KERALA

'ധൂര്‍ത്ത് നടത്തുന്നത് ആരെന്ന് സ്വയം ചിന്തിക്കൂ'; ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

വെബ് ഡെസ്ക്

നവകേരള സദസ് ധൂര്‍ത്താണെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ് ഒരു ധൂര്‍ത്തല്ല, പരിപാടിയുടെ ഭാഗമായി ആരെയെങ്കിലും ഒക്കെ വിളിച്ചുകൂട്ടി എന്തെങ്കിലും ഒക്കെ കൊടുത്താല്‍ അതൊരു ധൂര്‍ത്താണ്. അത്തരത്തില്‍ ചെയ്യുന്നത് ആരാണെന്നും സ്വയം ചിന്തിച്ചാല്‍ മതി. ഇരിക്കുന്ന പദവിക്ക് അനുസരിച്ചല്ല ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നത്. ആരുടേയോ സമ്മര്‍ദത്തിന് വഴങ്ങിയാണ് കാര്യങ്ങള്‍ അദ്ദേഹം നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അതേസമയം, അനിയന്ത്രിതമായ അവസ്ഥ ശബരിമലയില്‍ ഇല്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതീവ ശ്രദ്ധയോടെ ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി. ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് 220 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായ വികസന പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി ഹൈപവര്‍ കമ്മിറ്റിയുടെ അംഗീകാരത്തോടെ നടന്നു വരുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്കും തീര്‍ത്ഥാടന കാലത്തിനു ശേഷം പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന 6 ഇടത്താവളങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കിഫ്ബിയില്‍ നിന്നും 108 കോടി രൂപ ചെലവിട്ടാണ് ചെങ്ങന്നൂര്‍, കഴക്കൂട്ടം, ചിറങ്ങര, എരുമേലി, നിലയ്ക്കല്‍, മണിയംകോട് എന്നിവിടങ്ങളില്‍ ഇടത്താവളം നിര്‍മിക്കുന്നത്.

കോവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ കേരളത്തിലെ വിവിധ ദേവസും ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്ക് ഉള്‍പ്പെടെ 467 കോടി രൂപയുടെ സഹായമാണ് സര്‍ക്കാര്‍ നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മാത്രം 144 കോടി നല്‍കി. ശബരിമല സീസണിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തനംതിട്ട , കോട്ടയം ജില്ലകള്‍ക്ക് 16 ലക്ഷം രൂപയും അനുവദിച്ചു.

ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാണ്. ഇവിടെ മണ്ഡല കാലത്തെ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് അനിയന്ത്രിതമായി വര്‍ധിക്കുന്നത് നമ്മുടെ നിയന്ത്രണങ്ങള്‍ക്കപ്പുറത്തെ ചില അപകടങ്ങള്‍ക്ക് കാരണമാകും. അത് മുന്നില്‍ കണ്ടുകൊണ്ട് ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. സന്നിധാനത്തെ ഓരോ സമയത്തുമുള്ള ഭക്ത ജനത്തിരക്ക് നോക്കിയാണ് തീര്‍ഥാടകരെ മുകളിലേക്ക് കടത്തി വിടുന്നത്.

കഴിഞ്ഞ മണ്ഡല കാലത്തിന്റെ ആദ്യ നാളുകളില്‍ ശരാശരി 62,000 പേരായിരുന്നുവെങ്കില്‍ ഇത്തവണ ഡിസംബര്‍ 6 മുതലുള്ള 4 ദിവസങ്ങളില്‍ തന്നെ തീര്‍ത്ഥാടകരുടെ എണ്ണം ശരാശരി 88,000 ആയി വര്‍ദ്ധിച്ചു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ കേരളത്തിന് പുറത്തുനിന്നുള്ളവര്‍ വലിയ തോതില്‍ എത്തുന്നുണ്ട്. ചെന്നൈയിലെ പ്രളയം, തെലങ്കാന തെരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ആദ്യനാളുകളില്‍ വരാന്‍ കഴിയാതിരുന്നവരും ഇപ്പോള്‍ കൂട്ടത്തോടെ എത്തുന്നു. ഇത് മനസ്സിലാക്കി, ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂടി വര്‍ദ്ധിപ്പിച്ചു.

സ്‌പോട്ട് ബുക്കിംഗ് വഴി ഏതാണ്ട് ഇരുപതിനായിരം പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയത്. പുല്ലുമേട് കാനനപാതയിലൂടെ ശരാശരി അയ്യായിരം പേര്‍ വന്നു. എല്ലാം ചേര്‍ത്ത് ഒരു ദിവസം 1,20,000 ത്തിലധികം തീര്‍ത്ഥാടകര്‍ എത്തുകയാണ്. പൊതു അവധി ദിവസങ്ങളില്‍ തിരക്ക് വല്ലാതെ വര്‍ധിച്ചു. ഇതിന്റെ ഫലമായി ശബരിമലയില്‍ എത്തിച്ചേരാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്ന അവസ്ഥയുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ ഇതാണ് അവിടെ സംഭവിച്ചത്.

പതിനെട്ടാം പടിയിലൂടെ ഒരു മണിക്കൂറില്‍ 4200 പേര്‍ക്കാണ് സാധാരണ നിലയില്‍ ദര്‍ശനം സാധ്യമാവുക. എത്തിച്ചേരുന്നവരില്‍ വയോജനങ്ങളും കുട്ടികളും പ്രായമായ സ്ത്രീകളും ഉണ്ട്. ഇവര്‍ക്ക് പടികയറാന്‍ അല്പം സമയം കൂടുതല്‍ വേണം. ഇത് മനസ്സിലാക്കിയാണ് വെര്‍ച്ച്വല്‍ ക്യു വഴിയുള്ള ദര്‍ശനം 80,000 ആയി ചുരുക്കിയത്.

തിരക്ക് വര്‍ധിച്ച പശ്ചാത്തലത്തില്‍ ഇന്നലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ചു. സ്‌പോട്ട് ബുക്കിങ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനമെടുത്തത്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നുണ്ട്. കൂടുതല്‍ ഏകോപിച്ച സംവിധാനമൊരുക്കാനും തീരുമാനിച്ചു.

ഇത്തരം യോഗങ്ങളും നടപടികളും ആദ്യത്തേതല്ല. ശബരിമലയിലെ മണ്ഡലം മകരവിളക്ക് സീസണ്‍ ഏറ്റവും സുഗമമാക്കി നടത്താനുള്ള ആസൂത്രണം സര്‍ക്കാര്‍ നേരത്തെ തന്നെ തുടങ്ങിയതാണ്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ചു കൊണ്ടുള്ള ഇടപടല്‍ ആണുണ്ടായത്. ഈ തീര്‍ത്ഥാടന കാലം സുഗമമായി നടത്താന്‍ ഉദ്ദേശിച്ചുള്ള ആലോചനായോഗങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ തന്നെ തുടങ്ങിയതാണ്.

ഇതിനു പുറമെ, ദുരന്ത നിവാരണ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്റ്റേറ്റ് പോലീസ് മേധാവിയും ജില്ലാ കളക്ടറും നേരിട്ട് യോഗങ്ങള്‍ വിളിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്.

നിലയ്ക്കല്‍ 86 ഉം പമ്പയില്‍ 53 ഉം സന്നിധാനത്ത് 50 ഉം കുടിവെള്ള കിയോസ്‌കുകള്‍ സ്ഥാപിച്ചു. പമ്പ-സന്നിധാനം കാനന പാതയുടെ ഇരുവശങ്ങളിലായി സ്ഥാപിച്ച ടാപ്പുകള്‍ വഴി ശുദ്ധീകരിച്ച കുടിവെള്ളമാണ് നല്‍കുന്നത്. കുടിവെള്ളത്തിനായി അടിയന്തര കിയോസ്‌കുകളും സജീവമാണ്. നിലയ്ക്കലില്‍ ശുദ്ധീകരിച്ച വെള്ളവും മറ്റ് ആവശ്യങ്ങള്‍ക്കുള്ള വെള്ളവും ടാങ്കര്‍ ലോറിയിലൂടെ വിതരണം ചെയ്യുന്നു. ജല അതോറിറ്റിയുടെ പമ്പാ തീര്‍ഥം കുടിവെള്ള പദ്ധതിയും ദേവസ്വം ബോര്‍ഡിന്റെ സൗജന്യ ചുക്ക് വെള്ളം പദ്ധതിയും കുറ്റമറ്റ നിലയില്‍ നടപ്പാക്കുന്നു. ഇതിനു പുറമേ നടപ്പന്തലിലും ക്യൂ കോപ്ലക്സുകളിലും ഭക്തരുടെ തിരക്ക് അനുഭവപ്പെടുന്ന എല്ലാ പരിസരങ്ങളിലും ദേവസ്വം ബോര്‍ഡ് ചുക്ക് വെള്ളവും ബിസ്‌ക്കറ്റും നല്‍കുന്നു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലില്‍ 449 ഉം പമ്പയില്‍ 220 ഉം സന്നിധാനത്ത് 300 ഉം ക്ലീനിംഗ് ജോലിക്കാരാണുള്ളത്. ആകെ 2350 ടോയ്ലറ്റുകള്‍ ഒരുക്കി. ബയോ ടോയ്‌ലെറ്റുകള്‍ ഉള്‍പ്പെടെ നിലയ്ക്കലില്‍ 933 ഉം പമ്പയില്‍ 412 ഉം സന്നിധാനത്ത് 1005 ഉം ടോയ്ലറ്റുകളാണുള്ളത്.നിലയ്ക്കലില്‍ 3500 ഉം പമ്പയില്‍ 1109 ഉം സന്നിധാനത്ത് 1927 ഉം വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചു.

നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്താന്‍ ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിച്ചു. 15 എമര്‍ജന്‍സി മെഡിസിന്‍ സെന്ററുകളും 17 ആംബുലന്‍സുകളും തീര്‍ത്ഥാടകര്‍ക്കായി ഒരുക്കി പമ്പയില്‍ 2 വെന്റിലേറ്ററുകളും 25 ഐ.സി യൂണിറ്റുകളും തയ്യാറാക്കി. യാത്രാ സൗകര്യം ഒരുക്കുന്ന കെ എസ് ആര്‍ ടി സി ഈ ഞായറാഴ്ച വരെ 24,456 ട്രിപ്പുകള്‍ പമ്പയിലേക്കും 23,663 ട്രിപ്പുകള്‍ പമ്പയില്‍ നിന്നും സര്‍വ്വീസ് നടത്തിയിട്ടുണ്ട്.

കോവിഡിന് മുന്‍പത്തെ വര്‍ഷം സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലുമായി 11,415 പോലീസുകാരെയാണ് വിന്യസിച്ചത്. കഴിഞ്ഞ വര്‍ഷം 16,070 ആയിരുന്നു. ഇത്തവണ 16,118 പോലീസുകാരെയാണ് ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഒരേ തരത്തിലാണ് എല്ലാ വര്‍ഷവും ഡ്യുട്ടി നിശ്ചയിക്കുന്നത്. ശബരിമലയില്‍ തിരക്ക് വരുമ്പോള്‍ സഹായം ചെയ്യാന്‍ 50 ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍മാരുടെ സേവനം വിട്ടുകൊടുത്ത് ഉത്തരവ് ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം