കൊല്ലത്ത് വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡ്യൂട്ടിക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തും. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലപ്പെട്ട വന്ദന ദാസിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി നേരിട്ടെത്തി ആശ്വസിപ്പിച്ചു. വന്ദന ചികിത്സയിലിരുന്ന കിംസ് ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി കുടുംബാംഗങ്ങളെ കണ്ടത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിയ്ക്ക് ഒപ്പം ആശുപത്രിയിലെത്തി ഡോ. വന്ദനയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
കൊലപാതകത്തിന് കാരണം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
അതേസമയം, വനിതാ ഡോക്ടറുടെ കൊലപാതകത്തിന് കാരണം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ലഹരിമരുന്ന് ഉപയോഗിച്ചയാളെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ സ്വീകരിക്കേണ്ട ഒരു സുരക്ഷാ മുന്‍കരുതലുകളും പോലീസ് സ്വീകരിച്ചിട്ടില്ല. ഇതാണ് ഡോക്ടറുടെ മരണത്തിന് ഇടയാക്കിയത്. സംഭവത്തില്‍ ഗൗരവതരമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സംഭവത്തില്‍ ആരോഗ്യമന്ത്രിയെയും ശക്തമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്. വിഷയത്തില്‍ ആരോഗ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്ന് ആരാഞ്ഞ പ്രതിപക്ഷ നേതാവ് ഇനി എല്ലാവരും കരാട്ടെയും കളരിയും പഠിക്കണമെന്ന് മന്ത്രി പറയാത്തത് ഭാഗ്യമാണെന്ന് പരിഹസിച്ചു. ആരോഗ്യവകുപ്പിന് കീഴിലെ വിവിധ മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി, സ്വയം പ്രതിരോധത്തിന് വേണ്ടി എംബിബിഎസില്‍ എന്തെങ്കിലും പരിശീലനം നല്‍കുന്നുണ്ടോയെന്നും ചോദിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടിട്ടുള്ളയാളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി. ഈ നിലയില്‍ മന്ത്രിയുടെ പേര് ഗിന്നസ് ബുക്കില്‍ വരെ വരേണ്ടതാണെന്നും അദ്ദേഹം പരിഹസിച്ചു.
ആശുപത്രികള്‍ സുരക്ഷിത സ്ഥലങ്ങളല്ലെന്ന അവസ്ഥയുണ്ടാകുന്നത് സര്‍ക്കാര്‍ അടിയന്തിരമമായി അവസാനിപ്പിക്കണം. മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഉള്‍പ്പെടെ നിരവധി നിയമങ്ങള്‍ ഉണ്ടെങ്കിലും ജോലി സ്ഥലത്തെ സുരക്ഷിതത്വമില്ലായ്മയെ കുറിച്ച് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും നിരന്തരമായി പരാതി ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നതിന്റെ പരിണിതഫലമാണ് കൊട്ടാരക്കരയിലെ ദാരുണ കൊലപാതകം. താനൂരിലെ ബോട്ടപകടം പോലെ യുവഡോക്ടറുടെ കൊലപാതകവും സര്‍ക്കാരിന്റെ അനാസ്ഥയെ തുടര്‍ന്നുണ്ടായതാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റാണ് ഡോ.വന്ദന ദാസ് ആണ് കൊല്ലപ്പെട്ടത്. ഡോക്ടറെ ഉള്‍പ്പെടെ അഞ്ച് പേരെ സന്ദീപ് കത്രിക കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന പോലീസുകാര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാലരയോടൊയാണ് സംഭവം നടന്നത്. സന്ദീപിനെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടയിലായിരുന്നു ആക്രമണം. കഴുത്തിലും പുറത്തുമായി ആറ് കുത്താണ് ഡോ. വന്ദനയുടെ ശരീരത്തിലേറ്റത്.