അസുഖ ബാധിതനായി തിരുവനന്തപുരം നിംസിൽ പ്രവേശിപ്പിച്ചിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നാളെ ആരോഗ്യ മന്ത്രി സന്ദർശിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് ആരോഗ്യ മന്ത്രിയെത്തുന്നത്. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. തന്റെ പിതാവിന്റെ സുഖവിവരം അന്വേഷിച്ച് മുഖ്യമന്ത്രി തന്നെ വിളിച്ചതായും ചാണ്ടി ഉമ്മൻ പറഞ്ഞു.
"അപ്പയുടെ സുഖവിവരം അന്വേഷിച്ച് വിളിക്കുയും നാളെ ആരോഗ്യ മന്ത്രിയെ ഹോസ്പിറ്റലിൽ അയക്കുകയും ചെയ്യുന്ന പ്രിയങ്കരനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾക്ക് നന്ദി" ചാണ്ടി ഉമ്മൻ കുറിച്ചു.
ചികിത്സാ നിഷേധ വിവാദങ്ങൾക്കിടയിൽ ഉമ്മൻ ചാണ്ടിയെ തിങ്കളാഴ്ച വൈകീട്ടോടെ ന്യൂമോണിയ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക പരിശോധനകൾക്ക് ശേഷം തുടർ ചികിത്സകൾക്കായി അഡ്മിറ്റ് ചെയ്യുകയായിരുന്നു. അർബുദ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് ന്യൂമോണിയ ബാധ.
ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുൻപ് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയും യുഡിഎഫ് കൺവീനർ എംഎം ഹസനും തിരുവനന്തപുരത്തെ വീട്ടിലെത്തി ഉമ്മൻചാണ്ടിയെ കണ്ടിരുന്നു. ചികിത്സയിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് സന്ദർശനത്തിന് ശേഷം എം എം ഹസൻ പറഞ്ഞു. ഉമ്മൻചാണ്ടിക്ക് ചികിത്സ നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു.