചെയ്യുന്നതിലെ വീഴ്ചയാണ് അപകട കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിന് അടിവശത്ത് ഏകദേശം ഇരുന്നൂറ് മീറ്ററോളം കടന്നുപോകുന്ന കനാലിലെ മാലിന്യം നീക്കുക എന്നത് ശ്രമകരമായ പ്രവര്‍ത്തിയാണെന്ന് മുന്‍ മേയറും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ വി കെ പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ ഗതിയില്‍ തുരങ്ക സമാനമായ ഈ ഭാഗത്തിന്റെ രണ്ട് ഭാഗങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത ശേഷം ശക്തമായി വെള്ളം കടത്തിവിട്ട് അകത്തെ മാലിന്യങ്ങള്‍ പുറത്തെത്തിക്കുന്നതാണ് പതിവ്. ഇത്തവണ ശുചീകണത്തിന് ഇറങ്ങിയ തൊഴിലാളികള്‍ക്ക് ഇതില്‍ മുന്‍പരിചയം കുറവായിരുന്നു എന്നാണ് വിലയിരുത്തലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കോര്‍പ്പറേഷന്‍, ജില്ലാഭരണകൂടം, റെയില്‍ വേ തുടങ്ങിയ സംവിധാനങ്ങള്‍ ഏകോപിപ്പിച്ചാണ് മാലിന്യനീക്കം നടത്താറുള്ളത്. ഇത്തവണ ആ ഏകോപനത്തില്‍ വീഴ്ച വന്നെന്നാണ് കാണുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അപകടത്തിന്റെ ഉത്തരവാദിത്വം റയില്‍വേയ്ക്കാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഭാഗം ശുചീകരിക്കാത്തതാണ് കാലങ്ങളായി നഗരത്തിലെ വെള്ളക്കെട്ടിന് ഉള്‍പ്പെടെ കാരണമാകുന്നത്. സര്‍ക്കാരും നഗരസഭയില്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും റയില്‍വേ നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണ് എന്ന് മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചു. അതേസമയം, ഇന്ന് ശുചീകരണപ്രവര്‍ത്തനത്തിന് കോര്‍പറേഷന്‍ നിര്‍ദേശിച്ചിരിന്നില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
നഗരത്തില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ഒഴുക്കാണ് അപകടത്തിന് കാരണമായത്. ജോയി ഉള്‍പ്പെടെ മൂന്ന് പേരായിരുന്നു മാലിന്യം നീക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. ജോയി തുരങ്കസമാനമായ ഭാഗത്തേക്ക് ഇറങ്ങിയിരുന്നു. ഇതിനിടെ ഒഴുക്ക് ശക്തമായപ്പോള്‍ കയറിട്ടു കൊടുത്തെങ്കിലും ജോയിക്ക് അതില്‍പിടിച്ചു കയറാന്‍ കഴിഞ്ഞില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. നിലവില്‍, മാലിന്യങ്ങള്‍ നീക്കി മാത്രമേ തുരങ്കത്തിനുള്ളിലേക്കു കയറി പരിശോധന നടത്താന്‍ കഴിയൂ എന്നതാണ് സ്ഥിതി. ഇതിനായുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. മാലിന്യം നീക്കാന്‍ റെയില്‍ വേ നല്‍കിയ കരാറുകാരനാണ് ജോയി ഉള്‍പ്പെടെയുള്ള തൊഴിലാളികളെ നിയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ജെസിബിയുടെ സഹായത്താല്‍ മാലിന്യങ്ങള്‍ പുറത്തെടുത്താണ് തിരച്ചില്‍ പുരോഗമിക്കുന്നത്. റയില്‍വേ സ്‌റ്റേഷന് ഉള്‍വശത്തെ മാന്‍ഹോളുകള്‍ തുറന്നും പരിശോധന നടത്തുന്നുണ്ട്. 180 മീറ്ററോളമാണ് അപകടം ഉണ്ടായ പ്രദേശത്തെ തുരങ്കസമാനമായ ഭാഗം.
കേരള ജലവകുപ്പിന്റെ ഒബ്‌സര്‍വേറ്റര്‍ ഹില്ലില്‍ നിന്നാരംഭിച്ച് കണ്ണമൂല വഴി ആക്കുളം കായലില്‍ ചേരുന്ന തോടിന്റെ നീളം 12 കിലോമീറ്ററാണ് ആമയിഴഞ്ചാന്‍ തോട് സ്ഥിതി ചെയ്യുന്നത്. കോര്‍പ്പറേഷനിലൂടെ ഒഴുകുന്ന തോടുകളും വന്നുചേരുന്നത് ആമയിഴഞ്ചാന്‍ തോട്ടിലാണ്. പ്ലാസ്റ്റിക് മുതല്‍ ഇറച്ചി അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ തോട്ടില്‍ തള്ളുന്ന അവസ്ഥയാണുള്ളത്. ആമയിഴഞ്ചാന്‍ തോടിന്റെ നവീകരണത്തിനായി സര്‍ക്കാര്‍ തലത്തില്‍ നിരവധി പദ്ധതികള്‍ പല ഘട്ടങ്ങളിലായി ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ വേനല്‍ക്കാലത്ത് തോട്ടില്‍ ഒഴുക്ക് നിലച്ചാല്‍ വലിയ അളവില്‍ മാലിന്യം അടിഞ്ഞുകൂടുന്ന അവസ്ഥയാണ് നിലവിലുള്ളത്. മഴ പെയ്യുന്നതോടെ പലയിടത്തും മാലിന്യങ്ങള്‍ അടിഞ്ഞു കൂടി വെള്ളക്കെട്ടുണ്ടാക്കുന്ന അവസ്ഥയാണ്. 2022 ല്‍ ജലവിഭവ വകുപ്പ് സമര്‍പ്പിച്ച 25 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ഇതിന് ശേഷവും അവസ്ഥയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിരുന്നില്ല.