KERALA

'കുലംകുത്തി'യെ 'ഭയന്ന്' സഭയില്‍നിന്ന് ഒളിച്ചോടുന്ന മുഖ്യനും സ്പീക്കറും

പൊളിറ്റിക്കൽ ഡെസ്ക്

2012 മെയ് നാല്, രാത്രി പത്തു മണി പിന്നിട്ട് മിനിറ്റുകള്‍ക്കം വടകര വള്ളിക്കാട്ടില്‍ ഇന്നോവ കാറിലെത്തിയ സംഘം ബൈക്കിലെത്തിയ ഒരാളെ ബോംബെറിഞ്ഞ് വീഴ്ത്തി 51 വെട്ട് വെട്ടി അതിക്രൂരമായി കൊല്ലുന്നു. കൊല്ലപ്പെട്ടത് ടി പി ചന്ദ്രശേഖരന്‍, സിപിഎമ്മിന്റെ പ്രത്യയശാസ്ത്ര വ്യതിയാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട് റെവല്യൂഷണി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച സഖാവ്. കേരളരാഷ്ട്രീയത്തിലെ അരുംകൊലകളുടെ പട്ടിക പരിശോധിച്ചാല്‍ ഒഴിവാക്കാന്‍ സാധിക്കാത്താണ് ടി പി വധക്കേസ്.

രാഷ്ട്രീയകേരളം ഒന്നടങ്കം ടിപി വധത്തെ അപലപിച്ച് രംഗത്തെത്തിയപ്പോള്‍, കൃത്യം നടന്ന നാലു ദിവസങ്ങള്‍ക്കകം മെയ് എട്ടിന് ഒരു പ്രതികരണമുണ്ടായി. കുലംകുത്തികള്‍ കുലംകുത്തികള്‍ തന്നെയാണ് എല്ലാഘട്ടത്തിലും, പറഞ്ഞത് പിണറായി വിജയന്‍, അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി ഇന്നത്തെ മുഖ്യമന്ത്രി. സിപിഎമ്മിന്റെ കോട്ടയില്‍ ആര്‍എംപി എന്ന പാര്‍ട്ടിയുണ്ടാക്കി വളര്‍ത്തിയതില്‍ ടിപിയോയുള്ള വിദ്വേഷം സിപിഎം നേതൃത്വത്തിന് എത്രവലുതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ വാക്കുകള്‍.

തുടര്‍ന്നിങ്ങോട്ട്, 2016ല്‍ ഭരണം ലഭിച്ച് മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ശേഷവും ഒരിക്കല്‍പോലും ടിപി വധത്തെ അപലപിക്കാനോ പ്രതികളായ പാര്‍ട്ടി ഗുണ്ടകളെ പരസ്യമായി തള്ളിപ്പറയാനോ പിണറായി തയാറായിട്ടില്ലെന്നു മാത്രമല്ല, ടിപി എന്ന രണ്ടക്ഷരം ഉച്ഛരിക്കാന്‍ പോലും പിണറായി മുതിര്‍ന്നിട്ടില്ല.

വര്‍ഷങ്ങള്‍ പിന്നിട്ടു, ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവിനുള്ള ശിപാര്‍ശ റിപ്പോര്‍ട്ട് സംബന്ധിച്ച് സഭയില്‍ സബ്മിഷന്‍ അവതരിക്കപ്പെടുന്നു. മറുപടി പറയേണ്ടത് ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. പക്ഷേ, സഭയിലെത്തിയില്ല സിഎം. കാരണമായി പറഞ്ഞത് പന്ത്രണ്ട് മണിക്കുള്ള വിമാനത്തില്‍ കേന്ദ്രകമ്മിറ്റിക്കായി ഡല്‍ഹിക്ക് പോകുന്നു. പോകും മുന്‍പ് ടിപി കേസിലെ പ്രതികള്‍ക്കായി റിപ്പോര്‍ട്ട് തേടിയ മൂന്നു ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കി മുഖ്യമന്ത്രി. കേന്ദ്രകമ്മിറ്റി ഇല്ലെങ്കിലും സഭയിലെത്താന്‍ മുഖ്യമന്ത്രി തയാറാവില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞദിവസം നടന്ന സംഭവങ്ങള്‍. ടി പി ചന്ദ്രശേഖരന്‍ എന്ന പേര് പറയാന്‍ പിണറായിക്ക് ഭയമോ, ഇഷ്ടമില്ലായ്‌മോ ഉണ്ടെന്ന് മനസിലാക്കിയ സഭാനാഥനായ എ എന്‍ ഷംസീറാണ് രക്ഷകനായി അവതരിച്ചത്.

ടിപി കേസ് പ്രതികളുടെ ശിക്ഷയിളവ് റിപ്പോര്‍ട്ട് സംബന്ധിച്ച് അദ്ദേഹത്തിന്റെ ഭാര്യ കൂടിയായ കെ കെ രമ എംഎല്‍എ കഴിഞ്ഞദിവസം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. മറുപടി നല്‍കേണ്ടതാകട്ടെ മുഖ്യമന്ത്രി പിണറായി. എന്നാല്‍, ടിപിയെ 'ഭയമുള്ള' പിണറായിക്കായി ആ പണി സ്പീക്കര്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ ഫയലുകളെ ഉദ്ധരിച്ച് മറുപടി പറയാന്‍ ഒരവകാശവുമില്ലാത്ത സ്പീക്കര്‍ വിശദമായി മറുപടി നല്‍കി പുലിവാല് പിടിച്ചു. കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവിന് നീക്കം ഉണ്ടായിട്ടില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അടിയന്തരപ്രമേയം അനുവദിക്കാത്തതെന്നായിരുന്നു സ്പീക്കറുടെ വാദം. ഷംസീറിന്റെ ന്യായീകരണത്തിന്റെ ആയുസ് ഒരുദിവസം മാത്രമാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നത്തെ ജയില്‍ ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍. ഇതോടെ, കുരുക്കിലായ സ്പീക്കര്‍ ഷംസീറും പ്രതിപക്ഷ നേതാവ് ഇതുമായി ബന്ധപ്പെട്ട് ഇന്ന് സബ്മിഷന്‍ അവതരിച്ചപ്പോള്‍ നിഷ്‌കളങ്കമായി മുങ്ങി. പ്രതികളുടെ മോചനത്തിന് പാര്‍ട്ടി നേതാവ് പി ജയരാജന്‍ അടങ്ങുന്ന ജയില്‍ ഉപദേശസമിതി റിപ്പോര്‍ട്ടിനെ വെള്ളപൂശാന്‍ ശ്രമിച്ചതിന് മറുപടി പറയേണ്ടി വരുമെന്ന് വ്യക്തമായപ്പോള്‍ ഷംസീറിനു പകരം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ചെയറില്‍.

ജീവിച്ചിരുന്ന ടിപിയേക്കാള്‍ ഇപ്പോള്‍ സിപിഎം ഭയക്കുന്നത് മരിച്ച ടിപിയെയാണെന്നു വ്യക്തമാക്കുന്നതാണ് ഈ ഒളിച്ചോടലുകള്‍. വടകര ലോക്‌സഭ മണ്ഡലത്തില്‍ കെ കെ ഷൈലജ ഷാഫി പറമ്പിലിനോട് വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുന്നതില്‍ സുപ്രധാന പങ്കും ടിപി വധക്കേസിനുണ്ട്. കേസിലെ പ്രതിയായിരുന്നു കുഞ്ഞനന്തനെ മഹത്വവത്കരിക്കാനും പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍ അനുവദിക്കാനും സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും ശ്രമിക്കുമ്പോഴെല്ലാം മൗനം തുടരുന്ന മുഖ്യമന്ത്രിയെ ഇപ്പോഴും വേട്ടയാടുന്നത് ആ പഴയ 'കുലംകുത്തി'യാണെന്നത് കാവ്യനീതി.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്