അനധികൃത സ്വത്ത് സമ്പാദനകേസില്‍ കെ എം ഷാജിക്കനുകൂലമായ വിധിയുണ്ടായിട്ടും മുസ്ലിം ലീഗ് നേതൃത്വം തുടരുന്ന മൗനത്തിനെതിരെ അണികളില്‍ പ്രതിഷേധം ശക്തമാവുന്നു. മുസ്ലിംലീഗിന് രാഷ്ട്രീയമായി നേട്ടമാക്കാവുന്ന കോടതി ഉത്തരവ് വന്ന് ദിവസങ്ങളായിട്ടും നേതാക്കളില്‍ നിന്ന് ഒരു പ്രതികരണവും ഇല്ലാത്തതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാവുകയാണ്. ഷാജിക്ക് അനുകൂലമായ വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രാദേശികമായി പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഇങ്ങനെ പ്രകടനം നടന്നിരുന്നു. ഭാരവാഹി തിരഞ്ഞെടുപ്പിന് ശേഷവും മുസ്ലിംലീഗില്‍ പുകയുന്ന ഭിന്നത കൂടുതല്‍ രൂക്ഷമാവുമെന്നതിന്റെ സൂചനയാണ് നേതാക്കളുടെ മൗനത്തിനെതിരെ പരസ്യമാവുന്ന വിമര്‍ശനങ്ങള്‍.
പ്രതിപക്ഷത്തെ പ്രധാനനേതാക്കളെ ഭരണകൂടം വേട്ടയാടുമ്പോള്‍ ആര്‍ക്ക് വേണ്ടിയാണ് ഈ നിശബ്ദത
മുസ്ലിം ലീഗില്‍ ഏറെക്കാലമായി പി കെ കുഞ്ഞാലിക്കുട്ടിയുടെ എതിര്‍പക്ഷത്താണ് കെ എം ഷാജി. ഇവര്‍ തമ്മിലുള്ള ഭിന്നത പലപ്പോഴും പരസ്യമാവാറുമുണ്ട്. ഷാജിക്കെതിരായ ഇ ഡി നടപടി ഹൈക്കോടതി റദ്ദാക്കിയിട്ടും മുസ്ലിംലീഗ് നേതൃത്വം ഇതൊന്നും കണ്ടതായി നടിക്കുന്നില്ല. കേസ് എടുത്ത് സ്വത്ത് വകകൾ കണ്ടുകെട്ടിയ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിട്ടും ഷാജിക്കനുകൂലമായ ഒരു പ്രസ്താവനയും മുസ്ലിം ലീഗ് നേതൃത്വത്തില്‍ നിന്നുണ്ടായിട്ടില്ല.
മുസ്ലീം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം തുടങ്ങിയ നേതാക്കളൊന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പോലും ഷാജിക്ക് അനുകൂലമായ വിധിയില്‍ പ്രതികരിച്ചില്ല. എന്നാല്‍ മറ്റുവിഷയങ്ങളിലുള്ള പോസ്റ്റുകള്‍ ഈ നേതാക്കളുടെ പേജുകളില്‍ നിന്നുണ്ടാവുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ നേതൃത്വത്തിന്റെ നിലപാടിനോടുള്ള വിയോജിപ്പ് നേതാക്കളുടെ പോസ്റ്റുകള്‍ക്ക് കീഴില്‍ തന്നെ പരസ്യമാക്കുകയാണ് പ്രവര്‍ത്തകര്‍.
പ്രതിപക്ഷത്തെ പ്രധാനനേതാക്കളെ ഭരണകൂടം വേട്ടയാടുമ്പോള്‍ ആര്‍ക്ക് വേണ്ടിയാണ് ഈ നിശബ്ദത എന്നതാണ് പ്രവര്‍ത്തകര്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന ചോദ്യം. പി കെ കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റുകള്‍ക്ക് കീഴിലും ഇക്കാര്യം ഉന്നയിക്കുന്നുണ്ട്.
പിരിവും കെട്ടിടം ഉണ്ടാക്കലും റീലീഫും മാത്രമല്ല പാര്‍ട്ടി പ്രവര്‍ത്തനമെന്നും സര്‍ക്കാരിനെതിരെ മിണ്ടാന്‍ മടിക്കുന്നതെന്തുകൊണ്ടെന്നുമുള്ള വിമര്‍ശനങ്ങള്‍ പി എം എ സലാമിന്റെ പേജിലുമുണ്ട്. പി എം എ സലാം കുഞ്ഞാലിക്കുട്ടിയുടെ പാവയാണെന്ന് വരെ വിമര്‍ശനങ്ങള്‍ നീളുന്നു. പി കെ കുഞ്ഞാലിക്കുട്ടിയും പി എം എ സലാമും സര്‍ക്കാര്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കുകയാണെന്നാണ് വിമര്‍ശനങ്ങളുടെ ആകെത്തുക. ഷാജിക്ക് അനുകൂലമായ വിധിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിട്ടും മുസ്ലിം ലീഗ് മിണ്ടാത്തതെന്തെന്നും ലീഗ് പ്രതിപക്ഷത്താണെന്ന കാര്യം നേതൃത്വം മറക്കുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു.
വി ഡി സതീശനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിധി വന്നതിന് പിന്നാലെ തന്നെ പ്രതികരണവുമായെത്തിയിരുന്നു
വി ഡി സതീശനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിധി വന്നതിന് പിന്നാലെ തന്നെ പ്രതികരണവുമായെത്തിയിരുന്നു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനുണ്ടായ കടുത്ത തിരിച്ചടിയാണെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. കഴിഞ്ഞ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളുടെ കുന്തമുനയായി നിന്നതിന്‍റെ പേരില്‍ വിജിലന്‍സ് കെട്ടിച്ചമച്ചതാണ് ഷാജിക്കെതിരായ കേസ്. പിന്നീടത് ഇഡിയിലേക്ക് വിജിലന്‍സ് തന്നെ എത്തിക്കുകയായിരുന്നുവെന്നും സതീശന്‍ കുറ്റപ്പെടുത്തി.
എന്നാല്‍, മുസ്ലിം ലീഗിലെ പ്രധാന നേതാക്കളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് വിധിയില്‍ പ്രതികരണവുമായെത്തിയത്. മുനവ്വറലി തങ്ങൾ, എം കെ മുനീർ, കെ പി എ മജീദ്, പി വി അബ്ദുൽ വഹാബ് എന്നിവരാണ് ഇതില്‍ പ്രമുഖര്‍. തന്റെ പേരിൽ ഒരു മുസ്ലിം ലീഗുകാരനും തല കുനിക്കേണ്ടി വരില്ലെന്ന വാക്ക് ഷാജി പാലിച്ചെന്നായിരുന്നു മുനീറിന്റെ പ്രതികരണം.