സിറാജ് യൂണിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യപിച്ച് വാഹനമിടിച്ച കൊന്ന കേസിലെ മുഖ്യപ്രതി ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഡിസംബര്‍ 11 ന് ഹാജരാകാന്‍ തലസ്ഥാനവിചാരണ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ പി അനില്‍കുമാറാണ് ഉത്തരവിട്ടത്. നേരത്തെ കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജിയുമായി ചെന്ന ശ്രീറാമിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി കോടതി വിളിച്ചു വരുത്തുന്നത്. 2023 ആഗസ്റ്റ് 25 നാണ് കേസില്‍ ശ്രീറാമിനെതിരെ നരഹത്യകുറ്റം നിലനില്‍ക്കുമെന്നും വിചാരണ നേരിടണമെന്നും സുപ്രീം കോടതി ഉത്തരവിട്ടത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന വാദം തള്ളിക്കൊണ്ടായിരുന്നു പരമോന്നത് കോടതിയുടെ ഇടപെടല്‍.
സമാനമായ നിലപാട് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരായി ചുമത്തിയ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്ന് കോടതിയില്‍ ബോധിപ്പിച്ച ശ്രീറാം നരഹത്യക്കുറ്റം ചുമത്താനുള്ള തെളിവില്ല എന്നതായിരുന്നു ഉന്നയിച്ച പ്രധാന വാദം. കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ തന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നും, സാധാരണ മോട്ടോര്‍ വാഹന വകുപ്പ് നിയമ പ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നുമുള്ള വാദമാണ് ശ്രീറാം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഉന്നയിച്ചത്. വേഗത്തില്‍ വാഹനമോടിച്ചു എന്നുള്ളതുകൊണ്ട് അത് നരഹത്യ കേസാവില്ലെന്നന്നും ശ്രീറാം കോടതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തുടര്‍ന്ന് സാഹചര്യത്തെളിവുകള്‍, സാക്ഷി മൊഴികള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ നരഹത്യക്കുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. തെളിവുകള്‍ നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് വിചാരണ ഘട്ടത്തിലാണ്. ഇത് വിചാരണ നടക്കേണ്ട കേസാണെന്നും കോടതി നിരീക്ഷിച്ചു. ശ്രീറാം വെങ്കിട്ടരാമിനെതിരായ നരഹത്യക്കുറ്റം നേരത്തെ തിരുവനന്തപുരം ജില്ലാ സെഷന്‍ കോടതി റദ്ദാക്കിയിരുന്നു.
ശ്രീറാം വെങ്കിട്ട രാമനെതിരെ ചുമത്തിയ നരഹത്യക്കുറ്റം നിലനില്‍ക്കില്ലെന്നും കൃത്യ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ പോകാതെ ബശീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചതിനാല്‍ ഉപേക്ഷയാലുള്ള മരണം സംഭവിപ്പിക്കല്‍ കുറ്റം (ഐ പി സി 304 എ) നിലനില്‍ക്കുമെന്നുമായിരുന്നു സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍. ശ്രീറാം വെങ്കിട്ട രാമന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നായിരുന്നു നരഹത്യാക്കുറ്റം ഒഴിവാക്കി വാഹനാപകടം മാത്രമാക്കി സെഷന്‍ കോടതി വിധിച്ചത്. എന്നാല്‍ ഇതിനെതിരെ റിവ്യൂ ഹര്‍ജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക് എത്തുകയായിരുന്നു. അതേസമയം കേസിലെ രണ്ടാം പ്രതിയായ വഫ ഫിറോസിനെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വഫ ഫിറോസ് നല്‍കിയ ഡിസ്ചാര്‍ജ് പെറ്റീഷന്‍ അംഗീകരിച്ചായിരുന്നു കോടതി ഇടപെടൽ.