KERALA

ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം; പുതിയ ആകാശങ്ങളിലേക്ക് സിയാല്‍

വിമാനത്താവള കമ്പനിയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവും ലാഭവിഹിതവുമാണിതെന്ന് കണക്കുകള്‍

ദ ഫോർത്ത് - കൊച്ചി

ഇന്ത്യന്‍ വ്യോമയാന രംഗത്ത് കോവിഡാനന്തര കാലഘട്ടത്തില്‍ പുതിയപാത വെട്ടിത്തുറന്ന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാൽ ). 2022-23 ലെ വരവ് - ചെലവ് കണക്കിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന ഡയറക്ടര്‍ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. 267.17 കോടി രൂപയാണ് സിയാലിന്റെ അറ്റാദായം. നിക്ഷേപകര്‍ക്ക് 35 ശതമാനം റെക്കോര്‍ഡ് ലാഭവിഹിതം നല്‍കാനും ബോര്‍ഡ് ശുപാര്‍ശ ചെയ്തു. കോവിഡാനന്തര വർഷത്തിൽ ലാഭം നേടിയ ഇന്ത്യയിലെ ഒരേയൊരു വിമാനത്താവളമായിരുന്നു സിയാൽ.

വിമാനത്താവള കമ്പനിയുടെ 25 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവും ലാഭവിഹിതവുമാണിതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രജത ജൂബിലി വര്‍ഷത്തില്‍ സിയാല്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മൊത്ത വരുമാനം 1000 കോടി രൂപയാക്കി ഉയര്‍ത്താനുള്ള പദ്ധതി നടപ്പാക്കാനും ബോര്‍ഡ് തീരുമാനിച്ചു.

കോവിഡിന്റെ പ്രത്യാഘാതത്തില്‍ 2020-21 കാലഘട്ടത്തില്‍ 85.10 കോടിരൂപ നഷ്ടമുണ്ടാക്കിയ സിയാല്‍, കോവിഡാനന്തരം നടപ്പാക്കിയ സാമ്പത്തിക/ഓപ്പറേഷണല്‍ പുനക്രമീകരണ നടപടികളുടെ ഫലമായി 2021-22 കാലഘട്ടത്തില്‍22.45 കോടി രൂപ ലാഭം നേടിയിരുന്നു. കോവിഡാനന്തരം ലാഭം നേടിയ വിമാനത്താവളമാണ് സിയാല്‍. പുതിയ വരുമാന മാര്‍ഗങ്ങള്‍ ഫലം കാണാന്‍ തുടങ്ങിയതോടെ 2021 -22 വര്‍ഷം 418.69 കോടി വരുമാനം നേടിയിരുന്നു .

തിങ്കളാഴ്ച ബോര്‍ഡ് അംഗീകരിച്ച കണക്ക് പ്രകാരം 2022-23-ല്‍ മൊത്തവരുമാനം 770.90 കോടി രൂപയായി ഉയര്‍ന്നു. തേയ്മാനച്ചെലവ്, നികുതി, പലിശ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള കണക്കില്‍ സിയാല്‍ നേടിയ പ്രവര്‍ത്തന ലാഭം 521.50 കോടി രൂപയാണ്. ഇവയെല്ലാം കിഴിച്ചുള്ള അറ്റാദായം 267.17 കോടി രൂപയും. 2022-23-ല്‍ സിയാലിലെ യാത്രക്കാരുടെ എണ്ണം 89.29 ലക്ഷമായി ഉയര്‍ന്നിരുന്നു. 61,232 വിമാനസര്‍വീസുകളും സിയാല്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ സിയാലിന്റെ നൂറുശതമാനം ഓഹരിയുള്ള ഉപകമ്പനികളുടേയും സാമ്പത്തിക പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്.

സെപ്റ്റംബറിൽ അഞ്ച് മെഗാ പദ്ധതികൾക്ക് തുടക്കമിടാനും ഡയറക്ടർബോർഡ് യോഗത്തിൽ തീരുമാനമായി. ടെർമിനൽ-3 വികസനത്തിനായുള്ള നിർമാണ പ്രവർത്തനത്തിന് കല്ലിടൽ, പുതിയ കാർഗോ ടെർമിനൽ ഉദ്ഘാടനം, ഗോൾഫ് ടൂറിസം പദ്ധതി, ടെർമിനൽ-2-ൽ ട്രാൻസിറ്റ് അക്കോമഡേഷൻ നിർമാണോദ്ഘാടനം, ടെർമിനൽ-3 ന്റെ മുൻഭാഗത്ത് കൊമേഴ്‌സ്യൽ സോൺ നിർമാണോദ്ഘാടനം, എന്നിവയാണ് സെപ്റ്റംബറിൽ നിശ്ചയിച്ചിട്ടുള്ളത്. ഇവയിൽ ടെർമിനൽ-3 ന്റെ വികസനത്തിന് മാത്രം 500 കോടിയിലധികം രൂപയാണ് കണക്കാക്കപ്പെടുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ