നിയമസഭയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ ഭരണ-പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുത്ത് മ്യൂസിയം പോലീസ്. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ചാലക്കുടി എംഎൽഎ സനീഷിന്റെ പരാതിയിൽ ഭരണപക്ഷ എംഎൽഎമാരായ എച്ച് സലാമിനും സച്ചിൻദേവിനും ഡെപ്യൂട്ടി ചീഫ് മാർഷലിനുമെതിരെയാണ് ഒരു കേസ്. ഇവർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്.
വനിതാ വച്ച് ആൻഡ് വാർഡ് നൽകിയ പരാതിയിലാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുത്തത്. അനൂപ് ജേക്കബ്, പി കെ ബഷീർ, ഉമ തോമസ്, കെ കെ രമ, റോജി എം ജോൺ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥരെ ആക്രമിക്കൽ, പരുക്കേൽപ്പിക്കൽ, ഭീഷണി, സംഘം ചേർന്നുള്ള ആക്രമണം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സനീഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് ഭരണപക്ഷ എംഎൽഎമാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ പോലീസ് കള്ളക്കേസ് ആണെടുത്തതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.