KERALA

'രക്ഷിക്കാനുള്ളവരെയെല്ലാം രക്ഷിച്ചു, ജീവനോടെ ഇനിയാരും ബാക്കിയില്ല', ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി മുഖ്യമന്ത്രി

വെബ് ഡെസ്ക്

ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന വയനാട്ടിലെ ചൂരല്‍മല - മുണ്ടക്കൈ ഭാഗങ്ങളില്‍ ഇനി ജീവനോടെ ആരെയും രക്ഷിക്കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കുന്ന സൈന്യത്തെ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ രക്ഷിക്കാനാകുന്ന എല്ലാവരേയും സംരക്ഷിച്ചതായി സൈന്യം അറിയിച്ചു. അവിടെ ഇനി ആരും ബാക്കിയില്ല. എന്നാല്‍, കാണാതായ ഒട്ടേറെ ആളുകളുണ്ടൈന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മലവെള്ളപ്പാച്ചിലില്‍ നിലമ്പൂര്‍ ഭാഗത്തേക്ക് ഒഴുകിപ്പോയ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചു എന്നത് തിരച്ചില്‍ ദൗത്യത്തിന്റെ വിജയമാണ്. ഈ ശ്രമം തുടരുമെന്നും വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

പുനരധിവാസത്തെ കുറിച്ച് സർക്കാർ ചിന്തിക്കുന്നുണ്ടെങ്കിലും ഇപ്പോൾ പ്രാധാന്യം നൽകുന്നത് രക്ഷാപ്രവർത്തനത്തിന്

കുത്തിയൊലിച്ചുവന്ന മണ്ണ് നീക്കംചെയ്ത് അടിയില്‍കുടുങ്ങിയ ആളുകളെ കണ്ടെത്തുന്നതില്‍ തടസ്സം നേരിട്ടിരുന്നു. ആവശ്യമായ യന്ത്രങ്ങള്‍ അവിടേക്ക് എത്തിക്കാന്‍ സാധിക്കാതെ പോയത് തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. ബെയ്‌ലി പാലം പൂര്‍ത്തിയായത് തിരച്ചിലിന് വേഗം നല്‍കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ദുരന്തം ആളുകളിലുണ്ടാക്കിയ മാനസികാഘാതം പ്രതീക്ഷിക്കാവുന്നതിനുമപ്പുറമാണ്. ആവശ്യമായ കൗൺസിലിങ് നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. ആദിവാസി കുടുംബങ്ങളെ അനുനയിപ്പിച്ച് മാറ്റിപ്പാർപ്പിക്കാൻ ശ്രമിക്കുകയാണെന്നും അവർക്ക് ഭക്ഷണം അവിടെ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ട്രൈബൽ പ്രമോട്ടര്‍മാരെ അതിനായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പുനരധിവാസത്തെ കുറിച്ച് സർക്കാർ ചിന്തിക്കുന്നുണ്ടെങ്കിലും ഇപ്പോൾ പ്രാധാന്യം നൽകുന്നത് രക്ഷാപ്രവർത്തനത്തിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസപ്രക്രിയ ശക്തമായി നടക്കുമെന്നും ക്യാമ്പുകൾ കുറച്ച് നാളുകളിലേക്ക് തുടരേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരന്തത്തോട് അനുബന്ധമായി ഉണ്ടാകാൻ സാധ്യതയുള്ള മറ്റൊരു ദുരന്തം പകർച്ചവ്യാധിയാണ്. അത് സംഭവിച്ചുകൂടാ. ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ് പാലിക്കുക. അതിനാവശ്യമായ ക്രമീകരണങ്ങൾ കൊണ്ടുവരും." മുഖ്യമന്ത്രി പറഞ്ഞു. സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് പുതിയ സർട്ടിഫിക്കറ്റുകൾ നൽകാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും