KERALA

കണ്ണാണ് കരളാണ് അച്ഛൻ; പിതാവിന് കരള്‍ നല്‍കാന്‍ 17കാരിക്ക് ഹൈക്കോടതിയുടെ അനുമതി

ദേവനന്ദയെപ്പോലെ ഒരു മകളെ ലഭിച്ചതില്‍ മാതാപിതാക്കള്‍ അനുഗ്രഹീതരാണെന്ന് കോടതി

വെബ് ഡെസ്ക്

രോഗിയായ അച്ഛന് കരൾ പകുത്ത് നൽകാൻ ഒടുവിൽ ദേവനന്ദയ്ക്ക് കോടതി അനുമതി നൽകി. ചികിത്സയിലുള്ള തൃശൂര്‍ കോലഴിയില്‍ പി ജി പ്രതീഷിന് കരൾ പകുത്ത് നൽകുന്നതിനാണ് മകള്‍ ദേവനന്ദയ്ക്ക് ഹൈക്കോടതി അനുമതി നൽകിയത്. ദാതാവിന് വേണ്ടിയുള്ള അന്വേഷണത്തില്‍ മറ്റു കുടുംബാംഗങ്ങളുടെ ആരുടെയും കരള്‍ അനുയോജ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് 17 വയസ്സുകാരിയായ മകള്‍ ദേവനന്ദയുടെ കരള്‍ അനുയോജ്യമാണെന്ന് കണ്ടെത്തിയത്. എന്നാല്‍ ദേവനന്ദയ്ക്ക് 18 വയസ് തികയാത്തതിനാൽ കുട്ടിയില്‍ നിന്നും അവയവം സ്വീകരിക്കാന്‍ നിയമ തടസമുണ്ടായിരുന്നു. തുടര്‍ന്ന് ദേവനന്ദ നല്‍കിയ റിട്ട് ഹര്‍ജിയിന്‍മേലാണ് അനുകൂല വിധിയുണ്ടായത്.

അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി ദേവനന്ദ മാറുകയാണ്

ഈ ചെറിയ പ്രായത്തിലും കരള്‍ പകുത്ത് നല്‍കാന്‍ തീരുമാനമെടുത്ത ദേവനന്ദയുടേത് ശക്തമായ പിതൃസ്‌നേഹവും അസാമാന്യമായ നിശ്ചയദാര്‍ഢ്യവുമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി ദേവനന്ദ മാറുകയാണ്. കെ സോട്ടോയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നടപടിക്രമങ്ങള്‍ വേഗത്തിലാക്കി വളരെ വേഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോടതി ഉത്തരവ് ലഭിച്ച ശേഷം കേവലം 48 മണിക്കൂറില്‍ വിദഗ്ധ സമിതിയെ രൂപീകരിക്കുകയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ദേവനന്ദയെ പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്തതായും മന്ത്രി പറഞ്ഞു.

ഗുരുതര കരള്‍ രോഗം കാരണം പ്രതീഷിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് സാധ്യമായ ചികിത്സ എന്ന് ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ദേവനന്ദ കോടതിയെ സമീപിച്ചത്. കോടതിയുടെ നിര്‍ദേശ പ്രകാരം കെ-സോട്ടോ അടിയന്തരമായി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കൂടുതല്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് പരിചയമുള്ള രണ്ടു വിദഗ്ധരെയും ദേവനന്ദ എന്ന കുട്ടി മൈനര്‍ ആയതിനാല്‍ കുട്ടിയുടെ തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണോയെന്ന് ശാസ്ത്രീയമായി വിലയിരുത്തുന്നതിനായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെക്കൂടി ഉള്‍പ്പെടുത്തി വിദഗ്ദ്ധ സമിതി വിപുലീകരിക്കുകയും ചെയ്തു.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ പരിശോധനയില്‍ കരള്‍ പകുത്ത് നല്‍കുന്നതിനുള്ള തീരുമാനം സ്വന്തം നിലയിലാണെന്ന് കണ്ടെത്തി. അതേസമയം പ്രതീഷിന് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് പ്രതിവിധിയെന്ന് വിദഗ്ധ സമിതിയും കണ്ടെത്തി. പൂര്‍ണ അറിവോടും സമ്മതത്തോടെയുമുള്ള ദേവാനന്ദയുടെ സന്നദ്ധതയെ 18 വയസ് തികയാന്‍ കേവലം 5 മാസം വേണമെന്ന കാരണത്താല്‍ നിഷേധിക്കണമെന്നില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്.

ദേവനന്ദയെപ്പോലെ ഒരു മകളെ ലഭിച്ചതില്‍ മാതാപിതാക്കള്‍ അനുഗ്രഹീതരാണെന്ന് കോടതി

നിയമപരമായി വന്നുചേര്‍ന്ന പ്രതികൂല സാഹചര്യങ്ങളെ സധൈര്യത്തോടെയും ധീരതയോടും നേരിട്ട് തന്റെ പ്രിയ പിതാവിന് ജീവന്റെ ഒരു ഭാഗം പകുത്ത് നല്‍കുന്നതിന് കാണിച്ച സന്നദ്ധതയെ കോടതി അഭിനന്ദിച്ചു. ദേവനന്ദയെപ്പോലെ ഒരു മകളെ ലഭിച്ചതില്‍ മാതാപിതാക്കള്‍ അനുഗ്രഹീതരാണെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. കോടതിയുടെ നിര്‍ദേശങ്ങളെ അനുസരിച്ച് അതിവേഗത്തില്‍ പ്രതികരിച്ചതിനും കോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ വളരെ പെട്ടന്ന് സമര്‍പ്പിച്ചതിനും മെഡിക്കൽ ബോർഡ് അതോറിറ്റിയെ കോടതി പ്രത്യേകം അനുമോദിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ