പെരിയ ഇരട്ടക്കൊലപാതക കേസിലെ രണ്ട് പ്രധാന സാക്ഷികൾക്ക് പോലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവ്. സിപിഎം പ്രവർത്തകർ പ്രതിയായ കേസിലെ നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തുവെന്ന പരാതിയിലാണ് സിബിഐ പ്രത്യേക കോടതി വയനാട് പോലീസ് മേധാവിക്ക് നിർദേശം നൽകിയത്.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. 24 പ്രതികളാണ് കേസിലുള്ളത്. കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈ ക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 2019 സെപ്റ്റംബറില്‍ പൊലീസിന്റെ കുറ്റപത്രം റദ്ദാക്കി ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും കേസ് സിബിഐയ്ക്ക് തന്നെ വിടുകയായിരുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു
സിപിഎം പ്രാദേശിക നേതാവ് എ പീതാംബരനാണ് ഒന്നാം പ്രതി. ഉദുമ മുൻ എംഎൽഎയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ വി കുഞ്ഞിരാമനെയും പ്രതിചേർത്തിരുന്നു. കൊലപാതകം, ഗൂഢാലോചന, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിരോധന നിയമം തുടങ്ങി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആയുധ നിരോധന നിയമം, പ്രതികള്‍ക്ക് സംരക്ഷണം നല്‍കല്‍ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ടു. കൊച്ചിയിലെ സിബിഐ കോടതിയിൽ വിസ്താരം നടന്നുകൊണ്ടിരിക്കെയാണ് സാക്ഷികൾ ഭീഷണിയുണ്ടന്ന കാര്യം കോടതിയെ അറിയിച്ചത്.