മഹാരാജാസിന്റെ വ്യാജരേഖ ഉണ്ടാക്കി കലാലയത്തെ പ്രതിരോധത്തിലാക്കിയവർ ചെയ്ത ദ്രോഹം വലുതെന്ന് പൂർവ വിദ്യാർഥി കൂട്ടായ്മ. മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ പ്രസിഡന്റ് സി ഐ സി സി ജയചന്ദ്രൻ ആണ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതിഷേധം അറിയിച്ചത്. ആരോ ചെയ്ത കുറ്റത്തിന്റെ പേരിൽ കോളജിന്റെ പേര് വലിച്ചിഴയ്ക്കപ്പെടുകയാണ്. പല മഹാരാജാസുകാരും ഇന്ന് ഒരു മറുപടി പറയാനാകാതെ പകച്ചു നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാജാസിനെ അപകീർത്തിപ്പെടുത്താൻ തക്കം കാത്തിരിക്കുന്നവർ ഏറെയാണ്. ഇത്തരക്കാർ മഹാരാജാസിൽ എപ്പോഴും പ്രശ്നമാണെന്ന് വരുത്തി തീർക്കും. ഓരോ കാര്യവും പർവ്വതീകരിച്ച് കോളജിനെ വേട്ടയാടുകയും കോടതികളിലേയ്ക്ക് വലിച്ചിഴയ്ക്കുകയും ചെയ്യും. മഹാരാജാസിന്റെ വ്യാജരേഖ ഉണ്ടാക്കിയവർ അവരോടൊപ്പം ചേർന്ന് കലാലയത്തെ വീണ്ടും പ്രതിരോധത്തിലാക്കിയെന്നും അദ്ദേഹം പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം
കെ. വിദ്യ എന്ന മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി അറിയാൻ. 2025ൽ ഈ കലാലയം 150 മത് പിറന്നാളിൽ എത്തുകയാണ്. വിദ്യയ്ക്ക് അറിയാവുന്നത് പോലെ മധ്യകേരളത്തിലെ സാധാരണക്കാരും, സാമ്പത്തികമായി ഏറ്റവും പിന്നിൽ നിൽക്കുന്നവരുമായ വിദ്യാർത്ഥികളുടെ ഏക ആശ്രയം ഈ കലാലയമാണ്.
3000 ത്തിൽ താഴെ കുട്ടികൾ പഠിക്കുന്നതിന് കൊച്ചി നഗരത്തിന്റെ ഏറ്റവും കണ്ണായ സ്ഥലത്ത് എന്തിന് 17.5 ഏക്കർ സ്ഥലവും ലക്ഷത്തിലധികം ചതുരശ്ര അടി ഉള്ള പുരാതന കെട്ടിടവും എന്ന ചോദ്യം പലയിടത്തു നിന്നും ഉയർന്നു വരുകയും. ഈ സ്ഥലവും കെട്ടിടവും വല്ല ഹെറിറ്റേജ് ഹോട്ടലും ആയി മാറിയാൽ ഉണ്ടാകുന്ന സാമ്പത്തിക നേട്ടത്തെ കുറിച്ച് പല കോണുകളിലും സംവാദങ്ങൾ ഉയരുകയും ചെയ്തപ്പോൾ ആണ് 2008 ൽ മഹാരാജകീയ സംഗമം എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി ഒത്തു ചേരൽ നടത്താൻ മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ തീരുമാനമെടുത്തത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മഹാരാജകീയരെ വളരെ വർഷങ്ങൾക്ക് ശേഷം ക്യാമ്പസ്സിൽ എത്തിച്ച് മഹാരാജാസിനായി പ്രതിരോധം തീർക്കുക, ഈ പൈതൃകസമ്പത്ത് കാക്കുക. സുപ്രീം കോടതി ചീഫ് ജസ്റ്റിസും, കേന്ദ്ര പ്രതിരോധ മന്ത്രിയും, കേരളത്തിലെ മന്ത്രിമാരും സാംസ്‌കാരിക നേതാക്കളും പ്രഗൽഭരായ അദ്ധ്യാപകരും, ചലച്ചിത്ര താരങ്ങളും, പതിനായിരത്തിന് അടുത്ത് പൂർവ്വ വിദ്യാർത്ഥികളും, ഇതിനായി അണിചേർന്നു.
മഹാരാജാസിനായി ശബ്ദമുയർത്താൻ ഒരു വലിയ ശക്തി കോളേജിന് പുറത്ത് ഉണ്ട് എന്നും, എപ്പോൾ വിളിച്ചാലും അവർ മഹാരാജാസിനെ സംരക്ഷിക്കാൻ വരും എന്ന തോന്നൽ ആണ് മഹാരാജാസ് വിരുദ്ധരെ അന്ന് അടക്കി നിർത്തിയതും ഇപ്പോൾ അടക്കി നിർത്തുന്നതും.
പിന്നീട് 2012ലും 2016 ലും മഹാരാജകീയങ്ങൾ നടന്നു.
മഹാരാജാസിനെ അവമതിപ്പെടുത്താൻ തക്കം കാത്തിരിക്കുന്നവർ ഒട്ടേറെ ഉണ്ട്. ഓരോ കാര്യവും അവർ പർവ്വതീകരിച്ച് വേട്ടയാടും, കോടതികളിലേയ്ക്ക് വലിച്ചിഴയ്ക്കും. മഹാരാജാസ് മൊത്തം പ്രശ്നമാണ് എന്ന് വരുത്തി തീർക്കും.
മഹാരാജാസിന്റെ വ്യാജരേഖ ഉണ്ടാക്കി നിങ്ങളും അവരോടൊപ്പം ഈ കലാലയത്തെ വീണ്ടും പ്രതിരോധത്തിൽ ആക്കി.
കഷ്ടം, നിങ്ങൾ ചെയ്ത ദ്രോഹം എത്ര വലുതാണ് എന്ന് നിങ്ങൾ അറിയുന്നുണ്ടോ?
എത്ര എത്ര മഹാരാജാസുകാരാണ് ഇന്ന് ഒരു മറുപടിയും പറയാനാകാതെ പകച്ചു നിൽക്കുന്നത്.
നിങ്ങൾ ഉണ്ടാക്കിയ ഈ മുറിവ് മഹാരാജാസ് ഒരിക്കലും മറക്കില്ല.
സി ഐ സി സി ജയചന്ദ്രൻ.
പ്രസിഡന്റ് മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ.