KERALA

'സിപിഎമ്മിനെ വർഗീയതയുടെ ഭാഗമായി ചിത്രീകരിക്കാമെന്ന് ആരും വ്യാമോഹിക്കണ്ട'; അൻവർ വായിൽ തോന്നുന്നത് വിളിച്ചുകൂവുന്നെന്നും പിണറായി

സിപിഎമ്മിന് എല്ലാ കാര്യത്തിനും അതിന്റേതായ രീതികളുണ്ട്. അത് ഒരു തെറ്റും അംഗീകരിക്കാത്ത പാർട്ടിയാണെന്നും മുഖ്യമന്ത്രി

വെബ് ഡെസ്ക്

പി വി അൻവർ എംഎല്‍എ സിപിഎമ്മിനെതിരെ ഉന്നയിച്ച ആക്ഷേപങ്ങളെ തള്ളിയും രൂക്ഷമായി വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ.

"സിപിഎമ്മിന്റെ അതിന്റേതായ സംഘടനാരീതിയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആ പ്രത്യേകമായ ചട്ടക്കൂടില്‍ ഒതുങ്ങിനിന്നാണ് സിപിഎം പ്രവർത്തിക്കുന്നത്. ഒരു പ്രത്യേക ബോധോധയത്തിന്റെ ഭാഗമായി വഴിയില്‍ നിന്ന് വായില്‍ തോന്നുന്നതെല്ലാം വിളിച്ചുകൂവിയാല്‍, കുറെ ആക്ഷേപങ്ങള്‍ ചൊരിഞ്ഞാല്‍‌, അതിന്റെ ഭാഗമായി തീരുമാനമെടുക്കുന്ന പാർട്ടിയല്ല സിപിഎം. സിപിഎമ്മിന് എല്ലാ കാര്യത്തിനും അതിന്റേതായ രീതികളുണ്ട്. അത് ഒരു തെറ്റും അംഗീകരിക്കാത്ത പാർട്ടിയാണ്. അതുകൊണ്ടുതന്നെ, ആ പാർട്ടിയെ തെറ്റിലേക്ക് വലിച്ചിഴയ്ക്കാമെന്ന് ആരും കരുതേണ്ട. ഗൂഢലക്ഷ്യം എന്തെങ്കിലുമുണ്ടെങ്കില്‍ ആ രീതിയില്‍ നോക്കുന്നതാകും നല്ലത്," പിണറായി വ്യക്തമാക്കി.

"കൃത്യമായ വർഗീയ അജണ്ടയുടെ ഭാഗമായുള്ള പുകമറ സൃഷ്ടിക്കാനുള്ള ശ്രമം കാണുന്നുണ്ട്. അത് ജനം അംഗീകരിക്കില്ല. ഏത് കൂട്ടരെയാണോ, ഇതിലൂടെ കൂടെ നിർത്താൻ ശ്രമിക്കുന്നത് അവർ തന്നെ ആദ്യം തള്ളിപ്പറയും. അതാണ് നമ്മുടെ നാട്. മലപ്പുറത്തെ മതനിരപേക്ഷ മനസ്, അതെല്ലാവർക്കും അറിയാവുന്നതാണ്.

ഇവിടെ വർഗീയതയോട് സന്ധിയില്ലാത്ത പോരാട്ടമാണ് സിപിഎം നടത്തുന്നട്. അത് ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും. നമ്മുടെ നാട്ടില്‍ വർഗീയ ശക്തികള്‍ക്ക് കുറവില്ലല്ലൊ. ഏതെങ്കിലുമൊരു വർഗീയശക്തി പിന്നിലുണ്ടെന്ന് കരുതി നാക്കും വാടകയ്ക്കെടുത്ത് എന്തും വിളിച്ചുപറയാമെന്നും അതിലൂടെ സിപിഎമ്മിനേയും നേതാക്കളേയും വർഗീയതയുടെ ആളുകളായി ചിത്രീകരിക്കാമെന്ന് വ്യാമോഹിക്കുന്നുണ്ടെങ്കില്‍, അത് വ്യാമോഹം മാത്രമായിരിക്കും. വർഗീയതയോട് ഞങ്ങള്‍ സന്ധിചെയ്യാത്തത് ആരെയെങ്കിലും തൃപ്തിപ്പെടുത്താനല്ല. അത് ഞങ്ങളുടെ രാഷ്ട്രീയ പ്രതിബദ്ധതയാണ്," പിണറായി കൂട്ടിച്ചേർത്തു.

തൃശൂരില്‍ ബിജെപി ജയിക്കാനിടയായ സംഭവം ഗൗരവമായി കാണേണ്ടതാണെന്ന് പറഞ്ഞ മുഖ്യമന്തി കോണ്‍ഗ്രസിന്റെ വോട്ട് ചോർന്നതായും എല്‍ഡിഎഫിന്റെ വോട്ടുകൂടിയതായും ചൂണ്ടിക്കാണിച്ചു. കണക്കുകള്‍ എടുത്തുപറഞ്ഞായിരുന്നു പിണറായിയുടെ വിശദീകരണം. ആർഎസ്എസിന്റെ കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, അവരുടെ വളർച്ച തടയാൻ അനേകം സഖാക്കളാണ് രക്തസാക്ഷിത്വം വരിച്ചത്. ആ സഖാക്കളുടെ പാർട്ടിയാണിത്. വിട്ടുവീഴ്ചയില്ലാതെ വർഗീയതയ്ക്കെതിരെ പോരാടുന്ന പാർട്ടിയാണ്," പിണറായി പറഞ്ഞു.

അൻവർ, അദ്ദേഹം ഇപ്പോള്‍ സിപിഎമ്മിന്റെ നിയസഭാപാർട്ടി അംഗമല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. എല്‍ഡിഎഫിന്റെ ഭാഗമല്ലെന്നും പറഞ്ഞു. അംഗമായിരിക്കെ അദ്ദേഹം ഉന്നയിച്ച ചില ആരോപണങ്ങളുണ്ടായിരുന്നു. അത് ഗൗരവത്തോടെ കണ്ടു, അതിന് പിന്നിലെ ഉദ്ദേശം അന്വേഷിക്കാനൊന്നും ഞങ്ങളാരും പോയില്ല. അതുമായി ബന്ധപ്പെട്ട് പരിശോധിക്കാൻ കേരളത്തിലെ ഉന്നതനായ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ടീമിനെ നിയോഗിച്ചു. ഒരുമാസത്തിനുള്ളില്‍ പരിശോധന പൂർത്തിയാക്കണമെന്ന് പറഞ്ഞു, ശേഷം നടപടികളിലേക്ക് കടക്കുമെന്നും പറഞ്ഞു. ഇതാണ് സ്വീകരിച്ച നടപടി. ആ റിപ്പോർട്ട് വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

റിപ്പോർട്ട് വരും മുൻപ് തന്നെ പ്രത്യേക അജണ്ടയുമായി അദ്ദേഹം ഇറങ്ങിക്കഴിഞ്ഞു. ഇതൊന്നും നമ്മുടെ നാട് അംഗീകരിക്കുന്ന ഒന്നല്ല. ജനമനസില്‍ തെറ്റിദ്ധാരണ പരത്തി, വർഗീയ വിദ്വേഷം തിരുകികയറ്റാനുള്ള ഹീനമായ ശ്രമം തിരിച്ചറിയണം, അവരെ ഒറ്റപ്പെടുത്തണമെന്നും പിണറായി ഓർമ്മിപ്പിച്ചു.

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം

കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു