എട്ട് മാസമായികണ്ണൂർ ആറളം ഫാമിലെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിട്ട്, എന്നാല്‍ ഈ കാലമത്രയും മുടങ്ങാതെ പണിയെടുത്തിട്ടുണ്ട് ഇവിടത്തെ തൊഴിലാളികള്‍. ശമ്പളം കിട്ടാതായതോടെ ആരംഭിച്ച അനിശ്ചിതകാല സമരം മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് തൊഴിലാളികള്‍ പിന്‍വലിച്ചത്. എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും വാഗ്ദാനം അങ്ങനെത്തന്നെ നിലനിൽക്കുകയാണ്.
ആനമതില്‍ നിര്‍മാണ അവലോകന യോഗവുമായി ബന്ധപ്പെട്ട് ഇന്നലെ പട്ടികജാതി-വര്‍ഗ വികസന മന്ത്രി കെ രാധാകൃഷ്ണന്‍ ഫാം സന്ദര്‍ശിച്ചിരുന്നെങ്കിലും തൊഴിലാളി പ്രശ്‌നങ്ങളില്‍ തീരുമാനമായില്ല. ഉടന്‍ പരിഹാരമുണ്ടാക്കാമെന്നാണ് മന്ത്രി വീണ്ടും ഉറപ്പുനല്‍കിയതെന്ന് തൊഴിലാളികള്‍ 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.
എട്ട് മാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെന്നും വിഷയം മുഖ്യമന്തിയടക്കമുള്ളവരെ നേരില്‍കണ്ട് അറിയിച്ചിരുന്നെന്നും തൊഴിലാളി സംഘടനാ നേതാവ് കെ കെ ജനാര്‍ദനന്‍ പറഞ്ഞു.
ആറളം ഫാമില്‍ വന്യജീവി ആക്രമണത്തില്‍ നിരവധിപേരാണ് കൊല്ലപ്പെട്ടത്. ഫാമില്‍ സംരക്ഷണ മതില്‍ എന്ന ആവശ്യം നിരന്തരം ഉന്നയിച്ചിട്ടിട്ടും നടപ്പിലായിരുന്നില്ല. തുര്‍ച്ചയായ മരണങ്ങളുണ്ടാകുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ ആനമതിലിന് ഭരണാനുമതി ലഭിച്ചു. അതുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനാണ് വകുപ്പ് മന്ത്രി ഇന്നലെ ഫാമിലെത്തിയത്. മതിലിന്റെ ടെൻഡര്‍ ഉറപ്പിച്ചുവെന്നും 15 ദിവസത്തിനുള്ളില്‍ മതിലിന്റെ പണി ആരംഭിക്കുമെന്നുമാണ് മന്ത്രി ഉറപ്പ് നല്‍കിയതെന്നും ജനാർദനന്‍ പറഞ്ഞു.
10.5 കിലോമീറ്റര്‍ ദൂരത്തിൽ ആനമതിലിനും അഞ്ച് കിലോമീറ്റര്‍ റോഡിനുമായി 53 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍ 37.9 കോടി രൂപയ്ക്കാണ് ടെൻഡർ ഉറപ്പിച്ചിരിക്കുന്നത്. ആനമതില്‍ നിര്‍മിക്കുന്ന ഭാഗത്തെ നൂറോളം മരങ്ങള്‍ മുറിച്ചുമാറ്റേണ്ടിവരും. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
അതേസമയം, ഫണ്ടിന്റെ അപര്യാപ്തത കാരണമാണ് ശമ്പളം നല്‍കാന്‍ സാധിക്കാത്തെതെന്നാണ് വകുപ്പില്‍നിന്ന് തൊഴിലാളികള്‍ക്ക് ലഭിച്ച മറുപടി. വനം വകുപ്പ് ഫാമിന് നല്‍കേണ്ട നഷ്ടപരിഹാരത്തുക ലഭിക്കുന്നതനുസരിച്ച് ശമ്പളം നല്‍കാമെന്നാണ് മന്ത്രിയുടെ ഉറപ്പ്.
ശമ്പളം മുടങ്ങിയതോടെ തൊഴിലാളികള്‍ക്ക് വായ്പടയ്ക്കാൻ സാധിക്കാതെ വന്നു. ഇതോടെ ഫാമിലെ സഹകരണ സംഘം പൂട്ടലിന്റെ വക്കിലായി. സംഘം ഇപ്പോള്‍ ഒന്നരകോടിയോളം രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യന്‍ മന്ത്രിയെ അറിയിച്ചു.