KERALA

ഇരുട്ടടി പോലെ വിലക്കയറ്റം; പാചകവാതക വിലയില്‍ പകച്ച് കേരളം

അഖില രവീന്ദ്രന്‍

ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വില തുടര്‍ച്ചയായി ഉയരുന്നതിനിടെ പാചക വാതക വിലയിലുണ്ടായ വന്‍ വര്‍ധനയില്‍ പകച്ച് ജനങ്ങള്‍. നിലവില്‍ തന്നെ താളം തെറ്റുന്ന കുടുംബ ബജറ്റിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് ഇപ്പോഴത്തെ വില വര്‍ധനയെന്നാണ് പൊതുവെയുള്ള പ്രതികരണം. പാചക വാതകത്തിനുകൂടി വിലവര്‍ധിക്കുമ്പോള്‍ വലിയ പ്രതിഷേധങ്ങളാണ് വിവിധ മേഖലകളില്‍ നിന്നായി ഉയര്‍ന്നുവരുന്നത്.

പ്രതിമാസ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും, വാണിജ്യ സിലിണ്ടറുകള്‍ക്ക് 351 രൂപയുമാണ് മാര്‍ച്ച് ഒന്നിന് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2,124 രൂപ നല്‍കേണ്ടി വരും. നേരത്തെ 1,773 ആയിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില.

അനുദിനം പ്രതിസന്ധിയിലേക്ക് നീങ്ങുന്ന തട്ടുകട മേഖലയെ അതിന്റെ ഏറ്റവും മോശം അവസ്ഥയിലേക്ക് പുതിയ സാഹചര്യം കൊണ്ടെത്തിക്കും

പാചകവാതകത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന ഇടത്തരം കുടുംബങ്ങളില്‍ പോലും 14.2 കിലോ ഗ്രാം വരുന്ന ഗാര്‍ഹിക സിലിണ്ടര്‍ ഒരു മാസമാണ് ഉപയോഗിക്കാന്‍ കഴിയുക. പ്രതിവര്‍ഷം പത്ത് സിലിണ്ടര്‍ എന്ന നിലയില്‍ ഉപയോഗിച്ചാല്‍ പോലും പ്രതിവര്‍ഷം 500 രൂപ അധിക ചെലവ് ഈ ഇനത്തില്‍ മാത്രം വരും. ഇതിന് പുറമെ സര്‍വീസ് ചാര്‍ജ്ജുള്‍പ്പെടെ വരുമ്പോള്‍ ചെലവ് വീണ്ടും ഉയരും.

കുടുംബങ്ങളില്‍ ഇതാണ് സ്ഥിതിയെങ്കില്‍ നഗരങ്ങളില്‍ താമസിച്ച് പഠിക്കുകയും, ചെറിയ ജോലികള്‍ ചെയ്തും വരുന്ന ബാച്ചിലേഴ്സിന്റെ ജീവിതത്തെയും പുതിയ വില വര്‍ധന വലിയ തോതില്‍ ബാധിക്കും. സ്വകാര്യ ഗ്യാസ് ഏജന്‍സികളെ ഉള്‍പ്പെടെ ആശ്രയിക്കുന്ന ഇത്തരക്കാര്‍ക്ക് ഇനി ഒരു സിലിണ്ടര്‍ റീഫില്‍ ചെയ്തു ലഭിക്കാന്‍ ഇരുന്നൂറോളം രൂപ അധികമായി നല്‍കേണ്ടിവരുന്ന നിലയും ഉണ്ടാകാനിടയുണ്ട്.

നഗരങ്ങളില്‍ ജീവിക്കുന്നവരുടെ പ്രധാന ആശ്രയമായ തട്ടുകടകളെയും പാചകവാത വില വര്‍ധന വലിയ തോതില്‍ പ്രതികൂലമായി ബാധിക്കും.

നഗരങ്ങളില്‍ ജീവിക്കുന്നവരുടെ പ്രധാന ആശ്രയമായ തട്ടുകടകളെയും പാചകവാത വില വര്‍ധന വലിയ തോതില്‍ പ്രതികൂലമായി ബാധിക്കും. അനുദിനം പ്രതിസന്ധിയിലേക്ക് നീങ്ങുന്ന തട്ടുകട മേഖലയെ അതിന്റെ ഏറ്റവും മോശം അവസ്ഥയിലേക്ക് പുതിയ സാഹചര്യം കൊണ്ടെത്തിക്കുമെന്നാണ് വ്യാപാരി വ്യവസായി സമിതിയുടെ അനുബന്ധ സംഘടനയായ ഫാസ്റ്റ് ഫുഡ് ഡോണേഴ്‌സ് സമിതിയുടെ നിലപാട്.

ചെലവ് എത്രകണ്ട് വര്‍ധിച്ചാലും തൊഴിലാളികള്‍ക്ക് നല്‍കേണ്ട വേതനത്തിലോ ഭക്ഷണത്തിന്റെ വിലയിലോ ഒരു മാറ്റവും കൊണ്ടുവരാന്‍ കഴിയാത്ത മേഖലയാണ് തട്ടുകടകള്‍. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോ വരുന്ന ഗ്യാസ് സിലിണ്ടറുകളാണ് തട്ടുകടകളില്‍ ഉപയോഗിക്കുന്നത്. 19 കിലോ വരുന്ന ഒരു സിലിണ്ടര്‍ തട്ടുകളില്‍ മൂന്ന് ദിവസത്തോളം മാത്രമാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ഒരു മാസം ഏകദേശം 15 കുറ്റിയോളം ഉപയോഗിക്കേണ്ടിവരുന്നു. പുതിയ വില പ്രകാരം 2124 രൂപ ഒരു സിലിണ്ടറിന് നീക്കിവയ്ക്കേണ്ടി വരുമ്പോള്‍ ഒരു മാസം ഏകദേശം 31,860 രൂപ പാചക വാതകത്തിന് മാത്രം ചിലവിടേണ്ടിവരുന്നു. ലഭിക്കുന്ന തുച്ഛമായ ലാഭത്തില്‍ വലിയൊരു പങ്ക് ഇതിനായി നീക്കിവയ്ക്കേണ്ടി വരും. ഫാസ്റ്റ് ഫുഡ് ഡോണേഴ്‌സ് സമിതി ജില്ലാ പ്രസിഡന്റ് രമപുത്രന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു.

ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിനിടയില്‍ 350 രൂപ ഒരു സിലിണ്ടറിന് വില മാറുമ്പോള്‍ ജനങ്ങളുടെ ജീവിതം തന്നെ താളം തെറ്റിക്കുമെന്ന് ഫാസ്റ്റ് ഫൂഡ് ഓണേഴ്‌സ് സമിതി ജില്ല സെക്രട്ടറി ഒഎ ഷാഹുല്‍ ഹമീദും ചൂണ്ടിക്കാട്ടുന്നു. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 650 രൂപയായിരുന്നു ഒരു ഗ്യാസ് സിലിണ്ടറിന് വില. വില വര്‍ധനയോടെ 2,250 രൂപയോളമാണ് നിലവില്‍ പാചക വാതകത്തിന് വരുന്നത്. ചെലവ് എത്ര കൂടിയാലും ഭക്ഷണത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തട്ടുകടകള്‍ക്ക് സാധിക്കില്ല. വല്ലാത്ത ദുരിതത്തിലാണ് തട്ടുകട തൊഴിലാളികള്‍. തിരുവനന്തപുരത്തെ സമയക്രമം തന്നെ ബുദ്ധിമുട്ടിലാക്കിയ തട്ടുകട തൊഴിലാളികള്‍ക്ക് വീണ്ടും ഇരുട്ടടി പോലെയാണ് ഈ വിലവര്‍ധനവ് ബാധിച്ചിരിക്കുന്നത്. വിലക്കയറ്റം ഉണ്ടാക്കുന്ന പ്രതിസന്ധിയില്‍ തങ്ങള്‍ക്ക് പ്രതിഷേധത്തേക്കാള്‍ ഉപരി സങ്കടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയിലാക്കുന്ന വിലക്കറ്റം തുടരുമ്പോള്‍ പാചകവാത വിലകൂടി ഉയരുന്നത് ആശങ്കകള്‍ക്ക് വഴിവയ്ക്കുകയാണ് എന്നാണ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍ അസോസിയേഷന്‍

കോവിഡ് കാലത്ത് ആരംഭിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പാടുപെടുന്ന ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയിലാക്കുന്ന വിലക്കറ്റം തുടരുമ്പോള്‍ പാചകവാത വിലകൂടി ഉയരുന്നത് ആശങ്കകള്‍ക്ക് വഴിവയ്ക്കുകയാണ് എന്നാണ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍ അസോസിയേഷന്റെ നിലപാട്. ഒരു സിലിണ്ടര്‍ ഗ്യാസിന് 2300-2400 രൂപ എന്ന നിലയിലേക്ക് വിലയെത്തുമ്പോള്‍ മുന്നോട്ട് പോവാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഇന്ധനവിലയിലെ പ്രതിഷേധം എന്ന നിലയില്‍ ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നതിലേക്ക് തിരിയേണ്ടിവരും. ഇത് സംബന്ധിച്ച തീരുമാനം നാളെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടാകും. മുന്‍പോട്ട് പോവാന്‍ നിവര്‍ത്തിയില്ലാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ ഹോട്ടലുകളെന്നും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍ അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍ഡ് മധുസൂധനന്‍ നായര്‍ വ്യക്തമാക്കി.

പാചക വാതക വിലക്കയറ്റത്തില്‍ ആശങ്കയിലാണ് സംസ്ഥാനത്തെ ഹൗസ് ബോട്ട് ഉടമകളും

പാചക വാതക വിലക്കയറ്റത്തില്‍ ആശങ്കയിലാണ് സംസ്ഥാനത്തെ ഹൗസ് ബോട്ട് ഉടമകളും. കേരളത്തിലെ ടൂറിസം മേഖലയുടെ അവിഭാജ്യ ഘടകമാണ് ഹൗസ് ബോട്ടുകള്‍. നിലവില്‍ ആഭ്യന്തര ടൂറിസമാണ് ഹൗസ് ബോട്ടിങ് മേഘലയിയില്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ ടൂറിസ്റ്റുകളില്‍ നിന്ന് കൂടുതല്‍ പണമീടാക്കാനും സാധിക്കാത്ത അവസ്ഥയാണ് എന്നും ഓള്‍ കേരള ഹൗസ് ബോട്ട ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെവിന്‍ റൊസാരിയോ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു. ഇന്ധന വിലവര്‍ധനവ് ടൂറിസം രംഗത്തെ പ്രതിസന്ധിയിലെത്തിച്ചു കഴിഞ്ഞു. ഈ പ്രതിസന്ധിഘട്ടത്തില്‍ പാചകവാതക സിലിണ്ടറിന് കൂടി വിലവര്‍ധിക്കുമ്പോള്‍ അത് വിനോദ സഞ്ചാര മേഖലയെ പ്രതികൂലമായാണ് ബാധിക്കുക.

സാധനങ്ങളുടെ വില കൂടുകയും ഭക്ഷണത്തിന് വിലവര്‍ധിപ്പിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. ഒരു ബെഡ്‌റൂം ബോട്ടാണെങ്കില്‍ ഏകദേശം നാല് സിലിണ്ടര്‍ ഒരു മാസത്തില്‍ ഉപയോഗിക്കേണ്ടതായി വരും. 2 ബെഡ്‌റൂം മുതല്‍ 10 ബെഡ്‌റൂം വരെയുള്ള ബോട്ടുകളുണ്ട്. നിലവില്‍ ഭക്ഷണത്തിന്റെ വില 25 ശതമാനമെങ്കിലും കൂട്ടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അതിന് ടൂറിസം വകുപ്പിന്റെ അനുമതി വേണം, ഇതുനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും കെവിന്‍ റൊസാരിയോ വ്യക്തമാക്കി

അതേസമയം, ഗാര്‍ഹിക വാണിജ്യ പാചക വാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നയപടിയ്ക്കെതിരായ ശക്തമായ പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു. ഗാര്‍ഹിക പാചകവാതകവില ഇന്ന് മുതല്‍ വീണ്ടും 50 രൂപ വര്‍ധിപ്പിച്ച കേന്ദ്ര നടപടിയെ സിപിഎം പോളിറ്റ് ബ്യൂറോ അപലപിച്ചു. എല്ലാ ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വില തുടര്‍ച്ചയായി ഉയരുമ്പോള്‍ ഈ വര്‍ധനവ് ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരമാണെന്ന് സിപിഎം ആരോപിച്ചു. വില വര്‍ധനയോടെ, കൂടുതല്‍ ആളുകള്‍ സബ്‌സിഡിയുള്ള പാചക വാതക സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കും.

ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ളവരില്‍ 10 ശതമാനത്തിലധികം പേര്‍ കഴിഞ്ഞ വര്‍ഷം റീഫില്‍ സിലിണ്ടറുകളൊന്നും തന്നെ എടുത്തിട്ടില്ല. ഏകദേശം 12 ശതമാനം പേര്‍ ഒരു റീഫില്‍ മാത്രമാണ് എടുത്തത്. ആവശ്യമായ വാര്‍ഷിക ശരാശരി ഏറ്റവും കുറഞ്ഞത് 7+ സിലിണ്ടറുകള്‍ ആണെന്നിരിക്കെ 56.5 ശതമാനം പേരും നാലോ അതില്‍ കുറവോ റീഫില്ലുകള്‍ മാത്രമേ എടുത്തിട്ടുള്ളൂ. പ്രതിവര്‍ഷം 12 സിലിണ്ടറുകളുടെ അവകാശം ഉണ്ടെന്നിരിക്കെയാണ് ഇത്. വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില ഈ വര്‍ഷം രണ്ടാം തവണയാണ് വര്‍ധിപ്പിക്കുന്നത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, പണപ്പെരുപ്പം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ ക്രൂരമായ വര്‍ധനവ്. ഈ വര്‍ധനവ് ഉടന്‍ പിന്‍വലിക്കണം. വില വര്‍ധനയ്ക്ക് എതിരെ പ്രതിഷേധം ഉയര്‍ന്നുവരണം എന്നും സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും