സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണിയുമായി സര്‍ക്കാര്‍. കളക്ടർമാർക്ക് കൂട്ട സ്ഥലമാറ്റം.എറണാകുളം കലക്ടര്‍ രേണുരാജിനെ വയനാട് കലക്ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എന്‍ എസ് കെ ഉമേഷ് എറണാകുളം കലക്ടറാകും.
തൃശൂര്‍ കലക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴ കലക്ടറായി നിയമിച്ചു. വയനാട് കലക്ടര്‍ എ ഗീതയെ കോഴിക്കോട് കലക്ടറാക്കി. കോഴിക്കോട് കളക്ടര്‍ ഡോ. തേജ് ലോഹിത് റെഡ്ഢി അവധിയിലാണിപ്പോൾ. ആലപ്പുഴ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയെ തൃശ്ശൂർ കലക്ടറാക്കി.
തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടര്‍ അനുകുമാരി ഐ എ എസിന് സ്റ്റേറ്റ് ഐ ടി മിഷൻ്റെ മുഴുവന്‍ സമയ അധിക ചുമതലയും ധനവകുപ്പിൽ ഓഫീസര്‍ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള മൊഹമ്മദ് വൈ സഫീറുള്ളയ്ക്ക് ഇ - ഹെൽത്ത് പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതലയും നൽകി. അനുകുമാരിക്ക് പകരം സബ് കളക്ടര്‍ അശ്വതി ശ്രീനിവാസന് തിരുവനന്തപുരം വികസന കമ്മീഷണറുടെ ചുമതല നൽകിയാണ് പൊതു ഭരണ വകുപ്പ് ഉത്തരവിറക്കിയത്.
എറണാകുളത്തെ ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തിൽ കലകട്ർ രേണു രാജിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. പ്ലാൻ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കലക്ടര്‍ ഹാജരാകാതിരുന്നതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് രേണുരാജിൻ്റെ സ്ഥലംമാറ്റം.