ഫോൺ ചോർത്തൽ നീക്കങ്ങളെക്കുറിച്ച് ഉപയോക്താക്കൾക്ക് ആപ്പിൾ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെ, ചാര സോഫ്റ്റ്‌വെയർ തന്നെ ലക്ഷ്യമിട്ടതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വെളിപ്പെടുത്തൽ. ആപ്പിളില്‍നിന്ന് തനിക്ക് ജാഗ്രതാ സന്ദേശം ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.
''നിങ്ങളുടെ പ്രിയപ്പെട്ട സ്‌പൈവെയറിനെ എന്റെ ഫോണിലേക്കും അയച്ചതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. നിങ്ങളുടെ ഈ പ്രത്യേക സമ്മാനത്തെക്കുറിച്ച് എന്നെ അറിയിക്കാന്‍ ആപ്പിള്‍ മനസ് കാണിച്ചിരിക്കുന്നു,'' വേണുഗോപാൽ എക്‌സില്‍ കുറിച്ചു.
ഇത് രണ്ടാം തവണയാണ് കെ സി വേണുഗോപാലിനെ ചാര സോഫ്റ്റ്‌വെയർ ലക്ഷ്യമിട്ടതായി സംശയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഫോണ്‍ ചോര്‍ത്താന്‍ ശ്രമം നടന്നതായി അദ്ദേഹത്തിന് ജാഗ്രതാ സന്ദേശം ലഭിച്ചിരുന്നു.
മോദി സര്‍ക്കാര്‍ ഭരണഘടനാവിരുദ്ധമായ, ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെടുന്നതെന്നു എക്‌സിലെ കുറിപ്പിൽ വേണുഗോപാൽ കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ പിന്തുടർന്ന് അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നു. ഭരണഘടനയ്‌ക്കെതിരായ ആക്രമണങ്ങളെയും ബിജെപിയുടെ ഫാസിസ്റ്റ് അജണ്ടയെയും ജനങ്ങള്‍ തള്ളിക്കളയുന്നുവെന്നാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം നല്‍കിയ സന്ദേശം. സ്വകാര്യതയെ തകര്‍ക്കാനുള്ള ഭരണഘടനാവിരുദ്ധമായ നടപടികള്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും വേണുഗോപാൽ കുറിച്ചു.
തന്റെ ഫോൺ ചോർത്താൻ നീക്കം നടന്നതായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി രണ്ടു ദിവസം മുൻപ് വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കെ സി വേണുഗോപാലിന്റെ ഫോണും ചോര്‍ത്തിയെന്ന ആരോപണംമുയര്‍ന്നിരിക്കുന്നത്. ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ വിവരങ്ങള്‍ ബിജെപി ചോര്‍ത്തിയെന്ന നേരത്ത ആരോപണം ശക്തമായിരുന്നു.
നേരത്ത നടന്ന സോഫ്റ്റ്‌വെയര്‍ ആക്രമണത്തിന്റെ നോട്ടിസ് അല്ലെന്നും പുതിയ ആക്രമണമാണ് നടന്നതെന്നും കെ സി വേണുഗോപാലിന് അയച്ച സന്ദേശത്തില്‍ ആപ്പിള്‍ വ്യക്തമാക്കുന്നു. നിങ്ങള്‍ ആരാണെന്നതും നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും കാരണമാകാം ഇത്തരത്തില്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ഇത്തരം ആക്രമണങ്ങളെ പൂര്‍ണമായി നേരിടാന്‍ സാധിക്കില്ലെന്നും ഈ മുന്നറിയിപ്പ് ഗൗരവമായി എടുക്കണമെന്നും ആപ്പിള്‍ മുന്നറിയിപ്പില്‍ പറയുന്നു.