KERALA

ഒളിവില്‍ പോവില്ലെന്ന് കെ സുധാകരൻ, കെപിസിസി അധ്യക്ഷന്റെ അറസ്റ്റിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, നാളെ കരിദിനം

സുധാകരന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ജൂണ്‍ 24ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും

വെബ് ഡെസ്ക്

മോന്‍സല്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നാളെ കരിദിനം ആചരിക്കും. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ പറഞ്ഞു. എല്ലാ ജില്ലകളിലും ബൂത്തുതലം വരെയുള്ള പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തും. എന്നാല്‍ പ്രവര്‍ത്തകര്‍ പരമാവധി സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, പോലീസിന്റെ കയ്യില്‍ തനിക്കെതിരെ തെളിവുകളില്ലെന്ന് കെ സുധാകരന്‍ പ്രതികരിച്ചു. അറസ്റ്റിന് പിന്നാലെ ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതിയില്‍ വിശ്വാസമുണ്ട്. എവിടെയും പോയി ഒളിക്കില്ലെന്നും അദ്ദേഹം മറുപടി പറഞ്ഞു. ''അവര്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ചോദ്യം ചെയ്യുകയും എനിക്ക് ജാമ്യം നല്‍കുകയും ചെയ്തു. എനിക്ക് കോടതിയില്‍ വിശ്വാസമുണ്ട്. അതുകൊണ്ട് കോടതിയില്‍ കേസ് നടക്കട്ടെ, കേസിന്റെ ഗുണവും ദോഷവും കോടതി വിലയിരുത്തട്ടെ. അതിനെല്ലാം അനുസരിച്ച് എല്ലാം ഉള്‍കൊള്ളാന്‍ എന്റെ മനസ് തയ്യാറാണ്. എന്റെ പേരില്‍ തെളിവുമുണ്ടെന്ന് പോലീസ് പറഞ്ഞിട്ടില്ല. അവര്‍ക്ക് ചില കാര്യങ്ങള്‍ അറിയണമായിരുന്നു. അതിന് അനുസരിച്ച് എന്നോട് ചോദിച്ചു. എന്താണ് ഞാന്‍ പറഞ്ഞതെന്ന് വ്യക്തമാക്കാന്‍ ഇപ്പോള്‍ സാധിക്കില്ല. പക്ഷെ എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് എന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പോലീസിന്റെ കയ്യിലില്ലെന്ന് ഇന്ന് ചോദ്യം ചെയ്തപ്പോള്‍ എനിക്ക് ബോധ്യമായി. അതുകൊണ്ട് തന്നെ ഏത് പ്രതിസന്ധിയേയും അഭിമുഖീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. ഒരിക്കലും എവിടെയും പോയി ഒളിക്കില്ല. മോണ്‍സണ്‍ മാവുങ്കലിനെ ഞാന്‍ തള്ളിപറഞ്ഞിട്ടുണ്ട്. അയാളുടെ സാംസ്‌കാരിക നിലവാരമെല്ലാം വളരെ മോശമാണെന്ന് ഞാന്‍ പറയേണ്ടയിടത്തൊക്കെ പറഞ്ഞിട്ടുണ്ട്,'' സുധാകരന്‍ പറഞ്ഞു.

രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ് കെ സുധാകരന്റെ അറസ്റ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇന്ന്, സര്‍ക്കാരിനെതിരെ നിരന്തര വിമര്‍ശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തെ കോണ്‍ഗ്രസും യു ഡി എഫും ശക്തമായി ചെറുക്കുമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഡല്‍ഹിയില്‍ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാര്‍ബണ്‍ കോപ്പിയാണ് കേരളത്തില്‍ പിണറായി ചെയ്യുന്നത്. ഭയമാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്. സര്‍ക്കാരിന്റെ അഴിമതിയും ജനവിരുദ്ധതയും ഇനിയും തുറന്ന് കാട്ടുക തന്നെ ചെയ്യുമെന്നും വിഡി സതീശന്‍ പ്രതികരിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ