KERALA

ക്രൈം നന്ദകുമാറിന്റെ പരാതി : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും ഡി ജി പിക്കും എതിരെ കേസ്

കോടതി ചുമത്തിയത് മോഷണ കുറ്റം അടക്കമുളള കുറ്റങ്ങൾ

ദ ഫോർത്ത് - തിരുവനന്തപുരം

ക്രൈം പത്രാധിപർ നന്ദകുമാറിന്റെ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, അഗ്‌നി ശമന രക്ഷാസേന ഡി ജി പി കെ പത്മകുമാർ, ഔഷധി ചെയർ പേഴ്സണും മുൻ എം എൽ എയുമായ ശോഭന ജോർജ്ജ് എന്നിവർക്കെതിരെ മോഷണ കുറ്റം അടക്കമുളള കുറ്റങ്ങൾ ചുമത്തി കോടതി കേസ് എടുത്തു. ചീഫ് ജുഢീഷ്യൽ മജിസ്ട്രേറ്റ് ഷിബു ഡാനിയേലാണ് കേസ് എടുത്തത്. പ്രതികളോട് മേയ് 31 ന് ഹാജരാകാൻ നിർദ്ദേശിച്ച് കോടതി സമൻസ് അയച്ചു.

മോഷണ കുറ്റത്തിന് പുറമെ പ്രതികൾക്കെതിരെ അന്യായമായി തടങ്കലിൽ വയ്ക്കൽ, ഭീഷണിപ്പെടുത്തൽ,വ്യാജ തെളിവ് നൽകൽ, ഇലക്ട്രോണിക്സ് തെളിവുകൾ നശിപ്പിക്കൽ, അന്യായമായി അതിക്രമിച്ച് കടക്കൽ, നാശനഷ്ടം ഉണ്ടാക്കൽ, നിയമ വിരുദ്ധ പ്രവർത്തിയാണെന്ന് അറിഞ്ഞു കൊണ്ട് നിയമം പാലിക്കേണ്ടയാൾ ഒരാളെ തടവിലാക്കൽ എന്നീ കുറ്റങ്ങളാണ് കോടതി ചുമത്തിയിട്ടുളളത്. പി ശശി, കെ പത്മകുമാർ, ശോഭന ജോർജ്ജ് എന്നിവർക്കു പുറമെ പ്രധാന മന്ത്രിയുടെ സുരക്ഷ ചുമതല ഉണ്ടായിരുന്ന അന്തരിച്ച അരുൺ കുമാർ സിൻഹയും കേസിലെ പ്രതിയാണ്.

ശോഭന ജോർജ്ജിനെതിരെ വാർത്ത പ്രസിദ്ധീകരിക്കാതിരിക്കാൻ അഞ്ച് ലക്ഷം രൂപ നന്ദകുമാർ ആവശ്യപ്പെട്ടെന്നും പണം നൽകാത്തതിനാൽ വാർത്ത പ്രസിദ്ധീകരിച്ചെന്നും ആരോപിച്ച് ശോഭന ജോർജ്ജ് നൽകിയ പരാതിയിൽ മ്യൂസിയം പോലീസ് കേസ് എടുക്കുകയും കോഴിക്കോടുളള നന്ദകുമാറിന്റെ വീട്ടിൽ നിന്ന് 1999 ജൂൺ 30 ന് രാത്രി നന്ദകുമാറിനെ അറസ്റ്റ് ചെയ്യുകയും നന്ദകുമാറിന്റെ വീടും ഓഫീസും റെയ്ഡ് ചെയ്ത് രേഖകൾ എടുത്തു കൊണ്ട് പോയി എന്നുമാണ് കേസ്.

അന്നത്തെ മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശിയുടെ സ്വാധീനത്തിലാണ് അറസ്റ്റ് നടന്നതെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. ഐസ്‌ക്രീം പാർലർ കേസ് ഒതുക്കാൻ പി ശശി ഒരു കോടി രൂപ വാങ്ങിയെന്നാരോപിച്ച് നന്ദകുമാർ വാർത്ത നൽകിയിരുന്നു. ചെങ്ങന്നൂർ എം എൽ എ ആയിരുന്ന ശോഭന ജോർജ്ജ് ചെങ്ങന്നൂർ സ്വദേശിയുടെ മകന് എഞ്ചിനീയറിംഗിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയതായും നന്ദകുമാർ വാർത്ത നൽകിയിരുന്നു.

ഇതിനു പ്രതികാരമായാണ് തന്നെ ഇരുവരും ചേർന്ന് അന്നത്തെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായ അരുൺ കുമാർ സിൻഹയെ കൊണ്ട് കേസ് എടുപ്പിച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായ കെ. പത്മ കുമാറിനെ കൊണ്ട് അറസ്റ്റ് ചെയ്ത് പീഢിപ്പിച്ചതെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. നന്ദകുമാറിനെതിരെ പോലീസ് എടുത്ത കേസ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2010-ൽ ഫയൽ ചെയ്ത കേസിൽ 14-ാം വർഷമാണ് കോടതി കേസ് എടുത്തത്. ഹർജിക്കാരന് വേണ്ടി അഭിഭാ,കരായ പുഞ്ചക്കരി രവീന്ദ്രൻ നായർ, കിരൺ പി ആർ എന്നിവർ ഹാജരായി.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍