മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻറെ ഉടമസ്ഥതയിലുള്ള എക്സാലോജിക്ക് സോഫ്റ്റ്‌വെയർ കമ്പനിയുമായി നടത്തിയ ഇടപാടുകളിലെ ദുരൂഹത വര്‍ധിപ്പിച്ച് നിര്‍ണ്ണായക ചോദ്യങ്ങള്‍ക്ക് മറുപടി നൽകാതെ കൊച്ചി സിഎംആര്‍എൽ. കര്‍ണാടക രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് സമാന്തരമായി കേരള ആർഒസി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് പല ചോദ്യങ്ങൾക്കും ഉത്തരം നൽകാതെ സിഎംആർഎൽ അധികൃതർ ഒഴിഞ്ഞുമാറിയതായി പരാമർശമുള്ളത്.
എക്സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടുകളിൽ പ്രഥമ ദൃഷ്ട്യാ ക്രമക്കേടുകളുണ്ടെന്നു കണ്ടെത്തുന്നതാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഴിമതി പണം വെളുപ്പിക്കാനുള്ള ഷെല്‍ കമ്പനിയാണോ എക്സാലോജിക്ക് എന്നതുൾപ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ ചോദ്യങ്ങൾക്ക് സിഎംആര്‍എല്‍ മറുപടി നല്കിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവാദമായ ഇടപാടുകളെപ്പറ്റിയും സിഎംആർഎല്ലില്‍ ഓഹരി പങ്കാളിത്തമുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയുടെ പങ്കിനെപ്പറ്റിയുമുള്ള 22 ചോദ്യങ്ങളില്‍ ആറ് എണ്ണത്തിന് മാത്രമാണ് സിഎംആര്‍എല്‍ മറുപടി നല്‍കിയതെന്ന് അറിയുന്നു. 2017ല്‍ 36 ലക്ഷവും 18ല്‍ 60 ലക്ഷവും 19ല്‍ 15 ലക്ഷവും സിഎംആര്‍എല്‍ വീണാ വിജയനും എക്സാലോജിക്കിനും സേവനത്തിനായി നല്‍കി. പക്ഷേ, ഈ കാലയളവില്‍ ഒരു സേവനവും സിഎംആര്‍എല്ലിന് നല്‍കിയിട്ടില്ല എന്ന ആരോപണത്തിനും തൃപ്തികരമായ ഉത്തരം സിഎംആർഎൽ നൽകിയില്ല.
കമ്പനി നൽകിയ മറുപടികൾ ദുരൂഹവും വ്യക്തതയില്ലാത്തതുമെന്ന് കേരള കമ്പനി രജിസ്ട്രാർ എം ജയകുമാർ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. എക്സാലോജിക്കിനും കെഎസ്ഐഡിസിക്കും സിഎംആർഎല്ലിനും എതിരെ കമ്പനീസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം നടത്തണമെന്ന ശുപാര്‍ശയോടെയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. കർണാടക ആർഒസി നടത്തിയ അന്വേഷണത്തിൽ ബെംഗളൂരു ആസ്ഥാനമായ എക്‌സാലോജിക്കിന്റെ പ്രവർത്തനത്തിലും കമ്പനിക്ക് സിഎംആർഎല്ലുമായുള്ള ഇടപാടുകളിലും ദുരൂഹതകൾ കണ്ടെത്തിയിരുന്നു.
2017 മുതൽ 2022 വരെ സിഎംആർഎല്ലിൽ നിന്ന് 1.72 കോടി രൂപ സേവന പ്രതിഫലമായി എക്‌സാലോജിക് കൈപ്പറ്റി. എന്നാൽ ഈ തുകയ്ക്ക് അനുസൃതമായി നൽകിയ സേവനങ്ങൾ എന്തെന്നോ ഇടപാട് സംബന്ധിച്ച വ്യക്തമായ കരാർ രേഖകളോ നൽകാൻ വീണയ്ക്ക് കഴിഞ്ഞില്ലെന്ന് കർണാടക ആർഒസി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കമ്പനി വാങ്ങിയ പ്രതിഫലത്തിനു പുറമെ വ്യക്തിപരമായി വീണ വിജയൻ 55 ലക്ഷം രൂപ സിഎംആർഎല്ലില്‍ നിന്ന് കൈപ്പറ്റിയിരുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാതെ വീണ ഒഴിഞ്ഞുമാറിയെന്നും ആ റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഇരു റിപ്പോർട്ടുകളും പരിശോധിച്ച കമ്പനികാര്യ മന്ത്രാലയം വിഷയത്തിൽ തുടരന്വേഷണത്തിനായി മൂന്ന് ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി. ആ സമിതിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. കേരള ജനപക്ഷം നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജിന്റെ പരാതിയിലായിരുന്നു ആർഒസി അന്വേഷണം നടത്തിയത്.