ഭരണഘടനാപരമായ അവകാശത്തിനു വേണ്ടിയാണ് കക്ഷികള്‍ കോടതിയില്‍ വരുന്നതെന്നും നീതിയുടെ ദേവാലയമാണെങ്കിലും ദൈവങ്ങള്‍ക്ക് പകരം ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കുന്ന ജഡ്ജിമാരാണ് ഇവിടെ ഇരിക്കുന്നതെന്നും ഹൈക്കോടതി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍. തൊഴുകൈയും കണ്ണീരുമായി കോടതിയെ സമീപിച്ച ഹര്‍ജിക്കാരിയോടാണ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.
വരുന്നവര്‍ ഔചിത്യം പാലിക്കണമെന്നല്ലാതെ ഹര്‍ജിക്കാര്‍ തൊഴുകൈയോടെ വരേണ്ടയിടമല്ലിതെന്നും അദ്ദേഹം പറഞ്ഞു. പ്രാര്‍ഥാനാലയത്തില്‍ നിന്നുള്ള ശബ്ദ ശല്യത്തെക്കുറിച്ച് നല്‍കിയ പരാതിയില്‍ തുടര്‍നടപടി അറിയാന്‍ പോലീസ് സ്‌റ്റേഷനിലേക്കു വിളിച്ചതിന് ഫോണില്‍ പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞെന്ന പേരില്‍ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണശമന്നാവശ്യപ്പെട്ടാണ് ആലപ്പുഴ സ്വദേശിനിയായ അമ്പത്തിയൊന്നുകാരി കോടതിയില്‍ നേരിട്ടെത്തിയത്.
കേസ് റദ്ദാക്കിയ കോടതി ആലപ്പുഴ നോര്‍ത്ത് പൊലീസ് ഏത് സാഹചര്യത്തിലാണ് പരാതിക്കാരിക്കെതിരെ കേസെടുത്തതെന്ന് അന്വേഷിച്ച് നിയമപരമായ നടപടി സ്വീകരിക്കാന്‍ ആലപ്പുഴ എസ്.പിക്ക് നിര്‍ദേശം നല്‍കി. പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ നിന്നുള്ള ശബ്ദം അസഹ്യമായതോടെ പരാതി നല്‍കിയെന്നും തുടര്‍നടപടി അറിയാന്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറെ വിളിച്ചപ്പോള്‍ താന്‍ അസഭ്യം പറഞ്ഞെന്ന പേരില്‍ കള്ളക്കേസ് എടുത്തെന്നു ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി ഹൈക്കോടതിയില്‍ നേരിട്ട് ഹര്‍ജി നല്‍കിയത്.
2019-ലായിരുന്നു സംഭവം. ഹര്‍ജിക്കാരിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നു പറഞ്ഞ കോടതി പോലീസ് ഇന്‍സ്‌പെക്ടറെ പരാതിക്കാരി വിളിച്ച് അസഭ്യം പറയുന്ന സംഭവം സാധാരണഗതിയില്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നതാണെന്നു വിശ്വസിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി. ആളുകള്‍ പൊതുവേ പോലീസിനെ ബഹുമാനിക്കുന്നവരാണ്. അതിനാല്‍, ആരോപണം വിശ്വസനീയമല്ല. മാത്രമല്ല ഈ ഉദ്യോഗസ്ഥനെതിരെ വേറെയും പരാതികളുണ്ട്. പരാതിക്കാരിയുടെ വാദം സത്യമെങ്കില്‍ ഉദ്യോഗസ്ഥന്‍ ഇതിനുള്ള പ്രത്യാഘാതം അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.