കാട്ടാക്കടയില്‍ കണ്‍സെഷന്‍ ടിക്കറ്റിന് അപേക്ഷിക്കാനെത്തിയ പിതാവിനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസിയുടെ പശ്ചാത്താപ നടപടി. കോഴ്‌സ് സര്‍ട്ടിഫിക്കറ്റില്ലാതെ, വിദ്യാര്‍ത്ഥിയാണെന്ന് തെളിയിക്കാതെ തന്നെ രേഷ്മയുടെ വീട്ടില്‍ കണ്‍സെഷന്‍ കാര്‍ഡ് എത്തി. ഒരാഴ്ച മുന്‍പ് പുതുക്കി നല്‍കില്ലെന്ന് അധികൃതര്‍ പറഞ്ഞ കണ്‍സെഷന്‍ കാര്‍ഡാണ് ഇപ്പോള്‍ വീട്ടിലെത്തിച്ച് കെഎസ്ആര്‍ടിസി തെറ്റു തിരുത്തിയിരിക്കുന്നത്.
ആമച്ചല്‍ സ്വദേശി പ്രേമനന്‍ ബിരുദ വിദ്യാര്‍ത്ഥിയായ മകള്‍ രേഷ്മയുടെ കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കാന്‍ കാട്ടാക്കട ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോയില്‍ എത്തിയതും ജീവനക്കാരുടെ മര്‍ദനത്തിന് ഇരയായതും വന്‍ വിവാദമായിരുന്നു. കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കി നല്‍കാന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കമുണ്ടായത്.
മകളുടെ മുന്നിലിട്ട് പിതാവിനെ തല്ലിയത് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്തു. ഇതിന് പിന്നാലെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സിഎംഡി ബിജു പ്രഭാകര്‍ തന്നെ രംഗത്തെത്തി. തികച്ചും ദൗർഭാഗ്യകരവും ഒരിക്കലും നീതീകരിക്കാനാകാത്തതുമായ സംഭവമാണ് കാട്ടാക്കട യൂണിറ്റിൽ ഉണ്ടായതെന്നാണ് ബിജു പ്രഭാകര്‍ പറഞ്ഞത് . സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് കെഎസ്ആര്‍ടിസിയുടെ അടിസ്ഥാനപരമായ പ്രശ്നം എന്നും ബിജു പ്രഭാകര്‍ കുറ്റപ്പെടുത്തിയിരുന്നു.
കാട്ടാക്കട യൂണിറ്റിലെ വിവാദവുമായി ബന്ധപ്പെട്ട് അഞ്ച് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.