എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർക്കായി സാമൂഹ്യ പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തോട് അനുഭാവപൂർണമായ സമീപനമാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ടാണ് രണ്ട് മന്ത്രിമാർ ചർച്ച നടത്തിയത്. മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളില്‍, എയിംസ് അംഗീകരിക്കാന്‍ കഴിയുന്നതല്ല. മറ്റ് ആവശ്യങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞതാണ്. ഉറപ്പുകള്‍ പാലിക്കുമെന്ന് തന്നെയാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിമാർ വാക്കാല്‍ പറഞ്ഞ കാര്യങ്ങള്‍ രേഖാമൂലം നല്‍കിയ കത്തില്‍ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് കാണിച്ച് ദയാബായി സമരം തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ ദയാബായി എന്തോ തെറ്റിദ്ധാരണയിലാണെന്ന് തോന്നുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തില്‍ മുന്നോട്ടുവെച്ച ഏഴ് ആവശ്യങ്ങളില്‍ ആറെണ്ണം അംഗീകരിച്ചതാണ്. വിഴിഞ്ഞം പോർട്ട് അടച്ചുപൂട്ടണം എന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ബലാത്സംഗക്കേസില്‍ അന്വേഷണം നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്കെതിരെ ഗൗരവമായ പരാതിയാണ് ഉയർന്നുവന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഗൗരവമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.