KERALA

കിടക്ക ഇല്ല, അപകട നില തരണം ചെയ്യുന്നതിന് മുൻപ് ഡിസ്ചാർജ് ചെയ്ത രോഗി മരിച്ചു; കോട്ടയം മെഡിക്കല്‍ കോളേജിനെതിരെ പരാതി

അപകട നില തരണം ചെയ്യുന്നതിന് മുമ്പേ കിടക്കയില്ലെന്ന കാരണം പറഞ്ഞ് ആശുപത്രി അധികൃതർ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിർദേശിച്ചു

വെബ് ഡെസ്ക്

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയെ അപകട നില തരണം ചെയ്യുന്നതിന് മുൻപ് ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് മരിച്ച സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി ബന്ധുക്കൾ. വൈക്കം വെച്ചൂർ ഇടയാഴം സ്വദേശി ഗോപിനാഥൻ നായരുടെ മരണത്തിലാണ് കോട്ടയം മെഡിക്കൽ കോളേജിനെതിരെ ബന്ധുക്കൾ രംഗത്തെത്തിയത്.

ജൂൺ അഞ്ചിന് രാത്രി വൈക്കം ഇടയാഴം പെട്രോൾ പമ്പിന് സമീപത്തുകൂടി നടന്നു പോകുമ്പോഴായിരുന്നു ഗോപിനാഥനെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഗോപിനാഥനെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. തലയ്ക്കേറ്റ പരുക്ക് ഗുരുതരമായതിനാൽ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി. 10ന് അപകട നില തരണം ചെയ്യുന്നതിന് മുമ്പേ കിടക്കയില്ലെന്ന കാരണം പറഞ്ഞ് ആശുപത്രി അധികൃതർ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിർദേശിച്ചു.

ഗോപിനാഥന്റെ ആരോഗ്യനില മോശമായതിനാൽ മറ്റൊരു വാർഡിലേക്ക് മാറ്റാൻ ബന്ധുക്കൾ അപേക്ഷിച്ചതിനാൽ ഐസിയുവിൽ രണ്ട് ദിവസം കൂടി നീട്ടി നൽകി. 13ന് ഡിസ്ചാർജും ചെയ്തു. എന്നാൽ, ഈ ദിവസം ഡിസ്ചാർജ് ഷീറ്റ് നൽകുന്നതുവരെ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗിക്ക് നൽകേണ്ട ജീവൻ രക്ഷാ മരുന്നുകളും മറ്റ് പരിചരണങ്ങളും നൽകിയില്ലെന്നാണ് പരാതി. പിന്നീട് വൈകുന്നേരം ആറിന് വൈക്കം താലൂക്ക് ആശുപത്രിയിൽ ഗോപിനാഥനെ പ്രവേശിപ്പിച്ചെങ്കിലും രാത്രി 1.30 ഓടെ മരിച്ചു. മെഡിക്കൽ കോളേജിൽ ഏതെങ്കിലും വാർഡിലേക്ക് മാറ്റി തുടർ ചികിത്സ നല്കിയിരുന്നെങ്കിൽ ഗോപിനാഥന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നാണ് സഹോദരൻ ദിനേഷ് പറയുന്നത്. ഡിസ്ചാർജിന്റെ പേരിൽ ഒരു പകൽ മുഴുവൻ ചികിത്സ നിഷേധിക്കപ്പെട്ടതാണ് രോഗിയുടെ മരണത്തിനിടയാക്കിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം രോഗി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗോപിനാഥൻ നായരുടെ ബന്ധുക്കൾ എസ് പി, ആരോഗ്യ വകുപ്പ് മന്ത്രി, ഡിഎംഒ തുടങ്ങിയവർക്ക് പരാതി നൽകി. അതേസമയം, എല്ലാ ചികിത്സയും നല്കിയിരുന്നുവെന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. പരാതി ഉയർന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് ഒരു ലക്ഷം കടന്നു, പാലക്കാട് ലീഡ് തുടര്‍ന്ന് രാഹുല്‍ | Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ