ഒരിടവേളക്ക് ശേഷം കേരളത്തില്‍ സഭാ തര്‍ക്കവും, പള്ളി പിടിച്ചെടുക്കലും വീണ്ടും പള്ളി പരിസരത്തെ യുദ്ധക്കളമാക്കുകയാണ്. 2002ലെ മലങ്കര അസോസിയേഷന്‍ തിരഞ്ഞടുപ്പിനു മുന്‍പ് യാക്കോബായ വിഭാഗത്തില്‍ നിന്ന് മറുകണ്ടം ചാടിയ നാല് മെത്രാപോലീത്തമാരുടെ ഭദ്രാസനങ്ങളിലാണ് ഇന്നും സഭാതര്‍ക്കം തുടരുന്നത്. ഇതില്‍ അങ്കമാലി ഭദ്രാസന മെത്രാപൊലിത്ത എബ്രാഹം മോര്‍ സേവേറിയോസ് തിരികെ യാക്കോബായ വിഭാഗത്തിലേക്ക് പോയെങ്കിലും വിശ്വാസികള്‍ പലരും ഇപ്പുറത്ത് നില ഉറപ്പിച്ചതോടെയാണ് സഭാതര്‍ക്കം രൂക്ഷമാകുന്നത്. അടുത്ത ദിവസം ഏറ്റെടുക്കേണ്ട ഓടക്കാലി, മഴുവന്നൂര്‍, പുളിന്താനം, കോതമംഗലം ചെറിയ പള്ളി എന്നിവ എല്ലാം ഈ ഭദ്രാസനത്തിലാണ്.
സഭാതര്‍ക്കം ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ച കണ്ടനാട്, തൃശൂര്‍ ഭദ്രാസനങ്ങളും ഇത്തരത്തില്‍ യൂഹാനോന്‍ മോര്‍ മിലിത്തിയൂസ്, തോമസ് മോര്‍ അത്താനാസിയോസ് മെത്രാപോലീത്തമാരുടെ ചേരിമാറ്റത്തില്‍ നിന്നുണ്ടായതാണ്. 1912ല്‍ മെത്രാന്‍ കക്ഷി എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ദേവലോകം കേന്ദ്രമാക്കി കത്തോലിക്കേറ്റ് രൂപീകരിക്കുന്നത് വരെ ഒന്നായിരുന്ന സഭാ വിഭാഗമാണ് ഇപ്പോള്‍ തെരുവില്‍ തമ്മില്‍ തല്ലുന്നത്. വിശ്വാസത്തിലും ആരാധനാക്രമത്തിലും വേഷങ്ങളിലും യാതൊരു വ്യത്യാസവും ഇവര്‍ തമ്മില്‍ ഇല്ല.
ഇരു വിഭാഗത്തിലെയും നേതൃത്വം സ്വന്തം സ്ഥാനങ്ങള്‍ സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ സാധാരണ വിശ്വാസിയുടെ സമാധാന ജീവിതമാണ് തകര്‍ക്കുന്നത്. 2017ലെ സുപ്രീം കോടതി വിധിപ്രകാരം പള്ളികള്‍ പിടിച്ചെടുത്ത് തരണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം സര്‍ക്കാരിനോടും കോടതിയോടും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. തങ്ങളുടെ പള്ളികള്‍ സംരക്ഷിക്കാന്‍ ചര്‍ച്ച് ആക്ട് നിയമം കൊണ്ടുവരണമെന്ന് യാക്കോബായ വിഭാഗവും ആവശ്യപ്പെടുന്നു. ഒരു വിഭാഗത്തെ നിയമ നിര്‍മാണം നടത്തുമെന്നു പറഞ്ഞ് പേടിപ്പിച്ച് കൂടെ നിര്‍ത്താനും മറു വിഭാഗത്തെ നിയമം നിര്‍മിക്കുമെന്ന് ഉറപ്പു നല്‍കി കൂടെ നിര്‍ത്താനും മാത്രമാണ് സര്‍ക്കാര്‍ താല്‍പര്യം കാട്ടിയിട്ടുള്ളു എന്ന് ഇരുപക്ഷവും ആരോപിക്കുന്നു.
ഇപ്പോള്‍ സ്ഥിതിഗതികള്‍ ഗുരുതരമാണ്. കാരണം യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികള്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം ഈ മാസം 8-ാം തീയതിക്കകം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഏറ്റെടുത്ത് കൈമാറണം. എന്നാല്‍ അത് എളുപ്പമല്ല. ഭൂരിപക്ഷം വരുന്ന യാക്കോബായ വിഭാഗം പള്ളിക്കുള്ളില്‍ നില ഉറപ്പിച്ചിരിക്കുകയാണ്. വിശ്വാസികളെ ബലപ്രയോഗത്തിലൂടെ പുറത്താക്കരുതെന്ന കോടതി വിധി ഉള്ളതിനാല്‍ പൊലീസിന് ഇവരെ പുറത്താക്കാന്‍ കഴിയില്ല. സ്ത്രീകളും കുട്ടികള്‍ അടക്കമുള്ള യാക്കോബായ വിശ്വാസികളെ മറികടന്ന് പള്ളി പിടിച്ചെടുക്കാന്‍ പൊലീസിന് ഏറെ പണിപ്പെടേണ്ടി വരും.
ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേസ് ഇനി പരിഗണിക്കുന്ന ഈ മാസം എട്ടാം തീയതി കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എന്നാല്‍ വേണ്ടി വന്നാല്‍ പള്ളി ഏറ്റെടുക്കാന്‍ കേന്ദ്രസേനയെ വിളിക്കുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് കോടതി നല്‍കിയതാണ്. 2017ലെ സുപ്രീം കോടതിയുടെ സഭാ തര്‍ക്കത്തിലെ അന്തിമ വിധിപ്രകാരം കോടതികള്‍ക്കും ഈ നിലപാടെ വിഷയത്തില്‍ സ്വീകരിക്കാന്‍ കഴിയൂ. സര്‍ക്കാരിന് വേണമെങ്കില്‍ നിയമ നിര്‍മാണം ഈ വിഷയത്തില്‍ നടത്താമെന്ന് കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ ചുവട് പിടിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന സെമിത്തേരി സംരക്ഷണ ബില്‍ സഭാതര്‍ക്കത്തില്‍ ചെറിയ ആശ്വാസം നല്‍കി. മൃതദേഹം വെച്ച് വിലപേശുന്ന അവസ്ഥ മാറി. എന്നാല്‍ അതിനും പരിമിതിയുണ്ട്. ഇതിനെ മറികടക്കാന്‍ ചര്‍ച്ച് ആക്ട് കൊണ്ടുവന്നാല്‍ യാക്കോബായ സഭ ഒഴികെ മറ്റൊരു സഭയും ജസ്റ്റിസ് കെടി തോമസ് കമ്മീഷന്‍ സമര്‍പ്പിച്ച ചര്‍ച്ച് ആക്ടിനെ അനുകൂലിക്കുന്നില്ല. ചര്‍ച്ച് ആക്ട് എന്ന് മിണ്ടിയാല്‍ തന്നെ വാളെടുക്കുന്ന നിലയിലാണ് കത്തോലിക്ക സഭ. കനത്ത തിരഞ്ഞെടുപ്പ് പരാജയം ഏറ്റ സിപിഎമ്മിന് സഭകളുടെ അസം തൃപ്തി താങ്ങാനാവില്ല. അതിനാല്‍ ഈ സഭാതര്‍ക്കം കീറാമുട്ടിയായി തുടരും എന്നുറപ്പ്.
ലോകം മുഴുവനുള്ള ആകമാന വിശ്വാസികളുടെ എണ്ണം എടുത്താല്‍ ഇരു സഭകളും ചേര്‍ത്ത് 11 ലക്ഷം പേരാണ് യാക്കോബായ- ഓര്‍ത്തഡോക്സ് വിശ്വാസികള്‍. ഇതില്‍ ആറര ലക്ഷം പേര്‍ യാക്കോബായ വിഭാഗത്തിലും, നാലര ലക്ഷം പേര്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിലുമെന്നാണ് കണക്കുകള്‍. ഇത്തരത്തിലുള്ള ഒരു ചെറിയ സഭാ വിഭാഗത്തിന് 2002 ജസ്റ്റിസ് മലീമഠ് കമ്മീഷന്‍ അംഗീകരിച്ച വോട്ടേഴ്‌സ് ലിസ്റ്റ് പ്രകാരം 1664 പള്ളികള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇവയുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാല്‍ സഭാതര്‍ക്കത്തിനും, തെരുവ് യുദ്ധത്തിനും ഒട്ടും കുറവില്ല. യോജിപ്പിന്റെ ഒരു സാധ്യതയും ഇരു വിഭാഗവും മുന്‍പോട്ട് വക്കുന്നില്ല.
ഇരുവിഭാഗവും കാതോലിക്കേറ്റും മലങ്കര മെത്രാപോലീത്ത സ്ഥാനങ്ങളും ഉപേക്ഷിക്കാന്‍ തയാറല്ല. വിശ്വാസികളുടെ അനുപാതത്തേക്കാള്‍ ഭദ്രാസനങ്ങളും മെത്രാപോലീത്തമാരും ഇരു വിഭാഗത്തിനുമുണ്ട്. ഇവരൊന്നും സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്താന്‍ തയാറല്ല. അതിനാല്‍ ഈ തര്‍ക്കം തെരുവില്‍ ഇനിയും തുടരുമെന്ന് ഉറപ്പാണ്.