പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റിവെക്കണമെന്ന ആവശ്യവുമായി പ്രാദേശിക കോണ്‍ഗ്രസ്. അയര്‍ക്കുന്നം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഈ ആവശ്യം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്. സെപ്റ്റംബര്‍ എട്ടിന് മണര്‍ക്കാട് പള്ളിയില്‍ പെരുന്നാള്‍ നടക്കുന്നത്. അന്ന് തന്നെയാണ് പുതുപ്പള്ളിയിലെ വോട്ടെണ്ണലും നിശ്ചയിച്ചിരിക്കുന്നത്. ഈ സാഹചര്യം പരിഗണിച്ച് തീയതിയില്‍ മാറ്റം വരുത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടാം തീയതി ആയിരിക്കും വോട്ടെണ്ണല്‍. അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭ മണ്ഡലങ്ങളില്‍ കൂടി പുതുപ്പള്ളിക്കൊപ്പം തിരഞ്ഞെടുപ്പ് നടക്കും. ജാര്‍ഖണ്ഡിലെ ധ്രുമി, ത്രിപുരയിലെ ബോക്‌സാനഗര്‍, ധന്‍പുര്‍, ബംഗാളിലെ ധുപ്ഗുരി, ഉത്തര്‍പ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ എന്നിവിടങ്ങളിലാണ് പുതുപ്പള്ളിക്കൊപ്പം തിരഞ്ഞെടുപ്പ് നടക്കുക.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ആവേശത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രതീക്ഷിച്ചതുപോലെ തന്നെ ഉമ്മന്‍ചാണ്ടിയുടെ പകരക്കാരനാകാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത് മകന്‍ ചാണ്ടി ഉമ്മനെ തന്നെയാണ്. അതേസമയം ഉമ്മന്‍ചാണ്ടിയോട് മത്സരിച്ച് പരാജയപ്പെട്ട ജെയ്ക്ക് സി തോമസ് തന്നെ ഇത്തവണയും എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചനകൾ.
അതേസമയം തൃക്കാക്കര തന്ത്രം പുതുപ്പള്ളിയിലും മെനയാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുള്ളത്. സഹതാപതരംഗം വോട്ടാക്കി മാറ്റാനുള്ള നീക്കം ഇതിനോടകം തന്നെ കോണ്‍ഗ്രസ് ആരംഭിച്ചു കഴിഞ്ഞു. പി ടി തോമസിന് ഒരു വോട്ട് എന്നതായിരുന്നു തൃക്കാക്കരയിലെകോണ്‍ഗ്രസിന്റെ സ്ട്രാറ്റജിയെങ്കില്‍ അതിന് സമാനമായ രീതിയിലാകും പുതുപ്പള്ളിയിലേയും തന്ത്രങ്ങള്‍. അയര്‍ക്കുന്നം ബ്ലോക്കില്‍ കെ സി ജോസഫും പുതുപ്പള്ളി ബ്ലോക്കില്‍ തിരുവഞ്ചൂരുമാണ് പ്രവര്‍ത്തനങ്ങള്‍്ക് നേതൃത്വം നല്‍കുക.