കോട്ടയത്തെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലും വിവാദം. ജില്ലാ പഞ്ചായത്തംഗമായ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ എതിർഗ്രൂപ്പ് അപരനെ നിർത്തിയെന്നാണ് ആക്ഷേപം. പി കെ വൈശാഖ് എന്ന യൂത്ത് കോൺഗ്രസ് നേതാവിനെതിരെയാണ് എം വൈശാഖെന്ന പേരിൽ മറ്റൊരാൾ നാമനിദേശ പത്രിക നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലേയ്ക്കുള്ള നാമനിർദേശപത്രിക സമർപ്പണം പൂർത്തിയായത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ പിന്തുണയോടെയാണ് പി കെ വൈശാഖ് മത്സരിക്കുന്നത്. നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വൈശാഖിന്റെ എതിർസ്ഥാനാർഥിയായി കെ സി ജോസഫ് വിഭാഗത്തിന്റെ പിന്തുണയിൽ ജെന്നിൻ ഫിലിപ്പാണ് മത്സരിക്കുന്നത്.
വൈശാഖിനെതിരെ മത്സരിക്കുന്ന അപരൻ എതിർ ഗ്രൂപ്പിന്റെ ആളാണെന്ന ആരോപണമാണ് ഉയരുന്നത്. പി കെ വൈശാഖ് മത്സരിക്കുന്നത് മറ്റ് ഗ്രൂപ്പുകൾക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വൈശാഖിനെതിരെ അപരനെ രംഗത്തിറക്കിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. കോൺഗ്രസിലെ തർക്കത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് പുതിയ ഗ്രൂപ്പ് യുദ്ധത്തിനാണ് കോട്ടയത്ത് കളമൊരുക്കിയിരിക്കുന്നത്.
അപര സ്ഥാനാർഥിക്കെതിരെ വൈശാഖിനൊപ്പമുള്ളവർ ഇതിനോടകം തന്നെ പരാതിയും നൽകിയിട്ടുണ്ട്. നേരത്തെ തമ്മിലടിയെ തുടർന്ന് യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനം സംസ്ഥാന നേതൃത്വം ഇടപെട്ട് നിർത്തി വച്ചിരുന്നു. കൂടാതെ ശശി തരൂരിന് വേദിയൊരുക്കിയതുമായി ബന്ധപ്പെട്ടും വലിയ തർക്കങ്ങൾ കോട്ടയത്തെ യൂത്ത് കോൺഗ്രസിലുണ്ടായിയിരുന്നു.