വിഡ്ഢി ദിനത്തില്‍ കേരള വനിതാ ശിശുവികസന വകുപ്പ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത പോസ്റ്ററുകള്‍ വിവാദമായി. ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന നിയമങ്ങള്‍ എന്ന തരത്തിലായിരുന്നു പോസ്റ്ററുകള്‍. നിയമം മൂലം ശിക്ഷാര്‍ഹമായ കുറ്റങ്ങളില്‍ പലതും തെറ്റല്ല എന്ന് പറഞ്ഞുകൊണ്ട് വിഡ്ഢി ദിന പോസ്റ്റാണ് ഡബ്ല്യൂസിഡി ഉദ്ദേശിച്ചതെങ്കിലും പോസ്റ്ററുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപെടുകയും ആളുകള്‍ക്കിടയില്‍ തെറ്റിധാരണ ഉണ്ടാക്കുകയും ചെയ്തു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഡബ്ല്യൂസിഡി പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
'സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റല്ല, ഭാര്യയെ നിലയ്ക്ക് നിര്‍ത്താന്‍ ഭര്‍ത്താവിന് ബലപ്രയോഗം നടത്താം, സ്ത്രീകള്‍ക്ക് കുറവ് വേതനം കൊടുക്കന്നതില്‍ തെറ്റില്ല, കല്യാണം കഴിഞ്ഞാല്‍ സ്ത്രീകള്‍ ജോലിക്ക് പോകരുത്' എന്നിങ്ങനെയുള്ള എട്ട് പോസ്റ്ററുകളാണ് വനിതാ ശിശുവികസന വകുപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഏപ്രില്‍ഫൂള്‍ എന്ന ടാഗോടുകൂടിയാണ് പോസ്റ്റ് ചെയ്തതെങ്കിലും ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്ററുകളായതിനാല്‍ വിവാദമാവുകയായിരുന്നു.
പോസ്റ്ററുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊന്നും നിയമപരമല്ലെന്നും അങ്ങനെ ചിന്തിക്കുന്നവരുണ്ടെങ്കില്‍ വിഡ്ഢികളാണെന്നുമാണ് വനിതാ ശിശുവികസനവകുപ്പ് പോസ്റ്ററിലൂടെ പറയാന്‍ ശ്രമിച്ചതെങ്കിലും പോസ്റ്ററുകള്‍ ഒരോന്നായി വാട്‌സാപ്പിലും മറ്റും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ അത് ആളുകളില്‍ ആശയക്കുഴപ്പമുണ്ടാക്കി. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വനിതാ ശിശുവികസന വകുപ്പ് പോസ്റ്റ് പിന്‍വലിച്ച് തടിയൂരി.
അതേസമയം കേരള ടൂറിസം വകുപ്പും വിഡ്ഢി ദിനത്തില്‍ പ്രാങ്ക് പോസ്റ്ററുമായി എത്തി. ഹോളിവുഡ് താരങ്ങളായ ടോം ഹോളണ്ടും സെന്‍ഡയയും മൂന്നാറില്‍ നില്‍ക്കുന്ന തരത്തിലുള്ള ഫോട്ടോയാണ് ടൂറിസം വകുപ്പ് ഫോട്ടോഷോപ്പ് ചെയ്ത് ട്വിറ്ററില്‍ പങ്കുവച്ചത്. ഈ വിഡ്ഢി ദിന ട്വീറ്റിന് താഴെ നിരവധി ട്രോളുകളാണ് വന്നത്.