വന്ദേ ഭാരത് ട്രെയിനിന് മുകളിൽ പാലക്കാട് എംപി വി കെ ശ്രീകണ്ഠന് അഭിനന്ദനം അറിയിച്ചുള്ള പോസ്റ്ററുകൾ പതിച്ച് കോൺഗ്രസ് പ്രവർത്തകർ. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ ട്രെയിനിന്റെ ജനലിൽ പോസ്റ്ററുകൾ പതിച്ചത്. പിന്നാലെ റെയിൽവേ പോലീസെത്തി പോസ്റ്ററുകൾ ഉടൻ നീക്കം ചെയ്തു. ഇതേതുടർന്ന് പോസ്റ്റർ പതിച്ച ആളുകളും പോലീസും തമ്മിൽ തർക്കമുണ്ടായി. തന്റെ അറിവോടെയല്ല പോസ്റ്റർ പതിച്ചതെന്ന് ശ്രീകണ്ഠന്‍ എം പി പ്രതികരിച്ചു. സംഭവത്തിൽ യുവമോർച്ചയുടെ പരാതിയിൽ ഷൊർണൂർ റെയിൽവേ പോലീസ് കേസെടുത്തു.
അതേസമയം, തന്റെ അറിവോടെയല്ല പോസ്റ്റർ പതിച്ചതെന്ന് ശ്രീകണ്ഠന്‍ എം പി പ്രതികരിച്ചു. ബിജെപി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നും റെയിൽവേയുടെ ഇൻറലിജൻസ് വിഭാഗം വേണമെങ്കിൽ അന്വേഷണം നടത്തട്ടേയെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. ''ബിജെപി പ്രവർത്തകരാണ് എനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നത്. സ്വന്തം പാർട്ടിയുടെ ജാള്യത മറക്കാൻ ആരോപണവുമായി ഇറങ്ങിയതാണ്. ഏതോ ആളുകൾ മഴവെള്ളത്തിൽ ഒട്ടിച്ച് എടുത്ത പടമാണ്. ഇതാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പോസ്റ്റർ ഒട്ടിച്ചത് അറിവോ സമ്മതമോ ഇല്ലാതെയാണ്. ഞാനടക്കം വിവിധ പാർട്ടികളിലെ നേതാക്കളും പോലീസും ഇന്റലിജൻസും ആർപിഎഫുമെല്ലാം സ്റ്റേഷനിലുണ്ടായിരുന്നു. അവരെയൊക്കെ മറികടന്ന് പോസ്റ്റർ ഒട്ടിച്ചു എന്നത് വ്യാജ പ്രചരണമാണ്''- ശ്രീകണ്ഠന്‍ എം പി പറഞ്ഞു.
പോസ്റ്റർ പതിപ്പിക്കാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് ഡിസിസി നേതൃത്വവും പ്രതികരിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ പ്രവൃത്തിയിൽ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമർശനമാണ് ഉയരുന്നത്. നേരത്തെ, വന്ദേ ഭാരത് ട്രെയിനിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ശ്രീകണ്ഠന്‍ എം പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷണവിന് കത്തയച്ചിരുന്നു. ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ വന്ദേ ഭാരത് ട്രെയിന്‍ തടയുമെന്നും എം പി പറഞ്ഞിരുന്നു.
സംസ്ഥാനത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസ് ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചടങ്ങുകള്‍ നിര്‍വഹിച്ചത്. ക്ഷണിക്കപ്പെട്ട അതിഥികളും വിദ്യാർഥികളുമടക്കം തിരഞ്ഞെടുക്കപ്പെട്ട നൂറുകണക്കിന് പേരാണ് ഉദ്ഘാടനച്ചടങ്ങിനെത്തിയത്. ഉദ്ഘാടന സ്പെഷല്‍ സര്‍വീസില്‍ വിദ്യാര്‍ഥികള്‍, വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയ ക്ഷണിക്കപ്പെട്ടവരാണ് യാത്ര ചെയ്തത്. കൂടാതെ വിവിധ സ്റ്റേഷനുകളിൽ ട്രെയിനിന് സ്വീകരണവുമുണ്ടായിരുന്നു.