KERALA

സിദ്ധാര്‍ത്ഥനെതിരായ പരാതി മരണശേഷം, അന്വേഷണസമിതിയില്‍ അറസ്റ്റിലായ പ്രതിയും; നടന്നത് അധികൃതര്‍ അറിഞ്ഞുള്ള ഗൂഡാലോചന

സിദ്ധാർത്ഥ് ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് കാണിച്ചാണ് 18ാം തീയതി പരാതി എത്തിയത്

മുഹമ്മദ് റിസ്‌വാൻ

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥിയായ സിദ്ധാര്‍ത്ഥന്‍ ജെ എസിനെതിരെ വിദ്യാര്‍ഥിനി നല്‍കിയ പരാതി അന്വേഷിക്കാന്‍ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റിലായ പ്രതിയും. കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുമായ അഭിഷേക് എസാണ് സിദ്ധാര്‍ത്ഥനെതിരായ പരാതി അന്വേഷിക്കുന്ന ആഭ്യന്തര പ്രശ്‌നപരിഹാര സമിതി(ഐസിസി)യില്‍ ഇടംപിടിച്ചത്.

മോശമായി പെരുമാറിയെന്നു കാട്ടി പെണ്‍കുട്ടി പരാതിപ്പെട്ടത് സിദ്ധാര്‍ത്ഥന്റെ മരണശേഷമാണെന്ന് വ്യക്തമാക്കുന്നതാണ് തെളിവുകള്‍. വുമൺ സെല്ലിൽ പരാതി ലഭിച്ചത് ഫെബ്രുവരി 19ന് പരാതിക്കാരിയുടെ സുഹൃത്ത് മുഖേനയാണ്. ഐസിസിക്ക് കൈമാറിയത് 20-നാണെന്നും ആഭ്യന്തര പരാതി സെല്ലില്‍ അംഗമായ ഡോ. രജനി സി വി 'ദ ഫോർത്തിനോട്' പറഞ്ഞു. അതേസമയം, പരാതിയിൽ പരാതിക്കാരി രേഖപ്പെടുത്തിയിരിക്കുന്ന തീയതി ഫെബ്രുവരി 18 (സിദ്ധാർത്ഥൻ മരിച്ച ദിവസം) ആണ്. പരാതി കെട്ടിച്ചമച്ചതാണെന്നും ആൾക്കൂട്ട വിചാരണ കേസിൽ കോളേജ് അധികൃതര്‍ അടക്കമുള്ളവരുടെ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ വെളിപ്പെടുത്തലുകള്‍.

സിദ്ധാർത്ഥന്‍ ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് കാണിച്ചാണ് പരാതി. തുടർന്ന് ഫെബ്രുവരി 20, 26 എന്നീ ദിവസങ്ങളിൽ രണ്ടുതവണ യോഗം ചേർന്നിരുന്നു. സിദ്ധാർത്ഥൻ മരിച്ചതിനാൽ പരാതിയിൽ തീർപ്പുണ്ടാക്കാൻ കഴിയില്ല എന്ന് വിധിച്ചതാണ് സമിതി പരാതി അവസാനിപ്പിച്ചത്. എട്ട് അംഗങ്ങളാണ് ഈ റിപ്പോർട്ടിൽ ഒപ്പുവച്ചിരിക്കുന്നത്. ഇതിൽ അഭിഷേക് എസിന്റെയും ഒപ്പുണ്ട്.

ഫെബ്രുവരി 14 ന് പരാതിക്ക് ആസ്പദമായ സംഭവം നടന്നെന്നാണ് പറയുന്നത്. അന്നു മുതല്‍ 17 വരെയാണ്‌ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച്‌ സിദ്ധാര്‍ത്ഥനെ ആൾകൂട്ട വിചാരണ നടത്തുകയും ക്രൂരമർദ്ദനത്തിന് ഇരയാക്കുകയും ചെയ്തത്. എന്നാൽ ഈ സംഭവങ്ങളിൽ നടപടി എടുക്കാതിരുന്ന കോളേജ് അധികൃതർ, 18-ന് സിദ്ധാര്‍ത്ഥന്‍ മരിച്ച ശേഷം പരാതി സ്വീകരിക്കുകയും ഐസിസിക്ക് കൈമാറുകയുമായിരുന്നു.

തുടര്‍ന്ന് പരാതി പരിഗണിച്ച ഐസിസി സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തതിനാല്‍ ഹാജരാകാനുള്ള നോട്ടീസ് നല്‍കാന്‍ കഴിഞ്ഞില്ലെന്നു കാട്ടി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഫെബ്രുവരി 26-നാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഈ റിപ്പോർട്ടിൽ അഭിഷേക് എസ് ഒപ്പുവെയ്ക്കുകയും ചെയതിട്ടുണ്ട്.

അതേസമയം സിദ്ധാർത്ഥന്റെ മരണത്തിൽ പോലീസ് പിടിയിലായ പ്രതികളുടെ എണ്ണം പതിനൊന്നായി. അമീന്‍ അക്ബർ അലി ഇന്നാണ് കീഴടങ്ങിയത്. ആകെ 18 പ്രതികളുള്ള കേസിൽ ബാക്കി ഏഴുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുക, റാഗിങ്, തടഞ്ഞുവയ്ക്കുക, ആക്രമിക്കുക ഉൾപ്പെടെയുള്ള നിരവധിയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 18-നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥനെ ക്യാമ്പസിലെ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ആത്മഹത്യ ആണെന്ന് കോളേജ് അധികൃതർ വിശദീകരിച്ചെങ്കിലും മരണത്തിൽ ദുരൂഹത ആരോപിച്ച് സിദ്ധാർത്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്ന് കോളേജ് അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ റാഗിങ് നടന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് കോളേജിലെ 12 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതു കൂടാതെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ആറു പേരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം