കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മൈക്ക് പ്രവർത്തനം തടസപ്പെട്ടതിന്റെ പേരിൽ കേസ് എടുത്തതിനെതിരെ മുഖ്യമന്ത്രി. സുരക്ഷാപ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നതിനപ്പുറം കേസുമായി മുന്നോട്ടുപോകരുതെന്ന് മുഖ്യമന്ത്രി പോലീസിന് നിർദേശം നൽകി. സംഭവം വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. പിന്നാലെ ഉടമ രഞ്ജിത്തിനെ സ്റ്റേഷനിലേക്ക് വിളിച്ച് പോലീസ് മൈക്ക് സെറ്റ് തിരികെ നൽകി.
തിങ്കളാഴ്ച തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ മൈക്കിന്റെ ശബ്ദം 10 സെക്കൻഡ് തടസപ്പെട്ടിരുന്നു. ഇതേതുടർന്നാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. മനഃപൂർവം മൈക്കിന്റെ ശബ്ദം തടസപ്പെടുത്തി, പൊതുസുരക്ഷയെ ബാധിക്കുന്ന പ്രവൃത്തി എന്നിവയാണ് എഫ്ഐആറിലെ ആരോപണം. മൈക്കില്‍ ഹൗളിങ് വരുത്തി പ്രസംഗം തടസ്സപ്പെടുത്തി എന്നും എഫ്‌ഐആര്‍ സൂചിപ്പിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. മൈക്ക് ഓപ്പറേറ്റർ രഞ്ജിത്തിനേയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചു.
തിരക്കില്‍ ആളുകള്‍ തട്ടിയതിനാലാണ് മൈക്ക് തകരാറിലായതെന്ന് സൗണ്ട് സെറ്റ് ഉടമ രഞ്ജിത്തിന്റെ പ്രതികരണം. ''വെറും 10 സെക്കന്റ് മാത്രമാണ് ശബ്ദ തടസമുണ്ടായത്, സാധാരാണ എല്ലാ പരിപാടിക്കും മൈക്ക് ഹൗളിങ് പതിവാണ്, അസ്വാഭാവികമായി ഒന്നുമില്ല'' - രഞ്ജിത്ത് വ്യക്തമാക്കി.