എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ അജണ്ടയ്ക്ക് അനുസരിച്ച് കാര്യങ്ങള്‍ വരുതിയിലാക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ്. സിപിഎമ്മിന്റെ ഭാവനയ്ക്ക് അനുസരിച്ച് യൂത്ത് കോണ്‍ഗ്രസുകാരെ പ്രതികളാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കസ്റ്റഡി വാര്‍ത്തയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് യുത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത വിവരം മാധ്യമങ്ങളില്‍ നിന്നറിഞ്ഞു. ഭാവനയ്ക്ക് അനുസരിച്ച് യൂത്ത് കോണ്‍ഗ്രസുകാരെ പ്രതികളാക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. ആക്രമണം നടത്തിയത് യൂത്ത് കോണ്‍ഗ്രസുമായി ബന്ധപ്പെട്ടവരാണ് എന്ന ഒരു ചെറിയ സുചനയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇത്രയും കാലം സര്‍ക്കാര്‍ കാത്തിരിക്കില്ലായിരുന്നു.
ഇപ്പോള്‍ നടക്കുന്നത് ആക്രമണം യൂത്ത് കോണ്‍ഗ്രസിന് മേല്‍ കെട്ടിവയ്ക്കാനുള്ള നീക്കങ്ങളാണെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിളിച്ച് നിങ്ങളാണ് പ്രതിയെന്ന് സൂചിപ്പിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. സിപിഎമ്മിന്റെ അജണ്ടയ്ക്ക് അനുസരിച്ച് കാര്യങ്ങള്‍ വരുതിയിലാക്കാന്‍ പോലീസ് ശ്രമിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ ലഭിക്കുന്ന ജനപിന്തുണ കണ്ട് ഭയന്നുള്ള നീക്കങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും എന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.
കേസന്വേഷണത്തില്‍ നീതിയും സത്യവും പുറത്ത് വരണം. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുള്ള ആയുധങ്ങളാവരുത് അന്വേഷണം. കെപിസിസി ഓഫീസ് ആക്രമണത്തില്‍ അന്വേഷണം നിലച്ചെന്നും ഷാഫി കുറ്റപ്പെടുത്തി.
അതേസമയം ജിതിന് കേസുമായി ബന്ധമില്ലെന്നും സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ കസ്റ്റഡിയെ കാണാനാകൂവെന്നും വി ടി ബൽറാം പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് നേരത്തെ നാല് തവണ ജിതിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും തെളിവ് ലഭിക്കാത്തതിനെ തുടർന്ന് പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ജിതിന് ഡിയോ സ്കൂട്ടറില്ല. സംഭവവുമായി മറ്റ് ബന്ധവുമില്ല. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ ജനബാഹുല്യം കണ്ടിട്ടുള്ള അസ്വസ്ഥതയാണ് ഇപ്പോൾ കസ്റ്റഡിയിലെടുക്കാൻ കാരണമെന്നും ബൽറാം കുറ്റപ്പെടുത്തി. ജിതിൻ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ തന്നെയാണ്. ജിതിനെ ആരും തള്ളിപ്പറയുകയില്ലെന്നും വി ടി ബൽറാം വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര വിജയകരമായി മുന്നോട്ടുപോകുന്നതിനെ തകർക്കാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ നാടകം മാത്രമാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകളെന്ന് ടി സിദ്ദിഖ് പ്രതികരിച്ചു. പ്രതി വിദേശത്തേക്ക് കടന്നു എന്നാണ് പോലീസ് നേരത്തെ പറഞ്ഞത്. ഇപ്പോൾ കസ്റ്റഡിയിലെടുത്തു എന്ന് പറയുന്ന ആളുകളെ ഇതിനുമുമ്പും ചോദ്യം ചെയ്തതാണ്. കോൺഗ്രസ് പ്രവർത്തകരാണ് എകെജി സെന്റർ ആക്രമണത്തിലെ പ്രതികളെങ്കിൽ തെളിവുകൾ കൂടി പുറത്തുവിടണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു.
പോലീസ് ഇരുട്ടിൽ തപ്പുകയാണ്. രാഹുൽഗാന്ധി കേരളത്തിൽ എത്തുന്ന ദിവസം പ്രതിയെ തിരിച്ചറിഞ്ഞതായും പ്രതി വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നു എന്നുമാണ് വാർത്തകളിൽ വന്നത്. ജനകീയ മുന്നേറ്റത്തെ അപമാനിക്കാനും പുറകോട്ട് വലിക്കാനും സാധിക്കുമോ എന്ന ഭരണകൂട ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്ന വാർത്തകളെന്നും സിദ്ദീഖ് കുറ്റപ്പെടുത്തി.