സംസ്ഥാനത്ത് വീണ്ടും ഗവർണർ-മുഖ്യമന്ത്രി പോര്. താൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു. കൃത്യമായ ഇടവേളകളിൽ ഗവർണറെ വിവരങ്ങൾ അറിയിക്കുകയെന്നത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ചുമതലയാണെന്നും എന്നാൽ അദ്ദേഹം രാജ്ഭവനിലെത്താറില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് കടുത്ത മറുപടിയുമായാണ് ഗവര്‍ണറുടെ വിമർശനം. സർക്കാർ പ്രവർത്തിക്കുന്നത് പാർട്ടി പറയുന്നത് പോലെയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
"ഗവർണറെ വിവരങ്ങൾ ധരിപ്പിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ചുമതലയാണ്. അദ്ദേഹം എന്നെ കാണാൻ വന്നില്ല. മന്ത്രിമാരല്ല എന്നെ വിവരം ധരിപ്പിക്കേണ്ടത്. മന്ത്രിമാരും ഉദ്യോഗസ്ഥരും രാജ്ഭവനില്‍ വന്നിട്ട് കാര്യമില്ല. എല്ലാ മന്ത്രിമാരും ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കേണ്ടവരാണ്,'' ഗവർണർ പറഞ്ഞു. നിയമവിരുദ്ധമായ ബില്ലുകളിൽ എങ്ങനെ ഒപ്പിടും. നിയമവാഴ്ചയുള്ള രാജ്യമാണ് നമ്മുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരുവന്നൂർ വിഷയത്തിൽ ഇ ഡി അന്വേഷണം നടക്കുന്നു. അതിൽ താൻ ഇടപെടേണ്ട കാര്യമല്ല. വിഷയത്തിൽ പരാതി ലഭിക്കുകയായെങ്കിൽ വിശദീകരണം തേടും. ബില്ലുകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് സർക്കാർ നാൽപ്പത് ലക്ഷം രൂപ മുടക്കി നിയമോപദേശം തേടിയതെന്തിനാണെന്ന മറുചോദ്യമായിരുന്നു ഗവർണറുടെ മറുപടി.
ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണറുടെ നടപടി പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തിയിരുന്നു. നിയമസഭ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സമീപനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യത്തിൽ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിക്കുകയുണ്ടായി.
"സംസ്ഥാനത്ത് ബില്ലുകൾ പാസാകാതെ വൈകുന്നത് ഗവര്‍ണറുടെ അനുചിതമായ സമീപനം മൂലമാണ്. ഒരു വര്‍ഷവും 10 മാസവുമായി എട്ട് ബില്ലുകളാണ് അദ്ദേഹത്തിന്റെ അനുമതിക്കായി കിടക്കുന്നത്.ഈ സമീപനം ഭരണഘടനാ വിരുദ്ധമെന്ന് ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാൻ കഴിയില്ല. ഗവർണറുടെ നടപടി കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതാണ്.ജനാഭിലാഷം പ്രതിഫലിക്കുന്ന നിയമസഭ പാസാക്കുന്ന ബില്ലുകൾ നിയമമാക്കാൻ കാലതാമസം വരുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്ക് യോജിച്ചതല്ല. ആവശ്യപ്പെട്ട വിശദീകരണം സർക്കാർ നൽകിയിട്ടും ഗവർണർ ബില്ലുകളിൽ ഒപ്പിട്ടില്ല," മുഖ്യമന്ത്രി ആരോപിച്ചു.
എന്നാൽ സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും കോടതിയിൽ പോകാൻ തയ്യാറാനാണെന്നുമായിരുന്നു ഗവർണറുടെ പ്രതികരണം. കോടതിയിലെത്തിയാൽ സർക്കാരിന്റെ ആശയക്കുഴപ്പം മാറിക്കിട്ടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.