മെയ് ആറിന് പുറത്തിറക്കിയ പുതിയ കരട് മാപ്പനുസരിച്ച് ആലപ്പുഴ ജില്ലയിലെ 29 പഞ്ചായത്തുകളാണ് C R Z 3B (200 മീറ്റർ) പരിധിയിൽ ഉൾപ്പെടുന്നത്. ഇത് പ്രകാരം കടൽ തീരത്തുനിന്നും 200 മീറ്റർ അകലത്തിൽ മാത്രമാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ അനുവദിക്കൂ. താത്കാലിക നമ്പറുള്ള 25,000 ത്തിൽപരം വീടുകളും കറന്റ്, വാട്ടർ കണക്ഷനുള്ള നമ്പറില്ലാത്ത 5,000 ത്തിൽ പരം വീടുകളുമാണ് ജില്ലയിൽ ഈ പരിധിക്ക് കീഴിൽ വരുന്നത്. ഇവിടങ്ങളിലെ ജനങ്ങൾക്ക് അവരുടെ സ്വന്തമായുള്ള ഭൂമിയിൽ വീട് നിർമിക്കുന്നതിനും ഈ പരിധിമൂലമുള്ള നിയന്ത്രണങ്ങൾ വിലങ്ങുതടിയാകുന്നു.
വർഷങ്ങളായി കടലിൽ നിന്ന് ഉപജീവനം കണ്ടെത്തിയിരുന്നവർക്ക് അവരുടെ ഭൂമിയിലുള്ള സ്വാതന്ത്ര്യം നിയന്ത്രിക്കുന്നത് മൗലികാവകാശങ്ങളുടെ നിഷേധം കൂടിയായി മാറുന്നു. ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ തീരദേശത്തുള്ള ജനങ്ങളുടെ അഭിപ്രായം തേടാതെയോ വേണ്ട ചർച്ചകൾ നടത്താതെയോ കൊണ്ടുവരുന്നതാണെന്ന ആക്ഷേപവും നിലനിൽക്കുന്നു.