KERALA

നിയമസഭയിലെ സംഘര്‍ഷം; ആറ് എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി, കക്ഷി നേതാക്കളുടെ യോഗം നാളെ

ദ ഫോർത്ത് - തിരുവനന്തപുരം

നിയമസഭയില്‍ ഇന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. നാളെ രാവിലെ എട്ട് മണിക്ക് സ്പീക്കറുടെ ചേംബറിലാണ് യോഗം ചേരുക. പ്രതിപക്ഷം യോഗത്തില്‍ പങ്കെടുക്കും. സ്പീക്കറും നിയമസഭാ സെക്രട്ടറിയും നടത്തിയ യോഗത്തിലാണ് കക്ഷി നേതാക്കളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചത്. അതേസമയം, തങ്ങളെ മര്‍ദിച്ച വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി.

എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ കെ രമ, ഉമ തോമസ്, സനീഷ് കുമാര്‍ ജോസഫ്, ടി വി ഇബ്രാഹിം, എ കെ എം അഷറഫ് എന്നിവരാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. സ്പീക്കറുടെ ഓഫീസ് ഉപരോധിക്കാനെത്തിയ പ്രതിപക്ഷ എംഎല്‍എമാരും വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളും തമ്മിലാണ് സ്പീക്കറുടെ ഓഫീസിന് മുന്നില്‍ വച്ച് സംഘര്‍ഷമുണ്ടായത്. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭ ഹാളില്‍ നിന്ന് മാര്‍ച്ചായി സ്പീക്കറുടെ ഓഫീസിന് മുൻപിലെത്തിയത്. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട സ്പീക്കര്‍ അത് ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍, ടി ജെ സനീഷ് കുമാര്‍, എ കെ എം അഷ്റഫ്, കെ കെ രമ,ടി വി ഇബ്രാഹിം എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. അഡീഷണല്‍ ചീഫ് മാര്‍ഷല്‍ ഉള്‍പ്പെടെ എട്ട് നിയമസഭാ ജീവനക്കാര്‍ക്കും പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കക്ഷി നേതാക്കളുടെ യോഗം വിളിക്കാന്‍ സ്പീക്കറും നിയമസഭാ സെക്രട്ടറിയും നടത്തിയ യോഗത്തില്‍ തീരുമാനമായത്.

അതേസമയം, എം വി രാഘവനെ 1987ല്‍ ഒരു സബ് മിഷന്റെ പേരില്‍ നിയമസഭയിലിട്ട് ചവിട്ടിക്കൂട്ടിയതിന് സമാനമായ ക്രൂരമായ സംഭവങ്ങളാണ് നിയമസഭയില്‍ അരങ്ങേറിയതെന്നും പ്രതിഷേധം കനത്തപ്പോള്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിട്ട് പ്രതിപക്ഷ എംഎല്‍എമാരെ ചവിട്ടിക്കൂട്ടുകയായിരുന്നുവെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആരോപിച്ചു.

നിയമസഭയെ ചോരക്കളമാക്കാനുള്ള പ്രതിപക്ഷ ശ്രമം അപലപനീയമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചു. സ്പീക്കറെ തടഞ്ഞുവയ്ക്കാന്‍ ശ്രമിക്കുകയും വാച്ച് ആന്റ് വാര്‍ഡുകളെ അക്രമിക്കുകയും ചെയ്തത് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങളാണെന്നെും പ്രതിപക്ഷ സമരങ്ങള്‍ പൊളിയുന്നതിലുള്ള ജാള്യതയാണ് സഭാ സമ്മേളനത്തെ അലങ്കോലമാക്കുന്നതിന് പിന്നിലെന്നുമാണ് ഇ പിയുടെ മറുപടി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും