ശബരിമലയിലെ ഇപ്പോഴത്തെ സാഹചര്യം പ്രതീക്ഷിച്ചതല്ലെന്നും സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ഹൈക്കോടതി. എരുമേലിയിലെ നിലവിലെ അവസ്ഥ എന്തെന്നും കോടതി ചോദിച്ചു. ബുക്കിങ്ങില്ലാതെ തീര്‍ഥാടകര്‍ എങ്ങനെ എത്തുന്നുവെന്ന് ചോദിച്ച കോടതി, ബുക്ക് ചെയ്യാതെ വരുന്നവരെ കടത്തിവിടരുതെന്ന് വീണ്ടും കര്‍ശന നിര്‍ദേശവും നല്‍കി. ബുക്ക് ചെയ്യാതെ വരുന്നവരെ മടക്കിവിടാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
സ്‌പോട്ട് ബുക്കിങ് തിരക്ക് അനുസരിച്ച് നിയന്ത്രിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. ബസുകളിലേക്ക് ആളുകള്‍ ഇടിച്ചു കയറുന്നത് പോലീസ് ഇടപെട്ട് നിയന്ത്രിക്കണം.
നിലയ്ക്കലില്‍ നിന്നു പമ്പയിലേക്ക് ആളെ കയറ്റാതെ ബസുകള്‍ വിടാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ അറിയിച്ചു.
ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ശബരിമലയിലെ സുരക്ഷക്കായി മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിച്ചെന്നു പറഞ്ഞ സര്‍ക്കാരിനോട് പോലീസിന്റെ എണ്ണം കൂട്ടുന്നത് ഡിജിപിക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.
ശബരിമലയിലെ തിരക്ക് സംബന്ധിച്ച എഡിജിപിയുടെ റിപ്പോര്‍ട്ട് രണ്ട് മണിക്ക് സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.