KERALA

കൊച്ചി അമൃതയിൽ ട്രാൻസ് വുമണിനെ കൺവെർഷൻ തെറാപ്പിക്ക് വിധേയയാക്കിയെന്ന് ആരോപണം, ഡിജിപിക്ക് പരാതി

ഡോ. ബിന്ദു മേനോന്റെ നേതൃത്വത്തിലാണ് കൺവെർഷൻ തെറാപ്പി നടത്തിയതെന്നാണ് ആരോപണം

ജിഷ്ണു രവീന്ദ്രൻ

കൊച്ചി അമൃത ആശുപത്രിയിൽ കൺവെർഷൻ തെറാപ്പിക്കു വിധേയയായി ട്രാൻസ് വുമൺ എലിഡ റൂബില്ലെ. സൈക്കോളജി വകുപ്പ് മേധാവിയായ ഡോ. ബിന്ദു മേനോന്റെ നേതൃത്വത്തിലാണ് കൺവെർഷൻ തെറാപ്പി നടത്തിയതെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് എലിഡ ഡിജിപിയ്ക്കു പരാതി നൽകി.

എലിഡ എന്ന പേരിൽ അല്ലെങ്കിലും ഈ പറയുന്ന സംഭവത്തിൽ ഒരു വ്യക്തി ചികിത്സയിലുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. എലിഡയുടെ മുമ്പത്തെ പേരായ തൗഫീഖ് എന്ന പേരിലാണോ അഡ്മിറ്റ് ചെയ്തതെന്ന് ചോദിച്ചപ്പോൾ അത് പറയാൻ സാധിക്കില്ലെന്നായിരുന്നു മറുപടി. എലിഡയെ ഇന്നലെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തെന്നും ഇപ്പോൾ അവർ ഡിസ്ചാർജായെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

തെറാപ്പിയുടെ പേരിൽ എലിഡയെ ഡോക്ടർ ഭീഷണിപ്പെടുത്തുന്നതായുള്ള ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. താൻ എലിഡയെ ഉപദ്രവിക്കില്ലെന്നും ഇവിടെ നിൽക്കാൻ താൽപ്പര്യമില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാമെന്നും പറയുന്ന ഓഡിയോ ക്ലിപ്പിൽ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുപറഞ്ഞാൽ എലിഡയെ മാനസികരോഗിയായി സാക്ഷ്യപ്പെടുത്താൻ തനിക്ക് സാധിക്കുമെന്നും ഡോക്ടർ പറയുന്നുണ്ട്.

സംഭവത്തിൽ എൻജിഒയായ ദിശ ഇടപെടുകയും നിയമപരമായ നടപടികളുമായി മുന്നോട്ടുപോവുകയും ചെയ്യുന്നുണ്ട്. സമ്മതപ്രകാരമല്ലാതെ, നിയമവിരുദ്ധമായി കഴിഞ്ഞ ദിവസങ്ങളിൽ കൺവെർഷൻ തെറാപ്പി തുടരുകയാണെന്നാണ് ഇവർ ആരോപിക്കുന്നത്.

ട്രാൻസ് വുമണായി സ്വയം തിരിച്ചറിയുന്ന താൻ ദിവസങ്ങളായി കുടുംബത്തിന്റെ ഭാഗത്തുനിന്നുള്ള പീഡനങ്ങൾക്കിരയാവുകയാണെന്ന് ആരോപിച്ച് എലിഡ ദിശവഴി കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനിലും ജില്ലാ സാമൂഹികനീതി ഓഫീസർക്കും പരാതി നൽകിയിരുന്നു. എന്നാൽ പരാതി പരിഗണിച്ചില്ലെന്ന് എലിഡ ജൂൺ 25നു ഇ മെയിൽ വഴി ഡിജിപിക്ക് അയച്ച പരാതിയിൽ പറയുന്നു.

'ദിശ'വഴി എലിഡ സംസ്ഥാന പോലീസ് മേധാവിക്കയച്ച പരാതി

മെയിൽ അയക്കുന്ന ദിവസം തന്നെ നിർബന്ധിതമായി വീട്ടുകാർ കൊച്ചിയിലെ അമൃത ആശുപത്രിയിൽ കൊണ്ടുപോയെന്നും അവിടെ വച്ച് ബലംപ്രയോഗിച്ച് തന്നെക്കൊണ്ട് സമ്മതപത്രം ഒപ്പിടീപ്പിച്ചെന്നും ഇല്ലാത്ത പ്രശ്നങ്ങൾ പറഞ്ഞ് തനിക്ക് മരുന്ന് നൽകാനും കൺവെർഷൻ തെറാപ്പിക്ക് വിധേയയാക്കാനും സാധ്യതയുണ്ടെന്നും എലിഡ എഴുതിയ ഇ മെയിലിൽ പറയുന്നു. ഇതിനുശേഷമാണ് കൺവെർഷൻ തെറാപ്പി സംബന്ധിച്ച വിവരം പുറത്തുവരുന്നത്.

എലിഡ ചെറുപ്പം മുതൽ അമൃത ആശുപത്രിയിൽ ചികിത്സ തേടുന്നതാണെന്നും എഡിഎച്ച്ഡിയാണ് അസുഖമെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. ഈ വ്യക്തി മൊബൈലിൽ കൂടുതൽ സമയം ചെലവിടുകയും പെട്ടന്ന് ദേഷ്യപ്പെടുകയും ചെയ്യുന്ന പ്രകൃതമുള്ള ആളാണെന്നും അത്തരം ശീലങ്ങൾ ചികിത്സിച്ച് മാറ്റുന്നതിനാണ് അമൃതയിലേക്കു കൊണ്ടുവന്നതെന്നും അവരുടെ ജെൻഡറുമായി ഈ ചികിത്സയ്ക്കു യാതൊരു ബന്ധവുമില്ലെന്നും അധികൃതർ പറഞ്ഞു.

കുട്ടിയെ ചികിത്സിച്ചത് ആശുപത്രിയിലെ സൈക്കോളജി വിഭാഗം മേധാവി ഡോ. ബിന്ദു മേനോൻ ആണെന്ന് പിആർഒ സ്ഥിരീകരിച്ചു. ഡോക്ടറുടേതായി പുറത്തുവന്ന എലിഡയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് ഡോക്ടർ തന്നെ മറുപടി പറയേണ്ടതാണെന്നും തങ്ങൾക്കു വിശദീകരണം നൽകാൻ സാധിക്കില്ലെന്നുമായിരുന്നു അധികൃതരുടെ പ്രതികരണം.

അമൃതയിൽ ചികിത്സയിലിരുന്ന എലിഡയെ ഇന്നലെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്‌തെന്നും ഇപ്പോൾ അവർ ഡിസ്ചാർജ് ആയെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. എൻജിഒ ആയ ദിശയുടെ പ്രവർത്തകർ ആശുപത്രിയെ സമീപിച്ച് ഈ രോഗിയെക്കുറിച്ചുള്ള വിവരങ്ങൾ തേടിയിരുന്നുവെന്നും അവർ പറഞ്ഞു.

പൊതുവെ ക്വീർ സൗഹൃദമായി നിലനിൽക്കുന്ന കൊച്ചി അമൃത ഹോസ്പിറ്റലിൽനിന്നുള്ള ഈ വാർത്ത ക്വീർ സമൂഹത്തിലുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ്. ലിംഗമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെ നടത്താൻ തയ്യാറാകുന്ന അപൂർവം ആശുപത്രികളിലൊന്നാണ് അമൃത.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം